തന്റെ ചെറുപ്പത്തില്‍ സെക്‌സ് എജ്യുക്കേഷന്റെ അഭാവം മൂലം ഉണ്ടായ ആശങ്കകളെ പറ്റി സംസാരിക്കുകയാണ് നടി മഞ്ജു പത്രോസ്. പ്രണയം തോന്നുമ്പോള്‍ തന്നെ ഗര്‍ഭിണി ആവുമെന്നാണ് അന്ന് പേടിച്ചിരുന്നതെന്നും സിനിമകളിലും അതാണ് കണ്ടിരുന്നതെന്നും മഞ്ജു പറഞ്ഞു. അന്ന് ഇതൊക്കെ അറിയാന്‍ ഗൂഗിള്‍ പോലെയുള്ള സംവിധാനങ്ങളും ഇല്ലായിരുന്നുവെന്ന് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.
‘പ്രണയം തോന്നുമ്പോള്‍ തന്നെ ഗര്‍ഭിണിയാവുമെന്നാണ് പണ്ട് വിചാരിച്ചുവെച്ചിരുന്നത്. അന്ന് സിനിമയിലും അങ്ങനെയാണ് കാണുന്നത്. രതീഷും അംബികയും പാട്ട് പാടി നടക്കുന്നു, രണ്ട് ചെമ്പരത്തി പൂ ഒന്നിക്കുന്നത് കാണിക്കുന്നു, പിന്നെ കാണുന്നത് ഏട്ടാ ഞാന്‍ ഗര്‍ഭിണി ആണെന്ന് പറഞ്ഞ് കരയുന്നതാണ്. അപ്പോള്‍ നമ്മുടെ വിചാരം സ്‌നേഹിച്ചാല്‍ ഗര്‍ഭിണിയാവുമെന്നാണ്.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ചെറുക്കനോട് ഇഷ്ടം തോന്നി. അന്ന് രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. കാരണം ഞാന്‍ ഗര്‍ഭിണി ആവുമോ എന്നാണ് എന്റെ പേടി. അതുമാത്രമല്ല, ഗര്‍ഭിണി ആവുന്നത് എന്തോ വലിയ തെറ്റാണ്, പ്രശ്‌നമാണെന്നൊക്കെയാണ് ചിന്തിക്കുന്നത്. സിനിമകളിലൊക്കെ ഗര്‍ഭിണിയാണെന്ന് പറയുമ്പോള്‍ അടിക്കുകയാണല്ലോ.
ഗര്‍ഭിണിയാണെങ്കില്‍ ചേട്ടന്‍ അടിക്കുന്നു, അച്ഛന്‍ മുടിക്കുത്തിന് പിടിച്ച് വലിക്കുന്നു, ഇങ്ങനെ ഭയങ്കര പ്രശ്‌നങ്ങളല്ലേ, ഇത് അങ്ങനെയല്ല എന്ന് മനസിലാക്കി തരുന്ന ഒന്നും അന്നില്ല. ഗൂഗിളില്ല, ഒരു ബുക്ക് വായിക്കാനില്ല, മനോരമയോ മംഗളമോ എടുത്താല്‍ അമ്മച്ചി കൈ തല്ലിയൊടിക്കും. ആര് പറഞ്ഞെടീ ഈ ബുക്ക് എടുത്ത് വായിക്കാനെന്ന് ചോദിക്കും, അതാണ് അവസ്ഥ,’ മഞ്ജു പറഞ്ഞു.
ചെറുപ്പത്തില്‍ ബോഡി ഷെയ്മിങ് നേരിട്ട അനുഭവവും മഞ്ജു പങ്കുവെച്ചിരുന്നു. ‘തെളിഞ്ഞും മറഞ്ഞും തമാശക്കും ഒക്കെ കറുപ്പിനേയും അമിത വണ്ണത്തിനേയും സ്‌കെല്‍റ്റായിരിക്കുന്നതിനേയുമൊക്കെ പലതും പറയുന്നത് കാണാം. അത് തമാശിക്കേണ്ട വിഷയമല്ല. ഞാന്‍ എന്റെ ചെറുപ്പക്കാലത്ത് ഏറ്റവും കൂടുതല്‍ കേട്ടിരിക്കുന്നത് അയ്യോ എന്നാണ്. ഞാന്‍ എവിടെ പോയാലും എന്നെ കണ്ടാല്‍ ആളുകള്‍ അയ്യോ എന്ന് പറയും. എന്റെ നിറത്തെ പറയുന്നതാണ്.
ഇങ്ങനെയുള്ള കാര്യങ്ങളില്‍ പെണ്‍കുട്ടികളാണ് ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. എന്റെ ചില ഫോട്ടോകള്‍ക്ക് താഴെ എഴുതിവെച്ചിരിക്കുന്നത് കാണാം. എങ്ങനെ നിറം വെക്കും ചേച്ചി, അതിനെന്താ ചെയ്യേണ്ടത് എന്നൊക്കെ പറയുന്നത് കാണാം. കറുപ്പ് ഒരു മോശം സംഗതിയല്ല. കറുപ്പ് നിറം മനോഹരമാണ്,’ മഞ്ജു പറഞ്ഞു.
Content Highlight: manju pathrose talks about confusion in childhood