സിനിമ സീരിയല്‍ താരം മഞ്ജു പത്രോസ് താന്‍ ഒരു നടിയാകുന്നതിന് മുമ്പുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താന്‍ അഭിനയത്തിലേക്ക് വന്നതെന്നും അതിനുശേഷമാണ് തന്റെ ജീവിതത്തില്‍ മാറ്റമുണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു.
അക്കാലത്തൊന്നും തനിക്ക് എസകലേറ്ററില്‍ പോലും കയറാന്‍ അറിയില്ലായിരുന്നു എന്നും തന്റെ പങ്കാളിയുടെ വാലില്‍ തൂങ്ങിയായിരുന്നു അന്നൊക്കെ നടന്നിരുന്നതെന്നും മഞ്ജു പറഞ്ഞു. അഭിനയം തന്റെ ജോലിയാണെന്ന തിരിച്ചറിവിലേക്ക് സ്വയം എത്തിച്ചേര്‍ന്നതിനെ കുറിച്ചും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പത്രോസ് പറഞ്ഞു.
‘2012ലാണ് ഞാന്‍ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. അവിടെ വരുന്നതിന് മുമ്പ് ഞങ്ങളുടെ വീടിന്റെ അതുവഴി പോകുന്ന രണ്ട് ബസില്‍ മാത്രമേ ഞാന്‍ കയറിയിട്ടുള്ളു. എസ്‌കലേറ്ററില്‍ പോലും കയറാന്‍ അറിയാത്ത വളരെ സാധാരണക്കാരിയായൊരു സ്ത്രീയായിരുന്നു ഞാന്‍. അതുവരെ സുനിച്ചന്റെ വാലില്‍ തൂങ്ങി മാത്രമാണ് ഞാന്‍ നടന്നിരുന്നത്.
അന്നൊക്കെ സേഫ്റ്റി പിന്‍ വാങ്ങണമെങ്കില്‍ പോലും സുനിച്ചന്‍ കൂടെ വരണമായിരുന്നു. ഒരു ദിവസം സുനിച്ചന് തിരക്കായതുകൊണ്ട് നൂക്ലിയസ് മാളില്‍ ചുരിദാര്‍ വാങ്ങിക്കാന്‍ ഞാന്‍ തനിച്ച് പോയി. അന്ന് ഞാന്‍ എന്റെയൊരു കൂട്ടുകാരിയെ വിളിച്ചെങ്കിലും അവള്‍ വന്നില്ല. ഒരു അന്യഗ്രഹജീവി കയറി പോകുന്നത് പോലെയാണ് അവിടേക്ക് ഞാന്‍ പോയത്. അവിടെ എത്തിയപ്പോള്‍ എസ്‌കലേറ്റര്‍ കണ്ടതോടെ ഞാന്‍ തിരികെ പോന്നു. അതിനകത്ത് കയറാന്‍ അറിയില്ലെന്ന് മാത്രമല്ല പേടിയുമായിരുന്നു.
പിന്നീട് മറിമായത്തിലേക്ക് അഭിനയിക്കാന്‍ വന്നപ്പോള്‍ ഞാനൊരു ആര്‍ട്ടിസ്റ്റാണെന്ന് എനിക്ക് പോലും വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. അവിടെ ഒരു സഹായത്തിനോ അല്ലെങ്കില്‍ നേരംപോക്കിനോ ആണ് എന്നെ വിളിച്ചതാണെന്നാണ് കരുതിയത്. ഇടയ്ക്ക് ചില സീനുകള്‍ ശരിയാകാതെ വരുമ്പോള്‍ ചേച്ചി അത് ഒരിക്കല്‍കൂടി എടുക്കാമെന്ന് പറയും. എന്റെ ജോലി ഇതൊന്നുമല്ലല്ലോ, എനിക്കിത് അറിയുകയുമില്ലല്ലോ എന്നാണ് ഞാന്‍ അന്ന് കരുതിയത്. പക്ഷെ അവര്‍ എനിക്ക് ശമ്പളം തരുന്നുണ്ടെന്നും ഇതാണെന്റെ ജോലിയെന്നും ഒരുപാട് മുന്നോട്ട് പോയതിന് ശേഷമാണ് എനിക്ക് മനസിലായത്,’ മഞ്ജു പത്രോസ് പറഞ്ഞു.
content highlight: manju pathrose about her life after cinema