| Saturday, 10th June 2023, 12:26 pm

ദിലീപും മഞ്ജുവും, അല്ലെങ്കില്‍ അമൃതയും ബാലയും വേര്‍പിരിഞ്ഞു, ഇതിലിത്ര ഞെട്ടാന്‍ എന്താണ് ഉള്ളത്: മഞ്ജു പത്രോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിവാഹ ബന്ധത്തെ പറ്റിയുള്ള ചര്‍ച്ചകളോടും അഭ്യൂഹങ്ങളോടും പ്രതികരിക്കുകയാണ് നടി മഞ്ജു പത്രോസ്. രണ്ട് വ്യക്തികള്‍ തമ്മില്‍ ചേരുന്നില്ലെങ്കില്‍ അവര്‍ക്ക് പരസ്പരം വേര്‍പിരിയാമെന്നുള്ളത് ഭരണഘടന അനുവദിച്ചിട്ടുള്ള ഏറ്റവും നല്ല വഴിയാണെന്നും ഇത് എവിടെയാണ് തെറ്റാവുന്നതെന്നും മഞ്ജു ചോദിച്ചു. താനും പങ്കാളി സുനിച്ചനും ഇതുവരെ ഡിവോഴ്‌സ് പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടില്ലെന്നും മറ്റുള്ളവര്‍ അതിനെ പറ്റി അറിയേണ്ട കാര്യമില്ലെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.

‘സുനിച്ചന്‍ ഷാര്‍ജയിലുണ്ട്. ഞങ്ങള്‍ തമ്മില്‍ ഡിവോഴ്‌സ് ആയിട്ടില്ല. പക്ഷേ ഭാര്യഭര്‍ത്താക്കന്മാരെ പോലെ ഞങ്ങള്‍ക്കിടയിലും ചില വഴക്കുകളും പിണക്കങ്ങളും ഉണ്ട്. അതിനര്‍ത്ഥം ഇന്നോ നാളെയോ ഞങ്ങള്‍ ഡിവോഴ്‌സ് ആകും എന്നല്ല. എപ്പോഴും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് ഡിവോഴ്‌സുകളാണ്. ദിലീപും മഞ്ജു വാര്യറും വേര്‍പിരിഞ്ഞു, അല്ലെങ്കില്‍ അമൃതയും ബാലയും വേര്‍പിരിഞ്ഞു. ഇതൊക്കെ ഇത്ര ഞെട്ടാന്‍ എന്താണ് ഉള്ളത്.

ഭരണഘടന അനുവദിച്ചിട്ടുള്ള ഏറ്റവും ഡീസന്റായിട്ടുള്ള വഴിയാണ് രണ്ട് വ്യക്തികള്‍ തമ്മില്‍ ചേരുന്നില്ലെങ്കില്‍ അവര്‍ക്ക് പരസ്പരം വേര്‍പിരിയാമെന്നുള്ളത്. ഇനി ഒരു വിവാഹത്തിന് താല്‍പര്യമുണ്ടെങ്കില്‍ ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് അതിനുള്ള സംവിധാനവും ഒരുക്കികൊടുക്കുന്നുണ്ട്. ഇത് എവിടെയാണ് തെറ്റാവുന്നത്.

ഒരു വീട്ടില്‍ രണ്ട് പേര്‍ കീരിയും പാമ്പുമായി കഴിയുന്നതിലും എത്രയോ നല്ലതാണ് രണ്ട് സുഹൃത്തുക്കളായി വീടിന് പുറത്ത് ബിഹേവ് ചെയ്യുന്നത്. കുട്ടികള്‍ക്കും നല്ലതാണ് അത്. മഞ്ജു പത്രോസും സുനിച്ചനും വേര്‍പിരിഞ്ഞാല്‍ എന്താണ്. ഒരു ഫാമിലി ഷോയിലൂടെ ഞങ്ങളെ നിങ്ങള്‍ കണ്ട് ഇഷ്ടപ്പെട്ടതാണെന്ന് ആളുകള്‍ പറയും. ആ ഫാമിലി ഷോ അവിടെ തീര്‍ന്നില്ലേ. ഇപ്പോഴും ഒരു കുടുംബ കോടതിയിലും ഒരു പെറ്റീഷനും ഞങ്ങള്‍ ഫയല്‍ ചെയ്തിട്ടില്ല.

ഞങ്ങളുടെ വിവാഹ ബന്ധം എങ്ങനെയാണെന്ന് ചുഴിഞ്ഞറിയേണ്ട കാര്യമെന്താണ്. ഞങ്ങളുടെ മുറിക്കുള്ളില്‍ എന്താണെന്നോ ഫോണില്‍ എന്താണ് സംസാരിക്കുന്നതെന്നോ എന്തിനാണ് അറിയുന്നത്? വെറുതെ അല്ല ഭാര്യ 2012ലാണ് നടക്കുന്നത്. ഇന്ന് 2023 ആയി. ഇതിനിടയില്‍ ഒരുപാട് കാലം പോയിട്ടുണ്ട്. ഒരുപാട് ശരി തെറ്റുകള്‍ നമ്മുടെ മുന്നിലൂടെ കടന്നുപോകും. ഓരോ ദിവസവും ഓരോ അനുഭവങ്ങളല്ലേ. പുതിയ പാഠങ്ങളല്ലേ പഠിക്കുന്നത്.

നമ്മള്‍ അറിഞ്ഞുവെച്ച ശരികളെല്ലാം ശരികളല്ലെന്ന് ഈ കാലഘട്ടത്തിലൂടെയേ അറിയൂ. തിരുത്താന്‍ പറ്റാത്ത രീതിയില്‍ ജീവിതം മാറിപ്പോയി എന്ന് പറയുന്ന എത്രയോ സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്തുകൊണ്ട് തിരുത്താന്‍ പറ്റുന്നില്ല, പേടി. സമൂഹത്തെ പേടിയാണ്. ജീവിക്കാന്‍ സമ്മതിക്കില്ല ഇവിടുത്തെ സമൂഹം,’ മഞ്ജു പറഞ്ഞു.

Content Highlight: manju pathrose about divorce

We use cookies to give you the best possible experience. Learn more