| Thursday, 12th January 2023, 9:01 am

നായകന്റെ നിഴലിലൊതുങ്ങുന്ന പതിവ് തെറ്റിച്ച് തുനിവ്; മാസ് ആക്ഷന്‍ മോഡില്‍ കണ്‍മണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അജിത് നായകനായ തുനിവ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു ബാങ്ക് കൊള്ളയെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. പട്ടാപകല്‍ വിനായക് മഹാദേവ് എന്ന ഗ്യാങ് ലീഡറിന്റെ നേതൃത്വത്തിലാണ് ചെന്നൈ നഗരത്തിലെ യുവര്‍ ബാങ്കില്‍ കൊള്ള നടക്കുന്നത്. തുടര്‍ന്ന് ഒരു ദിവസം കൊണ്ട് നടക്കുന്ന കഥയും അതിനിടക്കുള്ള ഫ്‌ളാഷ് ബാക്കുമാണ് ചിത്രത്തില്‍ കാണിക്കുന്നത്.

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി മഞ്ജു വാര്യറും എത്തിയിരുന്നു. കണ്‍മണി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ജീവിതത്തിലും ക്രൈമിലും വിനായകിന്റെ പാര്‍ട്ട്ണറാണ് ചിത്രത്തില്‍ കണ്‍മണി. ഡയലോഗുകളെക്കാള്‍ കൂടുതല്‍ ആക്ഷനാണ് ഈ കഥാപാത്രത്തിന് കൂടുതല്‍. തന്റെ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും സ്വാഗ് കൊണ്ടും കണ്‍മണിയെ മഞ്ജു മാസാക്കിയിട്ടുണ്ട്. ചിത്രത്തിലെ തന്റെ ആക്ഷന്‍ രംഗങ്ങളും അവര്‍ അനായാസം തന്നെ ചെയ്തിട്ടുണ്ട്.

മഞ്ജു ഈ കഥാപാത്രത്തെ ഏറ്റവും മികച്ചതായാണ് അവതരിപ്പിച്ചത്. സമീപ കാലത്ത് മലയാളത്തില്‍ വന്ന ചിത്രങ്ങളിലെ മഞ്ജു വാര്യരുടെ പ്രകടനത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കണ്‍മണി എന്ന കഥാപാത്രത്തെ വേണ്ടവിധം കറക്ട് മീറ്ററില്‍ മഞ്ജു അവതരിപ്പിച്ചിട്ടുണ്ട്.

സാധാരണ മലയാളത്തില്‍ നിന്നും ഒരു താരത്തെ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി വിളിക്കുമ്പോള്‍ അപ്രധാന കഥാപാത്രങ്ങളിലോ അല്ലെങ്കില്‍ നായക താരത്തിന്റെ നിഴലിലൊതുക്കുകയോ ചെയ്യുന്നു എന്ന വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ തുനിവില്‍ ആ പതിവ് രീതി മാറ്റിയിട്ടുണ്ട്. നായകനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രമാണ് കണ്‍മണി. തുനിവിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും മഞ്ജുവിന്റെ കണ്‍മണിക്ക് കയ്യടികള്‍ ഉയരുകയാണ്.

ധനുഷ് നായകനായ അസുരനിലൂടെയാണ് മഞ്ജു തമിഴ് സിനിമയിലേക്ക് തുടക്കം കുറിക്കുന്നത്. നിരൂപക പ്രശംസക്കൊപ്പം വാണിജ്യ വിജയവും നേടിയ അസുരനിലെ മഞ്ജുവിന്റെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. അസുരന്‍ കഴിഞ്ഞുള്ള വലിയ ഗ്യാപ്പിന് ശേഷം തമിഴിലേക്ക് വീണ്ടും ചെല്ലുന്നത് തികച്ചും വ്യത്യസ്തമായ കഥാപാത്രത്തിലൂടെയാണ്. മലയാളത്തിലെ സിനിമാ സെലക്ഷനില്‍ പോരായ്മകളുണ്ടെങ്കിലും തമിഴില്‍ തെരെഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ പേരില്‍ മഞ്ജു കയ്യടി അര്‍ഹിക്കുന്നുണ്ട്.

തുനിവ് റിലീസിന് പിന്നാലെ തന്നെ അജിത്തിന്റെ കടുത്ത ആരാധകര്‍ പോലും ചിത്രം നിരാശപ്പെടുത്തിയെന്ന് പറഞ്ഞിരുന്നു. ക്ലൈമാക്സ് കുറച്ചുകൂടി മികച്ചതാക്കാമെന്നും പ്രേക്ഷകര്‍ പറയുന്നു. കഥ പോരെങ്കിലും ആക്ഷനിലും ഡയലോഗിലും പ്രകടനത്തിലും തല സ്‌കോര്‍ ചെയ്‌തെന്നും പ്രേക്ഷകര്‍ പറഞ്ഞു.

Content Highlight: Manju has charmed Kanmani in thunivu with her screen presence and swag

We use cookies to give you the best possible experience. Learn more