|

രജനികാന്തിന്റെ ആ സിനിമ കഴിഞ്ഞാല്‍ ഉടനെ വരാനുള്ളത് കൈതി 2; അതിന് മുമ്പ് ഒരു വെടിക്കെട്ട് സര്‍പ്രൈസും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നരേന്റെ അടുത്ത സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ പങ്കാളിയായ മഞ്ചു ഹരിദാസ്. നരേന്റെ ഏറ്റവും പുതിയ സിനിമയായ ‘ക്യൂന്‍ എലിസബത്ത്’ കണ്ട് തിയേറ്ററില്‍ നിന്ന് ഇറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മഞ്ചു.

കൈതിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് എന്നാകും എന്ന ചോദ്യത്തിന് കൈതിയുടെ ഷൂട്ട് രജനികാന്തിന്റെ കൂടെയുള്ള സിനിമ കഴിഞ്ഞതിന് ശേഷമാകുമെന്നും അതിന് മുമ്പ് ഒരു ചെറിയ സര്‍പ്രൈസുണ്ടെന്നും മഞ്ചു ഹരിദാസ് പറഞ്ഞു.

അത് എന്താണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒപ്പം ജൂനിയര്‍ എന്‍.ടി.ആറിന്റെ കൂടെ നരേന്റെ വരാനിരിക്കുന്ന സിനിമയെ കുറിച്ചും സംസാരിച്ചു.

‘കൈതിയുടെ ഷൂട്ട് രജനി സാറിന്റെ സിനിമ കഴിഞ്ഞതിന് ശേഷമാണ്. അതിന് പോകും. അതിന് മുമ്പ് ഒരു ചെറിയ കാര്യം സര്‍പ്രൈസ് പോലെ വരുന്നുണ്ട്, ഒരു വെടിക്കെട്ട്. അത് എന്താണെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. നന്നാകും എന്ന് തോന്നുന്ന സിനിമ ചെയ്യും എന്നല്ലാതെ ഇത്തരം സിനിമകള്‍ മാത്രം ചെയ്താല്‍ മതിയെന്ന് കരുതുന്ന ആളാണ് നരേന്‍ എന്ന് തോന്നിയിട്ടില്ല.

മലയാളത്തില്‍ നരേന്റെ അടുത്ത പടം ഏതാണെന്ന് ചോദിച്ചാല്‍, ഉടനെ പുറത്തിറങ്ങുന്ന പടം തമിഴില്‍ ആണ്. പിന്നെ അത് കഴിഞ്ഞ് ദേവര എന്ന പടമാണ്. അതില്‍ ജൂനിയര്‍ എന്‍.ടി.ആറിന്റെ കൂടെയാണ്. മലയാളത്തില്‍ പടങ്ങള്‍ ചര്‍ച്ച നടന്ന് കൊണ്ടിരിക്കുകയാണ്,’ മഞ്ചു ഹരിദാസ് പറഞ്ഞു.

അതേസമയം, നരേന്റെ ഏറ്റവും പുതുതായി പുറത്തിറങ്ങിയ സിനിമയാണ് ‘ക്യൂന്‍ എലിസബത്ത്’. മീര ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വിധത്തില്‍ റൊമാന്റിക് കോമഡി എന്റര്‍ടൈയിനറായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

Content Highlight: Manju Haridas Talks About Narain’s Movies

Latest Stories