| Thursday, 17th February 2022, 6:35 pm

ചേച്ചിയെ കുറച്ചുകൂടി ചെറുപ്പക്കാരിയാക്കാന്‍ എന്ത് ചെയ്യും എന്നായിരിക്കും ചിന്ത, വളരെ സിമ്പിള്‍ മേക്കപ്പാണ് മഞ്ജുചേച്ചിക്കിഷ്ടം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജേഷ് നെന്മാറ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ജു വാര്യര്‍ എങ്ങനെയാണ് സൗന്ദര്യവും ചെറുപ്പവും കൈവിടാതെ സൂക്ഷിക്കുന്നതെന്ന് നമ്മളില്‍ പലരും പരസ്പരം ചോദിച്ചിട്ടുണ്ട്. പ്രായത്തെ ഗൗനിക്കാതെയുള്ള മഞ്ജു വാര്യരുടെ ഡ്രസിംഗും മേക്കപ്പും എന്നും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയമാവാറുണ്ട് താനും.

ഈയടുത്ത് താരം ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയതും ചര്‍ച്ചയായിരുന്നു.
അതിന് മുമ്പും താരത്തിനെ വ്യത്യസ്ത ഗെറ്റപ്പുകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുകയാണ് മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ രാജേഷ് നെന്മാറ.

വളരെ സിമ്പിള്‍ മേക്കപ്പ് ഇഷ്ടപ്പെടുന്ന ആളാണ് മഞ്ജു വാര്യര്‍ എന്നാണ് രാജേഷ് നെന്മാറ പറയുന്നത്. മഞ്ജു വാര്യരുടെ തിരിച്ച് വരവിനെ കുറിച്ചും ശേഷമുള്ള മേക്കപ്പിനെ പറ്റിയുമൊക്കെയാണ് നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ രാജേഷ് പറയുന്നത്.

മഞ്ജുവിന്റെ 23 വര്‍ഷം മുമ്പുള്ള ഫോട്ടോ തന്റെ കൈയിലുണ്ടെന്നും അത് കാണുമ്പോള്‍ മഞ്ജുവില്‍ അത്ഭുതം ഉണ്ടാക്കുമെന്നും രാജേഷ് നെന്മാറ പറയുന്നു.

‘മഞ്ജു വാര്യരുടെ സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന സിനിമയില്‍ ഞാന്‍ മേക്കപ്പ് അസിസ്റ്റന്റ് ആയിരുന്നു. 23 വര്‍ഷങ്ങള്‍ക്കു മുമ്പ് മഞ്ജുവിന്റെ കൂടെയുള്ള ചിത്രം എന്റെ കൈയിലുണ്ടായിരുന്നു. അത് കാണുമ്പോള്‍ മഞ്ജു ചേച്ചിക്ക് അത്ഭുതവും കൗതുകവും ആയിരുന്നു,’ അദ്ദേഹം പറഞ്ഞു.

മഞ്ജു വാര്യര്‍ തനിയെ മേക്കപ്പ് ചെയ്യുമോ എന്ന് ചോദിച്ചാല്‍ ഒരര്‍ത്ഥത്തില്‍ ഉണ്ടെന്നു തന്നെ പറയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമ്മള്‍ ഇപ്പോള്‍ ഒരു ക്യാരക്ടര്‍ ലുക്ക് വര്‍ക്കൗട്ട് ചെയ്തു എന്നു വിചാരിക്കുക. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി കുറച്ച് ദിവസമായി കഴിഞ്ഞാല്‍ ഇന്ന് ഞാന്‍ തനിയെ ഒന്ന് മേക്കപ്പ് ചെയ്തു നോക്കാം എന്ന് മഞ്ജു പറയാറുണ്ട്. അവര്‍ തനിയെ മേക്കപ്പ് ചെയ്തു കഴിഞ്ഞാല്‍ നമ്മളൊന്ന് ശ്രദ്ധിക്കുകയും അത് ഓക്കെയാണെന്ന് പറയുകയും ചെയ്താല്‍ മതിയാകും,’ രാജേഷ് പറഞ്ഞു.

മഞ്ജുച്ചേച്ചി യാതൊരുവിധ ടെന്‍ഷനും തരാറില്ല എന്ന് മാത്രമല്ല വളരെ ഫ്രണ്ട്ലിയുമാണ്. അതേസമയം മഞ്ജു ചേച്ചി സിനിമയിലേക്ക് തിരിച്ചുവരുമ്പോള്‍ ചെയ്ത സിനിമകളാണ് ഹൗ ഓള്‍ഡ് ആര്‍ യു, പ്രതി പൂവന്‍കോഴി, എന്നും എപ്പോഴും തുടങ്ങിയ സിനിമകള്‍. ഈ സിനിമകളിലെല്ലാം മഞ്ജുചേച്ചി പക്വതയുള്ള കഥാപാത്രങ്ങളാണ് ചെയ്തത്. അതില്‍ നിന്നെല്ലാം വൈവിധ്യം തോന്നുന്ന കഥാപാത്രം ആക്കാനാണ് ചതൂര്‍മുഖം എന്ന സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഞ്ജുവിനെ കൂടുതല്‍ ചെറുപ്പക്കാരിയാക്കാന്‍ എന്തൊക്കെ ചെയ്യണമെന്നായിരിക്കും ഓരോ സെറ്റിലേയും തന്റെ ചിന്തയെന്നും വളരെ സിമ്പിള്‍ മേക്കപ്പ് ഇഷ്ടപ്പെടുന്നയാളാണ് മഞ്ജു വാര്യരെന്നും രാജേഷ് പറയുന്നു.

‘ചേച്ചിയെ കുറച്ചു കൂടി ചെറുപ്പക്കാരിയാക്കി അവതരിപ്പിക്കാന്‍ എന്തൊക്കെ ചെയ്താല്‍ ആകും എന്നായിരുന്നു ചിന്ത. ഹെയര്‍ സ്റ്റൈല്‍ കട്ടിങ് ഹെയര്‍ കളറും കൂടാതെ കണ്ണുകളില്‍ കോണ്‍ടാക്ട് ലെന്‍സും ഒക്കെയായി യൗവനത്തിലേക്ക് എത്തിക്കാന്‍ സാധിച്ചു. വളരെ സിമ്പിള്‍ മേക്കപ്പിനോട് ഇഷ്ടമുള്ള ആളാണ് മഞ്ജു വാര്യര്‍. ഹെയര്‍ സ്റ്റൈയിലില്‍ ഒക്കെയാണ് പുതിയ ലുക്കിന് വേണ്ടി മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. കണ്ണെഴുതുന്നതിലും പുരികം എഴുതുന്നതിലും ഒക്കെ വളരെ ലളിതമായ രീതിയാണ് മഞ്ജു വാര്യര്‍ ചെയ്യുന്നത്,’ രാജേഷ് പറയുന്നു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് അവസാനമായി മഞ്ജു വാര്യരുടേതായി തിയേറ്ററുകളിലെത്തിയ ചിത്രം. ജാക്ക് ആന്റ് ജില്‍, ലളിതം സുന്ദരം, മേരി ആവാസ് സുനോ, വെള്ളരിക്കപ്പട്ടണം, എന്നിങ്ങനെ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.


Content Highlights: Manju Chechi likes very simple make-up: makeup artist Rajesh Nenmara

We use cookies to give you the best possible experience. Learn more