കേരളത്തിനെതിരെ രൂക്ഷവിമര്‍ശനവും; രഞ്ജി ട്രോഫി നിര്‍ത്തലാക്കണം, ആവശ്യവുമായി ബംഗാള്‍ കായികമന്ത്രി
Sports News
കേരളത്തിനെതിരെ രൂക്ഷവിമര്‍ശനവും; രഞ്ജി ട്രോഫി നിര്‍ത്തലാക്കണം, ആവശ്യവുമായി ബംഗാള്‍ കായികമന്ത്രി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th February 2024, 1:25 pm

അടുത്ത ക്രിക്കറ്റ് കലണ്ടര്‍ മുതല്‍ രഞ്ജി ട്രോഫി നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി ബംഗാള്‍ നായകനും ബംഗാള്‍ കായികമന്ത്രിയുമായ മനോജ് തിവാരി. ടൂര്‍ണമെന്റില്‍ തെറ്റായ കാര്യങ്ങളാണ് നടക്കുന്നതെന്നും ചരിത്രപ്രാധാന്യമുള്ള ഈ ടൂര്‍ണമെന്റിനെ സംരക്ഷിക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യണമെന്നും മനോജ് തിവാരി പറഞ്ഞു.

രഞ്ജി ട്രോഫിക്ക് ഇപ്പോള്‍ പ്രാധാന്യവും ആകര്‍ഷണവും നഷ്ടമായെന്നും ഇതില്‍ കടുത്ത നിരാശയുണ്ടെന്നും മനോജ് തിവാരി പറഞ്ഞു. എക്‌സിലൂടൊയിരുന്നു തിവാരിയുടെ പ്രതികരണം.

 

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കേരളം – ബംഗാള്‍ മത്സരത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. മത്സരം നടക്കുന്ന സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിനെ കുറിച്ചും അദ്ദേഹം വിമര്‍ശനമുന്നയിച്ചു.

‘ഇപ്പോള്‍ കേരളത്തിലെത്തി എന്റെ ടീം രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കുകയാണ്. ഇതൊരു സ്റ്റേഡിയമൊന്നുമല്ല. മറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത ഒരു ഗ്രൗണ്ടാണിത്. സംസ്ഥാനത്തിന്റെ ഉള്‍പ്രദേശത്തുള്ള ഒരു ഗ്രൗണ്ടിലാണ് രഞ്ജി ട്രോഫി നടക്കുന്നത്.

രണ്ട് ടീമുകളുടെ ഡ്രസ്സിങ് റൂം വളരെ അടുത്താണുള്ളത്. ഇവിടെ പറയുന്നത് അപ്പുറത്ത് കേള്‍ക്കും. അവര്‍ അപ്പുറത്ത് നിന്ന് അവരുടെ ഭാഷയില്‍ പാട്ടുകള്‍ പാടുന്നു. അവരുടെ ഭാഷയില്‍ ചര്‍ച്ചകള്‍ നടത്തുന്നു. ഹിന്ദിയിലാണ് സംസാരിക്കുന്നതെങ്കില്‍ മനസിലാക്കാന്‍ സാധിക്കും.

ഇതുകൊണ്ടുതന്നെ ഒരു തരത്തിലുള്ള തന്ത്രങ്ങളും മെനയാന്‍ സാധിക്കില്ല. താരങ്ങള്‍ പരസ്പരം സംസാരിക്കുന്നത് എല്ലാവര്‍ക്കും കേള്‍ക്കാന്‍ കഴിയും. താരങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള സ്വകാര്യതയും ലഭിക്കുന്നില്ല. ഈ പ്രശ്‌നം ഭാവിയില്‍ പരിഹരിക്കപ്പെടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ തിവാരി പറഞ്ഞു.

അതേസമയം, കേരളത്തിനെതിരായ മത്സരത്തില്‍ ബംഗാള്‍ തോല്‍വി ഭീതിയിലാണ്. അഞ്ച് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടാല്‍ ബംഗാള്‍ പരാജയപ്പെടും. നിലവില്‍ നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ 217 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് ബംഗാള്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുന്നത്.

58 പന്തില്‍ 32 റണ്‍സുമായി ക്യാപ്റ്റന്‍ മനോജ് തിവാരിയും 22 പന്തില്‍ 21 റണ്‍സുമായി ഷഹബാസ് അഹമ്മദുമാണ് ക്രീസില്‍. 243 റണ്‍സ് കൂടിയാണ് ഇനി വിജയിക്കാന്‍ ബംഗാളിന് ആവശ്യമുള്ളത്.

മൂന്ന് വിക്കറ്റുമായി ജലജ് സക്സേനയും രണ്ട് വിക്കറ്റുമായി ശ്രേയസ് ഗോപലുമാണ് കേരളത്തിനായി തിളങ്ങുന്നത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്നാം ഇന്നിങ്‌സില്‍ 363 റണ്‍സ് നേടി. ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ബംഗാളിന് വെറും 180 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

സൂപ്പര്‍ താരം ജലജ് സക്സേനയുടെ ബൗളിങ് കരുത്തിലാണ് ബംഗാള്‍ ആദ്യ ഇന്നിങ്സില്‍ തകര്‍ന്നടിഞ്ഞത്. മൂന്ന് മെയ്ഡന്‍ അടക്കം 21.1 ഓവര്‍ പന്തെറിഞ്ഞ സക്സേന 68 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റാണ് പിഴുതെറിഞ്ഞത്.

183 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ബാറ്റിങ് ആരംഭിച്ച കേരളം രണ്ടാം ഇന്നിങ്സില്‍ 265ന് ആറ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. വൈസ് ക്യാപ്റ്റന്‍ രോഹന്‍ എസ്. കുന്നുമ്മല്‍, സച്ചിന്‍ ബേബി, ശ്രേയസ് ഗോപാല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് കേരളത്തിന് തുണയായത്.

 

Content highlight: Manjo Tiwari about Ranji Trophy