പ്രിയം, സുന്ദരപുരുഷന്‍ തുടങ്ങിയ മികച്ച സിനിമകളിലൂടെ ബാലതാരമായി ശ്രദ്ധ നേടിയ നടിയാണ് മഞ്ജിമ മോഹന്‍. നര്‍ത്തകിയായ കലാമണ്ഡലം ഗിരിജയുടെയും പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും മകള്‍ കൂടിയായിരുന്നു മഞ്ജിമ.
1997ല്‍ കളിയൂഞ്ഞാല്‍ എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ നടി 2015ല്‍ ഒരു വടക്കന്‍ സെല്‍ഫിയെന്ന നിവിന്‍ പോളി ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്.
വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങിയ ആ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയിരുന്നു. എന്നാല്‍ സിനിമയുടെ ക്ലൈമാക്‌സില്‍ മഞ്ജിമ കരയുന്ന ഒരു സീന്‍ വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.
ഇപ്പോള്‍ ഒരു വടക്കന്‍ സെല്‍ഫിയെ കുറിച്ച് പറയുകയാണ് മഞ്ജിമ മോഹന്‍. സിനിമ വിജയിച്ചെങ്കിലും തനിക്ക് പേഴ്‌സണലി ഒരു പരാജയമായിരുന്നു എന്നാണ് നടി പറയുന്നത്. സണ്‍ മ്യൂസിക് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജിമ.
‘എന്റെ പരാജയത്തെ കുറിച്ച് ചോദിച്ചാല്‍, വടക്കന്‍ സെല്‍ഫി എന്ന സിനിമ എനിക്ക് പേഴ്‌സണലി ഒരു പരാജയമായിരുന്നു. ആ പടം സൂപ്പറായിരുന്നു, വിജയിച്ചിരുന്നു.
പക്ഷെ എനിക്ക് അങ്ങനെ ആയിരുന്നില്ല. ആ സിനിമയിലെ ക്ലൈമാക്‌സ് സീനിലെ എന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞ് ആളുകള്‍ ഒരുപാട് ക്രിട്ടിസൈസ് ചെയ്തിരുന്നു.
ചില ആളുകള്‍ പ്രൊഡ്യൂസറിനെ വിളിച്ചിട്ട് ആ സീന്‍ തിയേറ്ററില്‍ നിന്ന് കട്ട് ചെയ്യാന്‍ പോലും പറഞ്ഞിരുന്നു. അതിന് ശേഷം എനിക്ക് പടം കിട്ടുമോ നല്ല കഥാപാത്രങ്ങള്‍ വരുമോയെന്ന ചിന്ത വന്നു.
സിനിമ നിര്‍ത്തി പി.ജിയോ മറ്റോ ചെയ്താലോ എന്നു പോലും ഞാന്‍ ചിന്തിച്ചിരുന്നു. ആ സമയത്താണ് എന്നെ ഗൗതം വാസുദേവ് സാര്‍ അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിക്കുന്നത്,’ മഞ്ജിമ മോഹന്‍ പറയുന്നു.
Content Highlight: Manjima Mohan Talks About Oru Vadakkan Selfie