Entertainment
ട്രോളായെങ്കിലും നിവിൻ ചിത്രത്തിലെ ആ സീനുകളാണ് എനിക്ക് തമിഴിൽ ഭാഗ്യമായത്: മഞ്ജിമ മോഹൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 03, 06:18 am
Monday, 3rd February 2025, 11:48 am

പ്രിയം, സുന്ദരപുരുഷൻ തുടങ്ങിയ സിനിമകളിലൂടെ ബാലതാരമായി ശ്രദ്ധ നേടിയ നടിയാണ് മഞ്ജിമ മോഹൻ. വര്ഷങ്ങളായി മലയാള സിനിമയുടെ ഭാഗമായ വിപിൻ മോഹന്റെ മകൾ കൂടിയായ മഞ്ജിമ വടക്കൻ സെൽഫിയെന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്.

വിനീത് ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറിയിരുന്നു. എന്നാൽ സിനിമയുടെ ക്ലൈമാക്സിൽ മഞ്ജിമ കരയുന്ന ഒരു സീൻ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു.

ആത്മാർത്ഥമായാണ് ചെയ്തതെങ്കിലും കുട്ടി മഞ്ജിമയെന്ന ഇമേജ് ഉള്ളതുകൊണ്ടാവാം ആ സീൻ അത്തരത്തിൽ ട്രോൾ ചെയ്യപ്പെട്ടതെന്ന് മഞ്ജിമ പറയുന്നു. ആ സീൻ നീക്കാൻ കഴിയുമോയെന്ന് ചിലർ വിനീത് ശ്രീനിവാസനോട് ചോദിച്ചിരുന്നുവെന്നും എന്നാൽ ട്രോൾ ചെയ്യപ്പെട്ട ആ സീൻ കണ്ടിട്ടാണ് തമിഴിൽ നിന്ന് തനിക്ക് ഓഫറുകൾ വന്നതെന്നും മഞ്ജിമ പറയുന്നു. അങ്ങനെയാണ് ഗൗതം വാസുദേവ് മേനോന്റെ അച്ചം എൻപത് മടമയ്യടാ എന്ന സിനിമയിൽ അവസരം കിട്ടിയതെന്നും മഞ്ജിമ കൂട്ടിച്ചേർത്തു.

‘വളരെ ആത്മാർത്ഥമായാണ് ചെയ്‌തതെങ്കിലും ഒരു പക്ഷേ, കുട്ടി മഞ്ജിമയുടെ ഇമേജു കൂടി ഉള്ളതു കൊണ്ടാകും അതു ട്രോളായത്. സിനിമ റിലീസായ ശേഷം തിയേറ്റർ ഉടമകളുടെ ആവശ്യപ്രകാരം ആ സീൻ നീക്കാമോ എന്ന് വിനീതേട്ടനോടു ചിലർ ചോദിച്ചിരുന്നു. നാട്ടിൽ അങ്ങനെയാണെങ്കിൽ തമിഴിൽ ആ സീനാണ് ഭാഗ്യം തന്നത്. ആ സിനിമയുടെ ട്രെയ്‌ലർ കണ്ടിട്ട് ഗൗതം മേനോൻ സാർ എൻ്റെ നമ്പർ വാങ്ങി എന്ന് വിനീതേട്ടൻ പറഞ്ഞപ്പോൾ പറ്റിക്കുകയാണെന്നാണ് കരുതിയത്.

പിന്നെയൊരു ദിവസം മാളിൽ നിൽക്കുമ്പോൾ മെസേജ്. ‘ഹായ് മഞ്ജിമ, ദിസ് ഈസ് ഗൗതം വാസുദേവ് മേനോൻ. ക്യാൻ ഐ സ്‌പീക് ടു യു.’ പിന്നാലെ സാറിൻ്റെ കോൾ വന്നു. ഓഡിഷനു വേണ്ടി ചെല്ലാൻ. നാട്ടിൽ കരച്ചിൽ ട്രോളായെങ്കിലും അതാണ് തമിഴിലെ ഭാഗ്യം. ദൈവത്തോട് എപ്പോഴും പ്രാർത്ഥിക്കുന്നത് ഒരേയൊരു കാര്യമാണ്. ‘എനിക്ക് ഉള്ളത് എന്താണെന്നു വച്ചാൽ തന്നിട്ട് എനിക്കില്ലാത്തത് എൻ്റെ കൺമുന്നിൽ കാണിക്കുക പോലും ചെയ്യല്ലേ’ എന്ന്.

കണ്ടുകൊതിച്ചിട്ട് കിട്ടിയില്ലെങ്കിൽ വിഷമം കൂടില്ലേ. ആ സിനിമയുടെ ഓഡിഷനു മുമ്പും ഇതുതന്നെ പ്രാർത്ഥിച്ചു. അങ്ങനെയാണ് ‘അച്ചം എൻ പത് മടമയ്യടാ’യിൽ ചിമ്പുവിൻ്റെ നായികയായത്,’മഞ്ജിമ മോഹൻ പറയുന്നു.

Content Highlight: Manjima Mohan About Oru Vadakkan Selfie Movie