Advertisement
Daily News
വടക്കന്‍ സെല്‍ഫിയുടെ ക്ലൈമാക്‌സ് കണ്ട് ഇനി അഭിനയിക്കരുതെന്ന് പലരും പറഞ്ഞു: മഞ്ജിമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Aug 29, 09:53 am
Monday, 29th August 2016, 3:23 pm

ബാലതാരമായി വെള്ളിത്തിരയിലെത്തിയ മഞ്ജിമ വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ് നായികയായി തിരിച്ചുവന്നത്. എന്നാല്‍ ബാലതാരത്തിനു കിട്ടിയ പ്രശംസയായിരുന്നില്ല വടക്കന്‍ സെല്‍ഫിക്കുശേഷം മഞ്ജിമയ്ക്കു ലഭിച്ചത്.

പലരും മഞ്ജിമയുടെ അഭിനയത്തിലെ പോരായ്മകള്‍ എടുത്തുപറഞ്ഞു. ഏറ്റവുമധികം വിമര്‍ശനം നേരിട്ടത് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളിലെ അഭിനയമായിരുന്നു. എന്നാല്‍ അത്തരം വിമര്‍ശനങ്ങളൊന്നും തന്നെ തളര്‍ത്തിയില്ല എന്നാണ് മഞ്ജിമ പറയുന്നത്. മനോരമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മഞ്ജിമയുടെ പ്രതികരണം.

“ഒരു വടക്കന്‍ സെല്‍ഫി കണ്ട് ഒരുപാട് പേര്‍ അഭിനന്ദിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. സിനിമയുടെ ക്ലൈമാക്‌സ് രംഗം കണ്ട് ഇനി അഭിനയിക്കരുതെന്ന് പോലും എന്നോട് പറഞ്ഞിട്ടുണ്ട്. എനിക്കും ഒരു വടക്കന്‍ സെല്‍ഫിയിലെ അണിയറ പ്രവര്‍ത്തകര്‍ക്കും ക്ലൈമാക്‌സ് സീനിലെ എന്റെ അഭിനയത്തില്‍ പൂര്‍ണതൃപ്തി ഉണ്ടായിരുന്നു.” മഞ്ജിമ വ്യക്തമാക്കി.

“11 വര്‍ഷമായി സിനിമാലോകത്തുനിന്നു മാറിനിന്നശേഷമായിരുന്നു വടക്കന്‍ സെല്‍ഫിയില്‍ അഭിനയിച്ചത്. അതിന്റെ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പ്രത്യേകിച്ച് ഡബ്ബിങ്ങിലും വികാരഭരിതമായ രംഗങ്ങളിലും” മഞ്ജിമ വ്യക്തമാക്കി.

ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളുടെ തിരക്കിലാണ് മഞ്ജിമ.

തമിഴില്‍ ചിമ്പുവും തെലുങ്കില്‍ നാഗചൈതന്യയുമാണ് നായകന്മാര്‍.