national news
ബഹുമാനവുമില്ല തെരഞ്ഞെടുപ്പിൽ സീറ്റുമില്ല; രാജി ഭീഷണിയുമായി ജിതൻ റാം മാഞ്ചി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 24, 03:41 am
Friday, 24th January 2025, 9:11 am

പാട്ന: വരാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മതിയായ സീറ്റ്  നിഷേധിച്ചതിനാൽ മന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്.എ.എം) സ്ഥാപകനുമായ ജിതൻ റാം മാഞ്ചി.

ബീഹാറിലെ മുംഗേറിൽ ദളിത്‌ വിഭാഗമായ ‘ഭുയാൻ മുഹ്‌സാർ’ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ്‌ കേന്ദ്ര സൂഷ്‌മ ചെറുകിട വ്യവസായ മന്ത്രിയുടെ പരസ്യ പ്രതികരണം. എൻ.ഡി.എ തന്റെ പാർട്ടിയെ അവഗണിക്കുന്നുവെന്ന് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ദൽഹിയിലും ജാർഖണ്ഡിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തൻ്റെ പാർട്ടിക്ക് ഒരു സീറ്റ് പോലും നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ബിൻ ഭയ് ന ഹോട്ട് പ്രീതി’ (ഭയം ആദരവ് ജനിപ്പിക്കുന്നു) എന്ന രാംചരിതമാനസിൻ്റെ ഒരു വാക്യം ഉദ്ധരിച്ചുകൊണ്ട് ബീഹാറിൽ തൻ്റെ കഴിവ് തെളിയിക്കേണ്ടതുണ്ടെന്ന് മാഞ്ചി പറഞ്ഞു. മന്ത്രിസഭയിൽ നിന്ന് രാജിവയ്‌ക്കേണ്ടിവരുമെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് മാഞ്ചി രാഷ്ട്രീയ വൃത്തങ്ങളിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. ‘നിയമസഭാ തെരഞ്ഞെടുപ്പിൽ 40 സീറ്റിൽ മത്സരിക്കാനാണ് ഞങ്ങളുടെ പ്രവർത്തകർ ആവശ്യപ്പെടുന്നത് എന്നാൽ 20 സീറ്റിലെങ്കിലും മത്സരിക്കണമെന്നാണ് ഞങ്ങൾ കരുതുന്നത്,’ മാഞ്ചി പറഞ്ഞു

പാട്നയിലെ ഗാന്ധി മൈതാനിയിൽ പാർട്ടി പ്രവർത്തകരുടെ സമ്മേളനത്തോടെ ബീഹാറിൽ പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുള്ള പദ്ധതികൾ മാഞ്ചി പ്രഖ്യാപിച്ചു. ‘ഞങ്ങളെ വിലകുറച്ച് കാണരുത്, ഞങ്ങൾ ശക്തി കാണിക്കും,’ കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം കോളിളക്കം സൃഷ്‌ടിച്ച ഈ പ്രസ്‍താവനകൾക്ക് പിന്നാലെ താൻ സഖ്യം വിടില്ലെന്ന പുതിയ പ്രസ്താവനയുമായി മാഞ്ചി വീണ്ടും എത്തിയിട്ടുണ്ട്. തന്റെ എക്സ് പോസ്റ്റിലൂടെ താൻ നരേന്ദ്ര മോദിയെ ഒരിക്കലും കൈയൊഴിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എൻ്റെ മരണം വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൈയൊഴിയില്ലെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു,’ അദ്ദേഹം എക്‌സിൽ കുറിച്ചു.

 

Content Highlight: Manjhi threatens to quit Union cabinet, then vows to be with Modi till death