കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് പി.ബി അബ്ദുറസാഖ് എം.എല്‍.എയുടെ മരണത്തെ ആഘോഷമാക്കി സംഘപരിവാര്‍. അബ്ദുല്‍ റസാഖിന്റെ മരണം അയ്യപ്പന്‍ കാരണമാണെന്നും അല്ലെങ്കില്‍ ഇത്രപെട്ടന്ന് ബി.ജെ.പിക്ക് ഒരു എം.എല്‍.എയ്ക്കുള്ള അവസരം തരുമോ എന്നുമാണ് സംഘപരിവാര്‍ അനുകൂലിയായ മിഥു ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
“അയ്യപ്പനെല്ലാം കാണുന്നുണ്ട്! അല്ലെങ്കില്‍ ഇത്ര പെട്ടന്ന് ബി.ജെ.പിക്ക് ഒരു എം.എല്‍.എയ്ക്ക് അവസരം തരുമോ?
മഞ്ചേശ്വരം എം.എല്‍.എ ശ്രീ അബ്ദുള്‍ റസാഖ് അന്തരിച്ചു. ആദരാഞ്ജലികള്‍!” എന്നായിരുന്നു മിഥു കുറിച്ചത്. നിരവധി പേരാണ് പോസ്റ്റു ഷെയര്‍ ചെയ്തിട്ടുള്ളത്.
പോസ്റ്റിനടിയില്‍ സമാനമായ കമന്റുമായി നിരവധി പേരാണ് മരണം ആഘോഷിക്കുന്നത്. “നിയുക്ത ബി.ജെ.പി എം.എല്‍.എയ്ക്ക് ആശംസകള്‍, അയ്യപ്പാ കാണുന്നുണ്ടല്ലോ. ഭക്തന്റെ ലീലാവിലാസങ്ങള്‍ സ്വാമീശരണം”. എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ സുരേന്ദ്രന്റെ എം.എല്‍.എ സ്ഥാനത്തെ ചൊല്ലി ചര്‍ച്ചകളുണ്ടായിരുന്നു. സുരേന്ദ്രന് ആശംസ അര്‍പ്പിച്ചും ഇപ്പോള്‍ വിവാദമായിരിക്കുന്ന ശബരിമല വിഷയവുമായി കൂട്ടിക്കെട്ടിയും വ്യാപക പ്രചരണമാണ് സംഘപരിവാര്‍ നടത്തിയത്.
കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു പി.ബി അബ്ദുല്‍ റസാഖിന്റെ അന്ത്യം. പനിയെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം. ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് മുസ്ലിം ലീഗ് നേതാവ് അബ്ദുല്‍ റസാഖ് ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. ഇതിനെതിരെ സുരേന്ദ്രന്‍ നല്‍കിയ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
അതേസമയം ഉപതെരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥിയാകാനാണു സാധ്യത.
ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നാല്‍ 6 മാസത്തിനുള്ളില്‍ നടത്തണമെന്നാണു ചട്ടം. സ്പീക്കര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കു കൈമാറണം. അവരതു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനു കൈമാറിയശേഷം അവിടെ നിന്നാണു തീരുമാനം വരേണ്ടത്.
2019 ഏപ്രില്‍ അവസാനിക്കുന്നതിനു മുന്‍പ് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. നിലവിലെ സാധ്യതയനുസരിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമാകുന്ന ഘട്ടത്തിലായിരിക്കും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 2,08,145 വോട്ടര്‍മാരാണു മണ്ഡലത്തിലുള്ളത്. ഇതില്‍ 1,58,584 വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായി. പോളിങ് 76.19%. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായ പി.ബി.അബ്ദുല്‍ റസാഖിന് 56,870 വോട്ടു ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ കെ.സുരേന്ദ്രന്‍ 56,781 വോട്ടു നേടി. സി.പി.ഐ.എം സ്ഥാനാര്‍ഥി സി.എച്ച്.കുഞ്ഞമ്പുവിന് 42,565 വോട്ട് ലഭിച്ചു. അതിനു മുന്‍പു നടന്ന തെരഞ്ഞെടുപ്പില്‍ അബ്ദുല്‍ റസാഖ് 5828 വോട്ടിനാണ് കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.