മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റിന്റെ ജാമ്യ ഹരജി തള്ളി
Kerala News
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റിന്റെ ജാമ്യ ഹരജി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd July 2022, 5:15 pm

കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞടുപ്പ് കോഴക്കേസിൽ ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.

മൂന്ന് ദിവസത്തെ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് അപേക്ഷ തള്ളിയത്. കാസർഗോഡ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാർതിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കേസിൽ അഞ്ചാം പ്രതിയാണ് അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടി.

മഞ്ചേശ്വരം കോഴക്കേസിൽ പട്ടികജാതി/ പട്ടിക വർഗ അതിക്രമം തടയൽ വകുപ്പ് കൂടി ചേർത്ത് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് നൽകിയതോടെയാണ് അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് കേസിൽ മുഖ്യ പ്രതി. ഇദ്ദേഹത്തിന് പുറമേ മറ്റ് അഞ്ച് പേരെക്കൂടി പ്രതി ചേർത്തുള്ളതായിരുന്നു ക്രൈംബ്രാഞ്ചിന്റെ ഇടക്കാല റിപ്പോർട്ട്.
യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്ക്, കെ. മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റ് പ്രതികൾ.

അതേസമയം, കോഴക്കേസിൽ കഴിഞ്ഞ മാസം കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. പട്ടികജാതി/ പട്ടിക വർഗ അതിക്രമം തടയൽ വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയത്.

കഴിഞ്ഞവർഷം ജൂൺ അഞ്ചിനാണ് കെ.സുന്ദര മാധ്യമങ്ങളിലൂടെ നാമനിർദേശപത്രിക പിൻവലിക്കാനുണ്ടായ കാരണം വെളിപ്പെടുത്തിയത്.

ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ അന്വേഷണം പൂർത്തിയാക്കിയത്.

കോഴ നൽകി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് പുറമേ ഭീഷണിപ്പെടുത്തൽ, തടങ്കലിൽവെക്കൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിരുന്നു.

കെ. സുന്ദര പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ആളാണ്. അതിനാൽ പട്ടികജാതി/ പട്ടിക വർഗ അതിക്രമം തടയൽ നിയമ പ്രകാരമുള്ള വകുപ്പുകൾ കൂടി ചുമത്തണമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അന്വേഷണ സംഘത്തോട് നിർദേശിച്ചിരുന്നു.

Content Highlight:  Manjeshwaram election corruption case; court rejected the bail plea of ​​the former BJP  district president