സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്: ജിന്‍സി ബാലകൃഷ്ണന്‍
മലപ്പുറം: മതവിശ്വാസത്തിനെതിരാണെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മഞ്ചേരിയില്‍ പ്രസവാനന്തരം രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച യുവതിയെ “ശഹീദാ”ക്കി കുടുംബം. യുവതി സ്വര്‍ഗത്തില്‍ പോയെന്നും അവര്‍ ശഹീദാണെന്നുമുള്ള നിലപാടിലാണ് അവരുടെ ഭര്‍തൃ കുടുംബമെന്ന് പ്രദേശവാസികള്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
“ഇതുപോലെ മരിച്ചാല്‍ സ്വര്‍ഗത്തിലാണ് പോകുകയെന്നതാണ് അവരുടെ വിശ്വാസം. “ശഹീദാ”ണെന്ന് പറഞ്ഞ് അവര്‍ ഈ മരണത്തെ ആഘോഷിക്കുകയാണ്.” പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ പ്രദേശവാസികളിലൊരാള്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
ആഗസ്റ്റ് നാലിനാണ് പ്രസവത്തെ തുടര്‍ന്നുള്ള അമിത രക്തസ്രാവം കാരണം യുവതി മരണപ്പെട്ടത്. യുവതിയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. ഗര്‍ഭാവസ്ഥയില്‍ ചികിത്സ തേടാന്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫാമിലി ഹെല്‍ത്തിലെ വളണ്ടിയര്‍മാര്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവതിയും ഭര്‍തൃ കുടുംബവും പ്രസവം വീട്ടില്‍വെച്ച് മതിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
“ഇതൊരു പഴയ മുസലിയാര്‍കുടുംബമാണ്. അവരുടെ വിശ്വാസത്തില്‍ വീട്ടില്‍ നിന്നു തന്നെ പ്രസവിക്കണം. അവരുടെ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള്‍ മറ്റാരും കാണാന്‍ പാടില്ല എന്നതാണ് അവരുടെ വിശ്വാസം. അതുകൊണ്ട് അവര്‍ ഒരിക്കലും ആശുപത്രിയിലെ പ്രസവത്തിന് തയ്യാറാവാറില്ല.” എന്നതാണ് ഇത്തരമൊരു നിര്‍ബന്ധം പിടിക്കാനുള്ള കാരണമെന്ന് പ്രദേശവാസി പറയുന്നു.
യുവതിയുടെ ആദ്യ പ്രസവം ആശുപത്രിയിലായിരുന്നു. ഈപ്രദേശത്തെ ആചാര പ്രകാരം സ്ത്രീകളുടെ ആദ്യപ്രസവം അവരുടെ സ്വന്തം വീട്ടിലുള്ളവരുടെ ബാധ്യതയാണ്. ഇതുപ്രകാരം യുവതി ആശുപത്രിയില്‍ ചികിത്സതേടിയത് കുടുംബത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നെന്നും പ്രദേശവാസി പറയുന്നു.
പ്രസവം കഴിഞ്ഞശേഷം മറുപിള്ള കൃത്യസമയത്ത് പുറത്തുവരാത്തതാണ് രക്തസ്രാവത്തിനും മരണത്തിനും ഇടയാക്കിയതെന്നാണ് ഫാമിലി ഹെല്‍ത്തിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. മറുപിള്ള വരാതായതോടെ യുവതി നീലനിറത്തിലായെന്നും ഇതേത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നുമാണ് പ്രസവമെടുത്ത മുതിര്‍ന്ന സ്ത്രീകള്‍ പറഞ്ഞതെന്നാണ് ഫാമിലി ഹെല്‍ത്തിലെ നഴ്‌സുമാര്‍ പറയുന്നത്.
ആശുപത്രിയില്‍ എത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ആശുപത്രി അധികൃതര്‍ ഒരുങ്ങിയെങ്കിലും ബന്ധുക്കള്‍ ഇതിനെതിരെ രംഗത്തുവരികയായിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹം യുവതിയുടെ വീട്ടുകാര്‍ക്ക് വിട്ടുനല്‍കിയെന്നും ഫാമിലി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഹെഡ് ആയ ഡോ. നൂറ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
“പോസ്റ്റുമോര്‍ട്ടം ഒഴിവാക്കിയത് കേസില്‍ നിന്നും രക്ഷപ്പെടാനാണെന്ന് നമ്മള്‍ കരുതും. അതാവാം. പക്ഷെ മരിച്ചാല്‍ പോസ്റ്റുമോര്‍ട്ടം പാടില്ല എന്നൊരു വിശ്വാസവും ഇവര്‍ക്കുണ്ട്.” പ്രദേശവാസി പറയുന്നു.
യുവതിയുടെ മരണത്തില്‍ അവരുടെ മാതാപിതാക്കള്‍ പ്രതിഷേധവുമായി ആശുപത്രിയില്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ അവര്‍ രേഖാമൂലം ഇതുവരെ പരാതികളൊന്നും നല്‍കിയിട്ടില്ലെന്നാണ് ഡോ. നൂറ പറയുന്നത്.
“മൃതദേഹം കൊണ്ടുപോയത് അവരാണ്. പരാതി നല്‍കിയാല്‍ മൃതദേഹം വീണ്ടുമെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തേണ്ടിവരും.” എന്നതാവാം യുവതിയുടെ കുടുംബം പരാതി നല്‍കാതിരിക്കാന്‍ കാരണമെന്ന് പ്രദേശവാസി പറഞ്ഞു.
സംഭവത്തിനുശേഷം തങ്ങള്‍ യുവതിയുടെ ഭര്‍തൃവീട്ടുകാരെ നേരില്‍ കണ്ടു സംസാരിച്ചിരുന്നെന്നും ” എല്ലാം അവളുടെ വിധിയാണ്” എന്ന നിലപാടിലായിരുന്നു അവരെന്നും ഡോ. നൂറ പറയുന്നു.
പ്രകൃതി ചികിത്സയുടെയും വിശ്വാസത്തിന്റെ പേരില്‍ ചികിത്സ നല്‍കാതെ വീട്ടില്‍ തന്നെ പ്രസവിക്കുന്ന സാഹചര്യം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് ഇത് എത്തിച്ചേര്‍ന്നിട്ടുമുണ്ട്. ആരോഗ്യരംഗത്ത് വര്‍ഷങ്ങള്‍ കൊണ്ട് കേരളം നേടിയെടുത്ത മികവിന് തടയിടുന്നതാണ് ഇത്തരം നടപടികളെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.