അന്ന് അഭിനയിക്കാന്‍ വിളിച്ചു, എന്നാല്‍ ദാസേട്ടന്‍ ഏതെങ്കിലും ഒന്നില്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞു: മഞ്ജരി
Entertainment news
അന്ന് അഭിനയിക്കാന്‍ വിളിച്ചു, എന്നാല്‍ ദാസേട്ടന്‍ ഏതെങ്കിലും ഒന്നില്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞു: മഞ്ജരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th December 2023, 6:04 pm

അഭിനയത്തില്‍ തനിക്ക് താത്പര്യമുണ്ടെന്ന് പറയുകയാണ് ഗായിക മഞ്ജരി. അഭിനയിക്കാന്‍ മുമ്പ് അവസരങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ ഗുരുവായ യേശുദാസ് പറഞ്ഞതെന്നും മഞ്ജരി പറഞ്ഞു. ഇപ്പോള്‍ എല്ലാവരും എല്ലാ മേഖലയും ചെയ്യാറുണ്ടെന്നും അഭിനയിക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും മഞ്ജരി പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘അഭിനയം വല്ലപ്പോഴുമേ ചെയ്യാറുള്ളൂ. ദാസങ്കിളാണ് എന്റെ ഗുരു. ഒരു മേഖലയില്‍ ഫോക്കസ് ചെയ്യണമെന്നാണ് അദ്ദേഹം എപ്പോഴും എന്നോട് പറയാറുള്ളത്. ആ സമയത്ത് എനിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള ഓഫറുകള്‍ വന്നിരുന്നു. പക്ഷേ അദ്ദേഹം പറഞ്ഞത് മ്യൂസിക്കിലുള്ള ഫോക്കസ് പോകുമെന്നാണ്.

പല പല ശാഖകളിലേക്ക് പോകുന്നതിലും നല്ലത് ഒരിടത്ത് ഫോക്കസ് ചെയ്യുന്നതാണ്. ഞാന്‍ പണ്ട് മിമിക്രി കാണിക്കുമായിരുന്നു. എന്നോട് മിമിക്രി നിര്‍ത്തിക്കോളാന്‍ പറഞ്ഞു.

പോസിറ്റീവ് എന്ന സിനിമയില്‍ പാടി അഭിനയിക്കണമായിരുന്നു. അതിന് ഞാന്‍ പോവില്ലെന്ന് വെച്ചതാണ്. പക്ഷേ അതിന് വന്നില്ലെങ്കില്‍ എന്നെ മാറ്റും, വേറെ ആളെ കൊണ്ട് പാടിക്കുമെന്ന് പറഞ്ഞു. അവരൊന്ന് പിരി കേറ്റി നോക്കിയതാണ്. അപ്പോള്‍ പിന്നെ ശരി പോവാമെന്ന് ഞാന്‍ പറഞ്ഞു. വലിയ പ്രശ്‌നമൊന്നുമുണ്ടായില്ല. ഒരു മരത്തിന്റെ ഇടയില്‍ നിന്ന് പാടിയെന്നേയുള്ളൂ.

എനിക്ക് അഭിനയിക്കാന്‍ ഇഷ്ടമാണ്. സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ അഭിനയിച്ചിട്ടുണ്ട്. ഇനി എന്താവുമെന്ന് അറിയില്ല. പ്രശ്‌നമുള്ള മേഖലയൊന്നുമല്ലല്ലോ. ഇപ്പോള്‍ എല്ലാവരും എല്ലാം ചെയ്യുന്നുണ്ട്. പാട്ടുകാര്‍ സംഗീത സംവിധാനം ചെയ്യുന്നുണ്ട്. സംഗീത സംവിധായകര്‍ പാടുന്നുണ്ട്, അഭിനയിക്കുന്നുണ്ട്. അതുകൊണ്ട് എനിക്ക് അഭിനയിക്കുന്നതില്‍ പ്രശ്‌നമില്ല,’ മഞ്ജരി പറഞ്ഞു.

Content Highlight: Manjari about acting in movies