തോല്‍വിയറിയാത്ത എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്ലിന്റെ പുതിയ സീസണില്‍ കുതിപ്പ് തുടരുന്നത്. കഴിഞ്ഞ ദിവസം എഫ്.സി ഗോവയോട് രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷം സമനില വഴങ്ങിയെങ്കിലും പോയിന്റ് ടേബിളില്‍ നിലമെച്ചപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനായി.
മുന്നേറ്റത്തിലും മധ്യനിരയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോഴും ബ്ലാസ്റ്റേഴിന്റെ പ്രതിരോധത്തിലെ വിള്ളലുകള്‍ തിരിച്ചടിയായുകയാണ്. മഞ്ഞപ്പടയുടെ പ്രതിരോധത്തിലെ വിശ്വസ്തനായ കാവല്‍ക്കാരന്‍ സന്ദേശ് ജിംഖാന്റെ വിടവ് നികത്താന്‍ പോന്ന ഒരു താരവും പിന്നീട് ബ്ലാസ്റ്റേഴ്‌സിനുണ്ടായിട്ടില്ല എന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.
ടീമിന്റെ എക്കാലത്തേയും മികച്ച ഡിഫന്‍ഡറും എതിരാളികളുടെ മുന്നില്‍ പ്രതിരോധത്തിന്റെ വന്‍മതില്‍ തീര്‍ക്കുകയും ചെയ്തിരുന്ന താരമായിരുന്നു ജിംഖാന്‍. എന്തുവന്നാലും ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍മുഖത്തേക്ക് ആരെയും കടത്തിവിടില്ല എന്ന നിശ്ചയദാര്‍ഢ്യമായിരുന്നു ജിംഖാനെ ഫാന്‍ ഫേവറിറ്റ് ആക്കിയത്.
ജിംഖാന്‍ ടീം വിട്ടതിന് പിന്നാലെ പ്രതിരോധത്തിന്റെ ഉരുക്കുകോട്ട പഴയ ശക്തിയില്‍ പടുത്തുയര്‍ത്താല്‍ കൊമ്പന്‍മാര്‍ക്കായിട്ടില്ല. എന്നാല്‍, ഇപ്പോഴിതാ ജിംഖാന്റെ പിന്മുറക്കാരനാവാന്‍ കെല്‍പുള്ള ഒരാളെ കണ്ടുകിട്ടിയെന്നാണ് ആരാധകര്‍ പറയുന്നത്.
ഐ.എസ്.എല്ലില്‍ എഫ്.സി ഗോവയ്‌ക്കെതിരായ മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് യുവതാരം ബിജോയിയെ ജിംഖാന്റെ പിന്‍ഗാമി എന്ന് ആരാധകര്‍ അടയാളപ്പെടുത്തുന്നത്.
ഇപ്പോള്‍ 21 വയസുമാത്രമുള്ള താരത്തിന് ഇപ്പോഴും ഭാവിയിലും, ബ്ലാസ്‌റ്റേഴ്‌സിനും ഇന്ത്യയ്ക്കും വേണ്ടി ഒരുപാട് കാര്യങ്ങള്‍ നേടിക്കൊടുക്കാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.