| Monday, 20th December 2021, 11:58 am

വെളച്ചിലെടുക്കരുത് കേട്ടോ..; മുംബൈയുടെ പരിഹാസത്തിന് മഞ്ഞപ്പടയുടെ മറുപടി, സടകുടഞ്ഞെഴുന്നേറ്റ് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എസ്.എല്ലില്‍ മുംബൈ എഫ്.സിയ്‌ക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ആഘോഷമാക്കി ആരാധകര്‍. മത്സരത്തിന് മുന്‍പ് 2018 ല്‍ കേരളത്തെ ആറ് ഗോളിന് തകര്‍ത്ത സ്‌കോര്‍ കാര്‍ഡ് മുംബൈ ഔദ്യോഗിക പേജില്‍ പങ്കുവെച്ചിരുന്നു.

ഇതിന് മറുപടിയെന്നോണം ഞായറാഴ്ചത്തെ മത്സരത്തിന്റെ മൂന്ന് ഗോള്‍ വിജയം പങ്കുവെച്ചാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മറുപടി.

നടന്‍ മുകേഷിന്റെ അടുത്തിടെ ഹിറ്റായ ‘വെളച്ചിലെടുക്കരുത് കേട്ടോ’ ഡയലോഗിനൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ പേജില്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലെല്ലാം ആരാധകര്‍ വിജയമാഘോഷിച്ചുള്ള പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. ഈ ജയം ബ്ലാസ്റ്റേഴ്‌സിന് നല്‍കുന്ന ആവേശം ചെറുതൊന്നുമല്ല.

കുറെ നാളായി മോശം ഫോമിലുള്ള ബ്ലാസ്‌റ്റേഴ്‌സ് കരുത്തരായ മുംബൈയെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുകെട്ടുകയായിരുന്നു.

ആദ്യ പകുതിയില്‍ അല്‍വാരോ വാസ്‌കേസിനെയും ഹോസെ പെരേര ഡയസിനെയും ബ്ലാസ്റ്റേഴ്‌സ് അഴിച്ചുവിട്ടു. രണ്ട് വിദേശ സ്‌ട്രൈക്കര്‍മാരെ വെച്ചുള്ള കളി ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്തു.

27ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ആദ്യ വെടിപൊട്ടിച്ചു. തടയാന്‍ ആരും ഇല്ലാതെ മുംബൈ ഗോള്‍ പോസ്റ്റിന് തൊട്ടടുത്തു നില്‍ക്കുകയായിരുന്ന ഹോസെ പെരേര പന്ത് ഷോട്ടെടുക്കാന്‍ തയാറായി നിന്ന സഹലിന് നല്‍കുകയായിരുന്നു. പന്ത് പിടിച്ചെടുത്ത സഹല്‍ തകര്‍പ്പന്‍ വോളിയിലൂടെ മുംബൈ വല കുലുക്കി.

ആദ്യ പകുതിയില്‍ ലീഡെടുത്തതിന്റെ ആത്മവിശ്വാസം ബ്ലാസ്റ്റേഴ്‌സിന്റെ പിന്നീടുള്ള പ്രകടനത്തിലാകെ കണ്ടു. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ചു കളിച്ചു. 47ാം മിനിറ്റില്‍ അല്‍വാരോ വാസ്‌കേസിലൂടെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടി.

ബോക്‌സിന് പുറത്ത് വലതു മൂലയില്‍നിന്ന് സഹല്‍ ഉയര്‍ത്തി നല്‍കിയ പന്ത് മിന്നല്‍ വോളിയിലൂടെ വാസ്‌കേസ് ഗോളിലേക്കെത്തിച്ചു.

മൂന്ന് മിനിറ്റുകള്‍ക്കപ്പുറത്ത് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോളും പിറന്നു. പ്രതിരോധത്തിലും ഗോളടി മികവിലും ഒരേ പോലെ തിളങ്ങുന്ന താരമാണു മുംബൈ ക്യാപ്റ്റന്‍ മൊര്‍ത്താഡ ഫാള്‍. പന്തുമായി മുന്നേറിയ ഹോസെ പെരേര ഡയസിനെ ഫൗള്‍ ചെയ്തത് മുംബൈയ്ക്കു തിരിച്ചടിയായി.

ഫൗളിനെ തുടര്‍ന്ന് റഫറിയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ലെങ്കിലും ഡയസും ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ശബ്ദമുയര്‍ത്തിയാണ് മുംബൈ ക്യാപ്റ്റനെ പറഞ്ഞുവിട്ടത്.

സംശയിച്ചുനിന്ന റഫറി ലൈന്‍ റഫറിയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം ‘ഫാളിന്റെ ഫൗളിന്’ രണ്ടാം മഞ്ഞ കാര്‍ഡും ചുവപ്പു കാര്‍ഡും നല്‍കി. ലഭിച്ച പെനല്‍റ്റി ഗോളാക്കി ഡയസ് സ്‌കോര്‍ മൂന്നിലെത്തിച്ചു.

15 പോയിന്റുമായി പട്ടികയില്‍ ഒന്നാമതുള്ള മുംബൈയുടെ രണ്ടാമത്തെ തോല്‍വിയാണിത്. ഹൈദരാബാദിനെതിരെ (3-1) മാത്രമായിരുന്നു മുംബൈ ഈ സീസണില്‍ തോല്‍വി വഴങ്ങിയത്. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് 9 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Manjappada Kerala Blasters Fans Mumbai FC Kerala Blasters FC

We use cookies to give you the best possible experience. Learn more