കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി മഞ്ഞപ്പട. തങ്ങളുടെ പ്രതികരണം ക്രിക്കറ്റിന് എതിരല്ലെന്നും ഫുട്ബാള്‍ മൈതാനത്തിനുവേണ്ടിയാണെന്നും മഞ്ഞപ്പടയുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.
“കൂലിയെഴുത്തുകാരോടും വാചക കസര്‍ത്തുകാരോടും ഷൈജു ദാമോദരനൊപ്പം നിന്ന് ഞങ്ങള്‍ക്ക് പറയാനുള്ളത്.. ഷൈജുവും മഞ്ഞപ്പടയും പ്രതികരിച്ചത് ക്രിക്കറ്റ് എന്ന കായിക ഇനത്തിന് എതിരല്ല. ഫിഫ അംഗീകാരം ഉള്ള കേരളത്തിലെ ഒരേയൊരു ടര്‍ഫ് സംരക്ഷിക്കുന്നതിനുവേണ്ടിയാണ്.”
Also Read: നവംബറില്‍ തിരുവനന്തപുരത്ത് ഏകദിനം വേണ്ടെന്ന് കെ.സി.എ
കായിക കേരളത്തിനായി ഒന്നിച്ചു മുന്നേറണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നേരത്തെ കൊച്ചിയില്‍ ഏകദിന മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ മനുഷ്യമതില്‍ തീര്‍ക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടമായ മഞ്ഞപ്പട അറിയിച്ചിരുന്നു.
ക്രിക്കറ്റ് നടത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. ഇയാന്‍ ഹ്യൂം, സികെ വിനീത്, റിനോ ആന്റോ ഐ.എം വിജയന്‍, സച്ചിന്‍, ഗാംഗുലി, എന്നീ താരങ്ങളും താരങ്ങള്‍ക്ക് പുറമെ തിരുവനന്തപുരം എം.പി ശശി തരൂരും പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവനും പ്രതിഷേധം അറിയിച്ചിരുന്നു.
നേരത്തെ കൊച്ചിയില്‍ മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് വിഷയത്തില്‍ തീരുമാനമായത്. ക്രിക്കറ്റ് തിരുവനന്തപുരത്തേക്കും ഫുട്ബാള്‍ കൊച്ചിയിലും നടത്താനായിരുന്നു തീരുമാനം.