തിരുവനന്തപുരം: കേരളത്തില്‍ കക്കൂസ് മാലിന്യ നിര്‍മാര്‍ജന പ്ലാന്റുകള്‍ ഇല്ലെന്ന സുപ്രീം കോടതിയുടെ വിമര്‍ശനം സത്യമാണെന്ന് മന്ത്രി മഞ്ഞളാംകുഴി അലി.
ജനരോഷം മൂലമാണ് പുതിയ മാലിന്യ നിര്‍മാര്‍ജന പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. []
പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള മാലിന്യ നിര്‍മാര്‍ജന പ്ലാന്റുകള്‍ നിര്‍മാണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ ജില്ലകളിലും കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് നടപടികളെടുക്കണമെന്ന നിര്‍ദേശം നടപ്പാക്കാത്ത കേരള സര്‍ക്കാരിനെ രൂക്ഷമായ രീതിയിലാണ് ഇന്നലെ സുപ്രീം കോടതി വിമര്‍ശിച്ചത്.
94 ശതമാനം സാക്ഷരതയുള്ള സംസ്ഥാനത്തെ സര്‍ക്കാറിനിത് നാണക്കേടാണെന്ന് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജെ.എസ്. കേഹര്‍ എന്നിവരടങ്ങുന്ന ബെഞ്ച് കുറ്റപ്പെടുത്തി.
വെള്ളിയാഴ്ചയ്ക്കകം കേരളത്തിലെ എല്ലാ ജില്ലകളിലും കക്കൂസ് മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്കാന്‍ കോടതി നിര്‍ദേശിച്ചു. അന്നുതന്നെ കേസ് തീര്‍പ്പാക്കുമെന്നും കോടതി വ്യക്തമാക്കി.
കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനം കക്കൂസ് മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് നല്കിയ പദ്ധതി നടപ്പാക്കാന്‍ ഹൈക്കോടതി നല്കിയ നിര്‍ദേശം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഇത്ര ഗൗരവമുള്ള വിഷയം വളരെ ലാഘവത്തോടെയാണ് കേരള സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്ന് ജസ്റ്റിസ് ദത്തു കുറ്റപ്പെടുത്തി. ഒരു കൊല്ലം മുമ്പ് സമര്‍പ്പിച്ച സത്യവാങ്മൂലംതന്നെ ആവര്‍ത്തിച്ചിരിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു.
2011ല്‍ ഈ ഹര്‍ജിയില്‍ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തു നല്കിയ ആദ്യത്തെ നിര്‍ദേശത്തിനുശേഷം ഒരു നടപടിയും എടുത്തിട്ടില്ല. കേരളത്തിലെ കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതിന് എന്ത് നടപടിയാണ് എടുത്തതെന്ന് വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടു.