| Wednesday, 16th December 2015, 9:00 am

താന്‍ മുഖ്യമന്ത്രിയായിരുന്നെങ്കില്‍ ജേക്കബ് തോമസിനെ വീട്ടിലിരുത്തിയേനെ: മഞ്ഞളാംകുഴി അലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരേ നിയമസഭയില്‍ രൂക്ഷവിമര്‍ശനവുമായി നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലി.

മുഖ്യമന്ത്രി താനായിരുന്നെങ്കില്‍ ജേക്കബ്‌തോമസ് വീട്ടിലിരുന്നേനെ എന്നായിരുന്നു മഞ്ഞളാംകുഴിയുടെ വിമര്‍ശനം. ഇതേ തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെയ്ക്കുകയും ചെയ്തു.

കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കണോ എന്നതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു മഞ്ഞളാംകുഴി അലി.

ജേക്കബ്ബ് തോമസ് ഇപ്പോഴും സര്‍വീസിലിരിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയതുകൊണ്ട് മാത്രമാണ്. താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ജേക്കബ്ബ് തോമസിനെ എന്നേ വീട്ടിലിരുത്തിയേനെ എന്നും മഞ്ഞളാംകുഴി അലി പറഞ്ഞു

അഗ്‌നിശമന സേനയ്‌ക്കെതിരേ നിയമസഭയില്‍ നേരത്തേയും മഞ്ഞളാംകുഴി അലി വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇല്ലാത്ത അധികാരമുണ്ടാക്കാന്‍ അഗ്‌നിശമനസേന ശ്രമിക്കേണ്ടെന്നും കെട്ടിടങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ചാല്‍ മാത്രം മതിയെന്നുമായിരുന്നു മഞ്ഞളാംകുഴി അലിയുടെ പ്രതികരണം.

കെട്ടിടങ്ങള്‍ക്ക്  ലൈസന്‍സ് കൊടുക്കണോ വേണ്ടയോ എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കും. അത്തരം ഉത്തരവാദിത്തങ്ങളൊന്നും തത്ക്കാലം അഗ്നിശമന സേന ഏറ്റെടുക്കേണ്ടെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

We use cookies to give you the best possible experience. Learn more