നിര്‍മ്മാണ രംഗത്തേക്ക് കൂടി ചുവടുറപ്പിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ചിത്രമായ ‘മണിയറയില്‍ അശോകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് മണിയറയിലെ അശോകന്‍.
നിര്‍മ്മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്. പ്രേക്ഷകരെ പുഞ്ചിരിപ്പിക്കുന്ന ലളിതസുന്ദരമായ പ്രണയകഥയായിരിക്കും ‘മണിയറയില്‍ അശോകന്‍’ എന്നാണ് ദുല്‍ഖര്‍ പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ തികച്ചും ഗ്രാമീണമായ പശ്ചാത്തലത്തിലാണ് ഇരുവരെയും അവതരിപ്പിച്ചിട്ടുള്ളത്. വിഷ്ണു നാരായണനാണ് പോസ്റ്റര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
നവാഗതനായ ഷംസു സെയ്ബയാണ് സംവിധാനം.മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണന്‍ ആണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സജാദ് കാക്കുവും സംഗീത സംവിധായകന്‍ ശ്രീഹരി കെ.നായരുമാണ്. സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ അപ്പു.എന്‍.ഭട്ടതിരി ആണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ആതിര ദില്‍ജിത്ത് ആണ് പി.ആര്‍.ഒ.
ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രിദ ശിവദാസ് എന്നിവരും ചിത്രത്തിലുണ്ട്.
സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസിന്റെ നേതൃത്വത്തില്‍ മണിയറ അശോകന്‍ കൂടാതെ രണ്ട് ചിത്രങ്ങള്‍ കൂടിയാണ് അണിയറയില്‍ പുരോഗമിക്കുന്നത്. ‘വരനെ ആവശ്യമുണ്ട്’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങളാണ് നിര്‍മ്മാണത്തിലിരിക്കുന്ന മറ്റ് രണ്ടെണ്ണം.
DoolNews Video
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ ദുല്‍ഖറാണ് നായകവേഷത്തിലെത്തുക. 13 വര്‍ഷങ്ങള്‍ക്ക ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്പദമാക്കുന്ന ‘കുറുപ്പി’ലും ദുല്‍ഖര്‍ തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നത്. സെക്കന്റ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുപ്പ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതില്‍ മൂന്നാമതായി പ്രഖ്യാപിച്ച ‘വരനെ ആവശ്യമുണ്ട്’ ആയിരിക്കും ആദ്യം തീയേറ്ററുകളിലെത്തുക. അടുത്തിടെ ഇറങ്ങിയ ചിത്രത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.