കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന മണിയറയിലെ അശോകനും ഓണ്‍ലൈന്‍ റിലീസിന്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആഗസ്റ്റ് 31 നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സ് വഴി റിലീസ് ചെയ്യുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാതാവാകുന്ന മണിയറയിലെ അശോകനിലെ ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്നാലപിച്ച ‘ഉണ്ണിമായ’ എന്ന ഗാനം പുറത്തിറങ്ങി. നവാഗതനായ ഷംസു സായ്ബാ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശ്രീഹരി കെ നായരാണ്. ഷിയാസ് അമ്മദ്കോയയുടേതാണ് വരികള്‍. സിനിമയുടെ പ്രധാന മേഖലകളെല്ലാം കൈകാര്യം ചെയ്യുന്നത് പുതുമുഖങ്ങളാണ് എന്നതാണ് പ്രത്യേകത. മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണന്‍ ആണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന സജാദ് കാക്കുവും സംഗീത സംവിധായകന്‍ ശ്രീഹരി കെ.നായര്‍ തുടങ്ങിയവരും പുതുമുഖങ്ങളാണ്.
സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ അപ്പു.എന്‍.ഭട്ടതിരി ആണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ആതിര ദില്‍ജിത്ത് പി.ആര്‍.ഒ ആയും ഷുഹൈബ് എസ്.ബി.കെ സ്റ്റില്‍ ഫോട്ടോഗ്രാഫറായും സിനിമയുടെ പിന്നണിയിലുണ്ട്.
അതേസമയം ഒ.ടി.ടി റിലീസ് നടത്തുന്ന സിനിമകളുമായും അതിന്റെ അണിയറ പ്രവര്‍ത്തകരുമായും സഹകരിക്കില്ലെന്ന് നേരത്തെ തിയേറ്റര്‍ ഉടമളുടെ സംഘടനയായ ഫിയോക് പറഞ്ഞിരുന്നു. ഇതിനിടെയാണ് ദുല്‍ഖര്‍ നിര്‍മ്മാതാവ് ആകുന്ന ചിത്രം ഡയറക്റ്റ് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചത്.
അതേസമയം ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന് ഒ.ടി.ടി റിലീസിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനെതിരെ സംവിധായകന്‍ ആഷിഖ് അബു, നിര്‍മ്മാതാവും നടനുമായ വിജയ് ബാബു, നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന്‍ എന്നിവരും രംഗത്ത് എത്തിയിരുന്നു.
ആന്റണി പെരുമ്പാവൂരാണ് ഫിയോക്കിന്റെ അദ്ധ്യക്ഷന്‍. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിച്ച് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ലവ് എന്ന ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോഗുലന്‍, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കിയ മലയാള സിനിമയാണ് ലവ്.