| Monday, 31st August 2020, 8:27 am

Movie Review: മണിയറയിലെ അശോകനും, അശോകന്റെ ആശങ്കകളും

അശ്വിന്‍ രാജ്

ആഘോഷ ദിനങ്ങളാവേണ്ടിയിരുന്ന ഒരു കാലമായിരുന്നു ഇത്. ഏത് സിനിമ കാണണം എന്ന് പ്രേക്ഷകരെ ആശങ്കപ്പെടുത്തുമായിരുന്ന ഒരു ഓണക്കാലം. പക്ഷേ കൊവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി സിനിമകള്‍ക്കും തടസമായിരിക്കുകയാണ്.

ഏങ്കിലും ഓണക്കാലത്ത് ഒ.ടി.ടി റിലീസിലൂടെ തിയേറ്ററുകളില്‍ തിരുവോണത്തിന് എത്തിയിരിക്കുകയാണ് മണിയറയിലെ അശോകന്‍. നെറ്റ്ഫ്‌ളിക്‌സില്‍ ഡയറക്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമകൂടിയാണ് മണിയറയിലെ അശോകന്‍. കുടുംബ പ്രേക്ഷകരെ മുന്നില്‍ കണ്ട് കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഷംസു സായ്ബയാണ്.

അക്കരകാഴ്ചകള്‍ എന്ന സീരിയലിലൂടെയും ദുല്‍ഖര്‍ നായകനായ എ.ബി.സി.ഡിയിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായ ജേക്കബ് ഗ്രിഗറിയാണ് മണിയറയിലെ അശോകനിലെ നായകന്‍.

വില്ലേജ് ഓഫീസിലെ ജീവനക്കാരനായ അശോകന്‍ ടൈറ്റില്‍ കഥാപാത്രമായാണ് ഗ്രിഗറി സിനിമയില്‍ എത്തുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അശോകന്റെ മണിയറയില്‍ നിന്നുമാണ് സിനിമയുടെ കഥ ആരംഭിക്കുന്നത്.

വയലത്താണി എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് അശോകന്റെ കഥ നടക്കുന്നത്. ഒരു ശരാശരി മലയാളി യുവാവിന്റെ എല്ലാ അപകര്‍ഷതാ ബോധവുമുള്ള വ്യക്തിയാണ് അശോകന്‍. തന്റെ ഉയരത്തെയും നിറത്തെയും കുറിച്ചുമെല്ലാം അശോകന് ആശങ്കയുള്ള അശോകന് തന്റെ വിവാഹം നടക്കാത്തതിലും സങ്കടമുണ്ട്. വിവാഹം കഴിക്കാനുള്ള അശോകന്റെ ശ്രമങ്ങളും ഇതിനായി അശോകന്റെ കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളിലൂടെയും ബന്ധുക്കളിലൂടെയുമാണ് കഥ വികസിക്കുന്നത്.

അശോകന്റെ കഥപറയുമ്പോള്‍ തന്നെ അശോകന്റെ സുഹൃത്തുക്കളുടെയും ജീവിതവും ചിത്രത്തില്‍ പറഞ്ഞു പോകുന്നുണ്ട്. നാലിലധികം നായികമാരാണ് ചിത്രത്തില്‍ ഉള്ളത്.

ചിത്രത്തിന്റെ അസോസിയേറ്റ് തന്നെയായ അനുപമ പരമേശ്വരന്‍, ശ്രിന്ദ ശിവദാസ്, ഒനിമ കശ്യപ്, രണ്ട് സസ്‌പെന്‍സ് നായികമാരും ചിത്രത്തില്‍ എത്തുന്നുണ്ട്. വലിയ അവകാശവാദങ്ങള്‍ ഒന്നുമില്ലാത്ത ചെറിയ ഒരു സിനിമയാണ് മണിയറയിലെ അശോകന്‍. ഇതിന് പുറമേ അനുസിതാരയും ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്നുണ്ട്.

വിവാഹവും വിശ്വാസങ്ങളും പ്രണയവും സൗഹൃദവുമെല്ലാം ചിത്രത്തില്‍ പ്രധാനവിഷയമാവുന്നുണ്ട്. പക്ഷേ ചിലപ്പോഴെങ്കിലും തിരക്കഥയുടെ പാളിച്ചകള്‍ ചിലയിടങ്ങളില്‍ അനുഭവപ്പെട്ടു. ചിത്രത്തിന്റെ അവസാന ഭാഗങ്ങളിലേക്കാണ് പ്രധാനമായും ഈ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്.

വിവാഹ കമ്പോളത്തിലെ ആവശ്യങ്ങളും ജാതകം കൊണ്ടും വിശ്വാസങ്ങള്‍ കൊണ്ടുമുള്ള പ്രശ്‌നങ്ങളും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. നായക കഥാപാത്രമായ ജേക്കബ് ഗ്രിഗറി തന്റെ കരിയറിലെ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. പക്ഷേ ചിലയിടങ്ങളിലെങ്കിലും ഡയലോഗ് ഡെലിവറിയില്‍ ഏച്ചുകെട്ടലുകള്‍ അനുഭവപ്പെടുന്നുണ്ട്.

സണ്ണിവെയ്‌നും അദ്ദേഹത്തിന്റെ ഭാര്യയും ചിത്രത്തില്‍ അതിഥിതാരങ്ങളായി എത്തുന്നുണ്ട്. നെറ്റ്ഫ്‌ളിക്‌സ് ട്രെയ്‌ലറില്‍ ആദ്യം തന്നെ കാണിച്ചത് കൊണ്ടാണോ എന്നറിയില്ല ദുല്‍ഖറിന്റെ അതിഥി വേഷത്തിന് സംവിധായകന്‍ ഉദ്ദേശിച്ച ഒരു ഇംപാക്ട് പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

ചിത്രത്തിലെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചവരില്‍ എടുത്ത് പറയേണ്ടത് കൃഷ്ണ ശങ്കറിന്റെ രതീഷ് എന്ന കഥാപാത്രത്തെയാണ്. കിച്ചുവിന്റെ കൊമഡി ടൈംമിഗ് ചിത്രത്തെ രസകരമാക്കുന്നുണ്ട്.

ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെയെത്തിയ അനുപമയും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. വിജയരാഘവന്റെ അച്ഛന്‍ വേഷവും ഷൈന്‍ ടോം ചാക്കോയുടെ ഷൈജു എന്ന കഥാപാത്രവും മികച്ചു നിന്നു.

ശ്രീഹരിയുടെ ഗാനങ്ങള്‍ ചിത്രത്തില്‍ മികച്ചതായിരുന്നു. പ്രത്യേകിച്ച് ഓള് എന്ന ഗാനം മികച്ച് നിന്നു. സജാദ് കാക്കുവിന്റെ ക്യാമറ നാട്ടിന്‍ പ്രദേശത്തിന്റെ ഭംഗി ഒപ്പിയെടുത്തിട്ടുണ്ട്. അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

മുമ്പ് പറഞ്ഞ പോലെ തന്നെ വലിയ അവകാശവാദങ്ങളോ പ്രതീക്ഷകളോ ഒന്നുമില്ലാതെ ഒരു തവണ കണ്ടിരിക്കാവുന്ന ഒരു ഫീല്‍ ഗുഡ് സിനിമയാണ് മണിയറയിലെ അശോകന്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Maniyarayile Ashokan Movie  Review,

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more