കൊച്ചി: താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് വരുന്ന 19 ന് നടക്കാന്‍ പോവുകയാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളിലേക്ക് നേരത്തെ തന്നെ എതിരില്ലാതെ ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഔദ്യോഗിക വിഭാഗത്തിനെതിരെ മത്സരിക്കുന്നതിലൂടെ മണിയന്‍പിള്ള രാജു വാര്‍ത്തകളിലിടം പിടിച്ചിരുന്നു. എന്നാല്‍ സംഘടനയില്‍ മോഹന്‍ലാല്‍ വിഭാഗം മമ്മൂട്ടി വിഭാഗം എന്നൊന്ന് ഇല്ല എന്ന് പറയുകയാണ് മണിയന്‍പിള്ള രാജു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സംഘടന ഉണ്ടാക്കിയ ഒരാളാണ് ഞാന്‍. 27 വര്‍ഷമായി ഒരു ഭാരവാഹിത്വവും ഏറ്റെടുത്തിട്ടില്ല. രണ്ടുമൂന്ന് പ്രാവശ്യം എക്‌സിക്യൂട്ടീവ് മെമ്പറായിട്ടുണ്ട്. ഇത്തവണ കുറച്ചുകൂടി നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന് വിചാരിച്ചു. അങ്ങനെ വൈസ് പ്രസിഡന്റായിട്ട് നോമിനേഷന്‍ കൊടുത്തു. അപ്പോഴും എന്നോട് ഒന്നും പറഞ്ഞില്ല.
നോമിനേഷന്‍ കൊടുത്തതിന് ശേഷമാണ് സ്ത്രീകള്‍ക്ക് വേണ്ടി സംവരണം ചെയ്ത സീറ്റാണെന്ന് പറയുന്നത്. അത് ജനറല്‍ ബോഡി തീരുമാനിച്ചിട്ടില്ല, എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടില്ല. അല്ലെങ്കില്‍ ഒരു അമെന്റ്‌മെന്റില്ല. നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കൊടുക്കില്ലായിരുന്നു. സ്ത്രീകള്‍ വരുന്നത് സന്തോഷമാണ്,’ മണിയന്‍പിള്ള രാജു പറഞ്ഞു.
‘സ്‌ക്രൂട്ടിണി കഴിഞ്ഞാണ് സംവരണത്തിന്റെ കാര്യം പറയുന്നത്. അതിനാല്‍ പിന്മാറാന്‍ കഴിയില്ല. പക്ഷേ ഇതിന് വേണ്ടി സ്‌പെഷ്യല്‍ പോസ്റ്റര്‍ അടിക്കുകയോ പബ്ലിസിറ്റി നടത്തുകയോ ചെയ്തിട്ടില്ല. ചിലരെ ഫോണ്‍ വിളിച്ചിട്ടുണ്ട്. അവരെല്ലാം നന്നായി പ്രതികരിച്ചിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനം എന്തുകൊണ്ട് സ്ത്രീ സംവരണത്തിനായി മാറ്റിവെച്ചില്ലായെന്നും മണിയന്‍പിള്ള രാജു ചോദിച്ചു.
‘ഭരണസമിതിയിലുണ്ടായിരുന്നവരാണ് മുകേഷും, ജഗദീഷും, ഗണേഷ് കുമാറുമെല്ലാം. അവരൊന്നും സംവരണത്തിന്റെ കാര്യം അറിഞ്ഞിട്ടില്ല. കാരണം എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലോ ജനറല്‍ ബോഡിയിലോ തീരുമാനിച്ചിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം അമ്മയില്‍ തെരഞ്ഞെടുപ്പ് വരുന്നത് നല്ലതാണ്. ജയിച്ചാലും തോറ്റാലും ഞാന്‍ അമ്മയുടെ കൂടെ തന്നെയുണ്ട്. സ്ത്രീകള്‍ക്ക് സംവരണം ഉണ്ടെങ്കില്‍ ഒരു നോട്ടീസ് അയക്കാമായിരുന്നു,’ അദ്ദേഹം പറഞ്ഞു.
‘മോഹന്‍ലാലിന്റെ പാനല്‍ എന്നൊന്നില്ല, അദ്ദേഹം ആര്‍ക്കുവേണ്ടിയും ഒന്നും ചെയ്യില്ല. അദ്ദേഹത്തെ ആവശ്യമുണ്ട്. അതുകൊണ്ട് ആരും മോഹന്‍ലാലിന് എതിര് നില്‍ക്കില്ല. പുറത്ത് പറയുന്നത് മോഹന്‍ലാലിന്റെ പാനല്‍ മമ്മൂട്ടിയുടെ പാനല്‍ എന്നൊക്കെയാണ്. അങ്ങനെയൊന്നുമില്ല. മോഹന്‍ലാല്‍ നിക്ഷപക്ഷവാദിയാണ്. മോഹന്‍ലാലിന്റെ പാനല്‍ എന്നൊക്കെ പറഞ്ഞുനടക്കുന്നത് വോട്ട് നേടാനുള്ള ഹീന തന്ത്രമാണ്’ മണിയന്‍പിള്ള രാജു പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: maniyanpillan-raju-comments-on-amma-election