നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് മണിയന്‍പിള്ള രാജു. നിര്‍മാതാവായും അഭിനേതാവായും അദ്ദേഹം ഇന്നും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള എന്ന ചിത്രത്തിന് ശേഷമാണ് സുധീര്‍ കുമാര്‍ എന്ന തന്റെ യഥാര്‍ത്ഥ നാമം മാറ്റി മണിയന്‍പിള്ള രാജു എന്ന പേര് അദ്ദേഹം സ്വീകരിക്കുന്നത്.
മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു. മറ്റ് നടന്മാരെല്ലാം അഭിനയം കഴിഞ്ഞ് മുറിയില്‍ പോയാല്‍ അവരുടെ മുറികളില്‍ മദ്യപാന സദസുകളും മറ്റ് ബിസിനസുകാരുമായുള്ള കൂടികാഴ്ചയെല്ലാം ഉണ്ടാകുമെന്നും എന്നാല്‍ മമ്മൂട്ടിയുടെ മുറിയില്‍ അദ്ദേഹം മാത്രമേ ഉണ്ടാകുകയെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയുടെ മുറിയില്‍ ഏത് രാത്രിയും പോയി മുട്ടാന്‍ സ്വാതന്ത്ര്യമുള്ള രണ്ട് നടന്മാരാണ് ഉള്ളതെന്നും അത് താനും കുഞ്ചനുമാണെന്ന് മണിയന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
‘ഈ മമ്മൂട്ടിയുടെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചുകഴിഞ്ഞാല്‍ ഷൂട്ടൊക്കെ കഴിഞ്ഞ് പോയിക്കഴിഞ്ഞാല്‍ മറ്റ് നടന്മാരുടെ മുറികളില്‍ മദ്യപാന സദസുകളും ബിസിനസുകാരുമെല്ലാം ഉണ്ടാകും. എന്നാല്‍ മമ്മൂട്ടിയുടെ മുറിയില്‍ മമ്മൂട്ടി മാത്രമേ ഉണ്ടാകു. ബാക്കിയുള്ള പരിപാടികളിലൊന്നും മമ്മൂട്ടി പോകാറില്ല.
അങ്ങനെയുള്ള മമ്മൂട്ടിയുടെ മുറിയുടെ വാതില്‍ ഏത് രാത്രിയും മുട്ടാന്‍ കഴിയുന്ന രണ്ട് നടന്മാര്‍ മാത്രമേ ഉള്ളു. അതിന് ഒന്ന് ഞാനാണ്. മറ്റൊന്ന് കുഞ്ചനും ആണ്,’ മണിയന്‍പിള്ള രാജു പറയുന്നു.
അതേസമയം മോഹന്‍ലാലുമായി പതിമൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മണിയന്‍പിള്ള രാജു സിനിമ ചെയ്യുന്നത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. മോഹന്‍ലാലുമായി സിനിമ ചെയ്യാന്‍ ഇത്രയും വര്‍ഷത്തെ ഇടവേള വന്നതിനെ കുറിച്ചും മണിയന്‍പിള്ള സംസാരിച്ചു.
‘മോഹന്‍ലാലിന്റെ കൂടെ ഞാന്‍ ഒരു സിനിമയി അഭിനയിച്ചിട്ട് പതിമൂന്ന് വര്‍ഷമായി. അതിന് ശേഷം ഇപ്പോഴാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ എന്നും വിളിക്കുന്ന ആളാണ്. ഞങ്ങള്‍ തമ്മില്‍ സംസാരിക്കും, പല സ്ഥലത്ത് കാണാറുണ്ട്, കൂടാറുണ്ട്. അങ്ങനെയൊക്കെയുള്ള ആളുകളാണ് ഞങ്ങള്‍. അപ്പോഴൊന്നും നിന്റെ അടുത്ത പടത്തില്‍ എന്നെ വിളിക്കണം എന്ന് പറയുന്ന സംസാരം ഉണ്ടാകാറില്ല.
പക്ഷെ എന്നെ അങ്ങനെ സിനിമയിലേക്ക് വേണം എന്ന് പറഞ്ഞ് നിരന്തരം വിളിക്കുന്ന ആളുകളുണ്ട്. അവരുടെയൊക്കെ പടത്തില്‍ ഞാന്‍ ഉണ്ടാകാറുമുണ്ട്. എന്തെങ്കിലും അവസരമുണ്ടെങ്കില്‍ അവര്‍ എനിക്ക് തരും. അല്ലെങ്കില്‍ ആ കഥാപാത്രത്തിന് ഞാന്‍ കൊള്ളില്ല, മോശമായിരിക്കും എന്ന് കരുതി വിളിക്കാതിരിക്കുന്നതാകും,’ മണിയന്‍പിള്ള രാജു പറയുന്നു.
Content Highlight: Maniyanpillai Raju Talks About Mammootty