| Monday, 2nd May 2022, 3:37 pm

വിജയ് ബാബുവിനെയും ദിലീപിനെയുമൊന്നും 'ചവിട്ടിപ്പുറത്താക്കാന്‍' കഴിയില്ല: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ലൈംഗികാതിക്രമക്കേസിലെ പ്രതികളായ വിജയ് ബാബുവിനെയും ദിലീപിനെയുമൊന്നും ‘ചവിട്ടിപ്പുറത്താക്കാന്‍’ കഴിയില്ലെന്ന് ‘അമ്മ’ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജു.

തെറ്റുകാരന്‍ ആണെങ്കില്‍ 150 ശതമാനവും ശിക്ഷിക്കപ്പെടണമെന്നാണ് അഭിപ്രായമെന്നും അതേസമയം സംഘടനയിലെ അംഗങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

വിജയ് ബാബുവിനെതിരെ എന്തെങ്കിലും നടപടിയെടുക്കണമെന്ന് കമ്മിറ്റി ആലോചനയുണ്ടായിരുന്നു. എന്നാല്‍ സംഘടനയിലെ അംഗത്തെ സംരക്ഷിക്കുകയും വേണം.

പെണ്ണുങ്ങള്‍ക്ക് അവരുടേതായ സംഘടനയും മറ്റു കാര്യങ്ങളുമൊക്കെയുണ്ടല്ലോ. നമ്മുടെ സംഘടനയുമായി ബന്ധപ്പെട്ട് ഒരാള്‍ വന്ന് ഇങ്ങനെ ചോദിച്ചു, ‘നമ്മുടെ കൈയില്‍ രണ്ട് ഓപ്ഷനാണുള്ളത്. സസ്പെന്റ് ചെയ്യുമോ. എന്താണ് പറയാനുള്ളത്.’ എന്നാല്‍ അമ്മയ്ക്ക് ഒരു ചീത്തപേരും ഉണ്ടാക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘ഞാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി പദവിയില്‍ നിന്നും മാറിനില്‍ക്കാം. ഞാന്‍ കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയല്ലായെന്ന് ക്ലീറ്റ് ചിറ്റ് എഴുതി നല്‍കാം.’ എന്ന് അദ്ദേഹം മറുപടി നല്‍കി. അക്കാര്യം എക്സിക്യൂട്ടീവ് കമ്മിറ്റിയെ അറിയിച്ചപ്പോള്‍ അവര്‍ക്കെല്ലാം സമ്മതം. അല്ലാതെ തര്‍ക്കമൊന്നുമില്ല, മണിയന്‍പിള്ള രാജു പറഞ്ഞു.

അമ്മ ഐ.സി.സിയില്‍ നിന്നുള്ള മാല പാര്‍വതിയുടെ രാജിയിലും മണിയന്‍പിള്ള രാജു പ്രതികരിച്ചു. രാജിയൊക്കെ വ്യക്തികളുടെ ഇഷ്ടമാണെന്നും ആര്‍ക്ക് വേണമെങ്കിലും പുറത്ത് പോകാമെന്നും അവരുടെ അഭിപ്രായം പറയാമെന്നുമായിരുന്നു മണിയന്‍പിള്ള രാജു പറഞ്ഞത്. പെണ്ണുങ്ങള്‍ക്ക് അവരുടേതായ സംഘടനയുണ്ടല്ലോയെന്നും മണിയന്‍പിള്ള രാജു ചോദിച്ചു.

‘മാല പാര്‍വതി ഇന്റേണല്‍ കമ്മിറ്റിയില്‍ നിന്നും രാജിവെച്ചത് അവരുടെ ഇഷ്ടമാണ്. അവര്‍ക്കൊക്കെ എന്തും ചെയ്യാം. പുറത്ത് പോകാം അഭിപ്രായം പറയാം എല്ലാം ചെയ്യാം. സംഘടനയാവുമ്പോള്‍ ഒരാള്‍ ആരോപണവിധേയനാവുമ്പോള്‍ പുറത്താക്കാന്‍ പറ്റില്ല. നടപടി ക്രമങ്ങള്‍ ഉണ്ട്. ശ്വേതയും ലെനയും സുരഭിയുമെല്ലാം ഉണ്ടായിരുന്നു, കത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് കാത്തിരിക്കാം എന്നായിരുന്നു എല്ലാവരുടേയും മറുപടി. വിജയ് ബാബുവല്ല, ദിലീപല്ല ആരായാലും ചുമ്മാ ചവിട്ടിയരച്ച് കളയാന്‍ പറ്റില്ലല്ലോ. തെറ്റുകാരന്‍ ആണെങ്കില്‍ 150 ശതമാനവും ശിക്ഷിക്കപ്പെടണം,’ മണിയന്‍പിള്ള രാജു പറഞ്ഞു.

നടന്‍ വിജയ് ബാബുവിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി നല്‍കിയ ശിപാര്‍ശ അംഗീകരിക്കാത്ത ‘അമ്മ’യുടെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ഇന്റേണല്‍ കമ്മിറ്റിയില്‍ നിന്നും മാല പാര്‍വതി രാജിവെച്ചത്.

വിജയ് ബാബു ഇരയുടെ പേര് പറഞ്ഞതില്‍ നടപടി വേണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അമ്മ നിലവില്‍ എടുത്തിരിക്കുന്നത് അച്ചടക്ക നടപടിയല്ലെന്നും മാല പാര്‍വതി പറഞ്ഞു.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും വിജയ് ബാബു സ്വമേധയാ മാറുന്നു എന്നാണ് അമ്മ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. മാറി നില്‍ക്കാന്‍ അമ്മ ആവശ്യപ്പെട്ടു എന്ന വാക്കില്ല. അമ്മയുടെ ഈ തീരുമാനത്തെ ഐ.സി.സി മെമ്പറായി ഇരുന്ന് കൊണ്ട് അംഗീകരിക്കാന്‍ എനിക്ക് കഴിയില്ല. അതൊരു തെറ്റായ നടപടിയാണ്. അതുകൊണ്ട് ഖേദപൂര്‍വം രാജിസമര്‍പ്പിക്കുകയായിരുന്നു.

27ാം തിയതിയാണ് ഞങ്ങള്‍ മീറ്റിങ് നടത്തിയത്. ഞങ്ങളുടെ നിര്‍ദേശം അമ്മയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു. വിജയ് ബാബുവിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാല്‍ പ്രസ് റിലീസ് കണ്ടപ്പോള്‍ നിരാശ തോന്നി.

ശ്വേതയും രാജിവെക്കാന്‍ പോകുകയാണെന്ന് പറഞ്ഞു. കുക്കുവും അതേ വികാരമാണ് പ്രകടിപ്പിച്ചത്. ഇവരുടെ കാര്യം മാത്രമേ എനിക്കറിയാവൂ. വിജയ് ബാബുവിനെതിരെ ആക്ഷന്‍ എടുക്കുമെന്ന് പറഞ്ഞാണ് അന്ന് അമ്മയുമായുള്ള മീറ്റിങ് അവസാനിച്ചത്.

എന്നാല്‍ ഇപ്പോള്‍ ‘നിങ്ങള്‍ പറഞ്ഞത് അനുസരിച്ച് അദ്ദേഹം മാറിയല്ലോ’ എന്നാണ് പറഞ്ഞത്. പക്ഷേ സമൂഹത്തിലേക്ക് പോകുന്ന മെസ്സേജ് അങ്ങനെയല്ല.

അമ്മ ആവശ്യപ്പെട്ടിട്ട് രാജിവെച്ചു എന്നൊരു വാക്ക് ആ പ്രസ് റിലീസില്‍ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ഒരു രാജിയിലേക്ക് ഞാന്‍ പോകില്ലായിരുന്നു. ഐ.സി.സി മെമ്പര്‍ ആയിരുന്നുകൊണ്ട് ആ തീരുമാനത്തെ പിന്തുണയ്ക്കാന്‍ നമുക്കാവില്ല.

പെണ്‍കുട്ടിയുടെ പരാതി കിട്ടിയില്ലല്ലോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ സ്വമേധയാ കേസെടുക്കാമെന്ന് നിയമത്തിലുണ്ട്. അതുകൊണ്ടാണ് വിജയ് ബാബുവിനെ മാറ്റാന്‍ ഞങ്ങള്‍ നിര്‍ദേശിച്ചത്. ഐ.സി.സി രൂപീകരിച്ച ശേഷം ഞങ്ങള്‍ ഇടപെട്ട ആദ്യ വിഷയം ഇതായിരുന്നുവെന്നും മാല പാര്‍വതി പറഞ്ഞു.

Content Highlight: Maniyanpillai Raju about vijay babu and dileep

We use cookies to give you the best possible experience. Learn more