| Tuesday, 14th May 2024, 12:44 pm

ലാലിനെ കണ്ടപ്പോള്‍, ഇയാള്‍ പറ്റില്ല മഹാ വൃത്തികേടാണെന്ന് ആ സംവിധായകന്‍ പറഞ്ഞു: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫാസിലിന്റെയും മോഹന്‍ലാലിന്റേയും കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. ചിത്രം റിലീസ് ചെയ്ത് 40 വര്‍ഷത്തിലേറെ പിന്നിട്ടെങ്കിലും ഇന്നും ചിത്രം മലയാളികളുടെ മനസിലുണ്ട്. പുതുമുഖങ്ങളെ വെച്ച് സംവിധാനം ചെയ്ത സിനിമ ശരിക്കും അന്ന് ഒരു പരീക്ഷണമായിരുന്നു.

ഒരു നടനാവണമെന്ന ആഗ്രഹം മോഹന്‍ലാലിന് ഉണ്ടായിരുന്നില്ലെന്നും മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ഒഡിഷനില്‍ പങ്കെടുത്ത മോഹന്‍ലാലിനെ ആദ്യം കൊള്ളില്ലന്ന് പറഞ്ഞ് ഒഴിവാക്കിയിരുന്നെന്നും പറയുകയാണ് മണിയന്‍പിള്ള രാജു.

പിന്നീട് ജിജോയും ഫാസിലുമാണ് ഹിന്ദിയിലൊക്കെ കാണുന്ന പോലെ ഒരു വില്ലനു പറ്റിയ മുഖമുണ്ടെന്ന് പറഞ്ഞ് ലാലിനെ സെലക്ട് ചെയ്യുന്നതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ജാങ്കോ സ്പേസ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹന്‍ലാലിനെ ആദ്യമായി മേക്കപ്പും ഡയറക്ഷനും ചെയ്തത് താനാണെന്നും അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു പറഞ്ഞു.

‘ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞ സമയത്താണ് മോഹന്‍ലാലും കൂട്ടുകാരും എന്റെ അടുത്ത് നാടകം പഠിക്കാന്‍ വരുന്നത്. വേളൂര്‍ കൃഷ്ണകുട്ടി സാറിന്റെ ഏകാംഗ നാടകം ഞാന്‍ പഠിപ്പിച്ചു. അന്ന് തൊണ്ണൂറ് വയസ്സായ അപ്പനായിട്ടാണ് ലാല്‍ അഭിനയിച്ചത്. അതില്‍ ബെസ്റ്റ് ആക്ടര്‍ ആവുകയും ചെയ്തു. ലാല്‍ ടാലന്റെഡ് ആണന്ന് അന്നേ എനിക്ക് മനസിലായിരുന്നു. എന്നാല്‍ ആക്ടര്‍ ആവണമെന്ന് ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നില്ല.

ഞാന്‍ അഡയാര്‍ ഇന്‍സ്റ്റിട്ട്യൂറ്റില്‍ പഠിക്കുന്ന സമയം ലാലിനെ കാണാന്‍ പോവുമായിരുന്നു. അന്നവിടെ കമ്പനിയടിച്ച് ഇരിക്കുമ്പോള്‍ അവിടെ പഠിപ്പിക്കുന്നതിനെ കുറിച്ചെല്ലാം എന്നോട് ചോദിക്കും. ആ സമയത്താണ് തിരനോട്ടം എന്ന സിനിമയില്‍ ലാല്‍ അഭിനയിക്കുന്നത്. അത് കഴിഞ്ഞിട്ടും ലാലിന് സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹമൊന്നുമില്ലായിരുന്നു. എന്തങ്കിലും പഠിച്ച് ജോലി ചെയ്യണം എന്നായിരുന്നു.

നവോദയ പുതുമുഖ താരങ്ങളെ തേടുന്നതായുള്ള പരസ്യം കണ്ടപ്പോള്‍ എല്ലാവരും ചേര്‍ന്ന് പുള്ളിയോട് ഫോട്ടോ അയക്കാന്‍ പറഞ്ഞു. അപ്പോഴും ഇതെല്ലാം എന്തിനാണ് എന്നാണ് ലാല്‍ ചോദിച്ചത്. എന്നിട്ടും നമ്പ്യാര്‍ എന്ന വ്യക്തിയെ കൊണ്ട് സുരേഷ് കുമാര്‍ ഫോട്ടോ എടുത്തയച്ചു കൊടുത്തു. അങ്ങനെ കൂട്ടുകാര്‍ നിര്‍ബന്ധിച്ചാണ് ലാലിനെ ഓഡീഷന് അയച്ചത്.

അന്നവിടെ സിബി മലയില്‍, ഫാസില്‍ എല്ലാം ഉണ്ടായിരുന്നു. മോഹന്‍ലാല്‍ ഷര്‍ട്ടില്‍ ഒരു കുട തൂക്കിയിട്ട്, മുടിയൊക്കെ വളര്‍ത്തി, തോള്‍ ചെരിഞ്ഞുള്ള നടത്തോടെ അവിടേക്ക് കയറി ചെന്നു. ഞാന്‍ ഇപ്പോള്‍ പേര് പറയുന്നില്ല, അന്നത്തെ ഒരു വലിയ സംവിധായകന്‍ ഇവന്‍ കൊള്ളില്ല മഹാ വൃത്തികേടാണെന്ന് പറഞ്ഞു.

എന്നാല്‍ അന്ന് ജിജോയും ഫാസിലും ലാലിനെ കണ്ടപ്പോള്‍ പറഞ്ഞത് ഹിന്ദിയിലോക്കെ വരുന്ന പോലെ ഒരു വില്ലനു പറ്റിയ പുതുമയുണ്ട് എന്നായിരുന്നു. ലാലിന്റെ ആ മുടിയും നടത്തവുമൊക്കെ കണ്ടപ്പോള്‍ അവന്‍ കഥാപാത്രത്തിന് കറക്ടാവുമെന്ന് അവര്‍ക്ക് തോന്നി.

അങ്ങനെയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ലാല്‍ വില്ലനാവുന്നത്. അവിടുന്നാണ് മോഹന്‍ലാലിന്റെ തുടക്കം. അവിടുന്നുങ്ങോട്ട് ലാലിനെ തേടി നല്ല കഥാപാത്രങ്ങള്‍ വന്നു. അദ്ദേഹം അത് ആത്മാര്‍ത്ഥമായി ചെയ്തു, ഈ നിലയില്‍ എത്തി,’ മണിയന്‍പിള്ള രാജു പറഞ്ഞു.

Content Highlight: Maniyanpillai raju about mohanlal

We use cookies to give you the best possible experience. Learn more