മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മണിയന്‍പിള്ള രാജു. നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് അദ്ദേഹം. കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കുകയും 13 സിനിമകള്‍ നിര്‍മിക്കുകയും ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
പണ്ടത്തെയും ഇന്നത്തെയും സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു. പണ്ട് ഒരു സുവര്‍ണ കാലഘട്ടമായിരുന്നു എന്നാണ് താരം പറയുന്നത്. എങ്ങനെയെങ്കിലും സിനിമയില്‍ നില്‍ക്കണമെന്നുള്ളത് കൊണ്ട് മറ്റു പ്രൊഫഷന്‍ ഒന്നുമില്ലാതെ സിനിമയെന്ന് പറഞ്ഞാണ് ഇറങ്ങുന്നതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഗൂ’വിന്റെ പ്രൊമോഷന്റെ ഭാഗമായി വില്ലേജ് ഫോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ജനറേഷന്‍ നല്ല മിടുക്കന്മാരാണെന്ന് പറയുന്ന താരം പക്ഷേ അവര്‍ക്ക് അവരുടെ വഴിയാണെന്നും കൂട്ടിച്ചേര്‍ത്തു. അവര്‍ക്കൊക്കെ ചില ഗ്രൂപ്പുകളുണ്ടെന്നും ആ ഗ്രൂപ്പില്‍ മാത്രമേ അവര്‍ പടമെടുക്കുകയുള്ളൂവെന്നും മണിയന്‍പിള്ള രാജു അഭിമുഖത്തില്‍ പറയുന്നു.
‘അന്നത്തേത് ഒരു സുവര്‍ണ കാലഘട്ടമായിരുന്നു. അന്ന് കാരവാനും കാര്യങ്ങളും ഉണ്ടായിരുന്നില്ല. ഒരു വര്‍ക്ക് ചെയ്യുമ്പോള്‍ എല്ലാവരും ഒരുമിച്ച് ഉണ്ടായിരുന്നു. നമുക്ക് നല്ല ഡെഡിക്കേഷന്‍ ഉണ്ടാകും. എങ്ങനെയെങ്കിലും സിനിമയില്‍ നില്‍ക്കണമെന്ന് ഉള്ളത് കൊണ്ട് വേറെ പ്രൊഫഷന്‍ ഒന്നുമില്ലാതെ സിനിമയെന്ന് പറഞ്ഞാണ് ഇറങ്ങുന്നത്.
അപ്പോള്‍ എങ്ങനെയെങ്കിലും സിനിമയില്‍ തന്നെ നിന്നേ പറ്റുള്ളൂ. മദ്രാസില്‍ നിന്ന് തോറ്റ് തിരിച്ച് പോകാന്‍ സാധിക്കില്ല. അതുകൊണ്ട് പട്ടിണി കിടന്ന് സ്‌ട്രെഗിള് ചെയ്താണ് സിനിമയില്‍ പിടിച്ചു നിന്നത്. അപ്പോള്‍ ഞങ്ങള്‍ സീനിയേഴ്‌സിനെ ഒരുപാട് ബഹുമാനിക്കുമായിരുന്നു. രാവിലെ ആറ് മണിക്ക് എത്താന്‍ പറഞ്ഞാല്‍ നമ്മള്‍ അഞ്ചരക്ക് അവിടെ എത്തും.
ഇപ്പോള്‍ ഉള്ള ജനറേഷന്‍ നല്ല മിടുക്കന്മാരാണ്. പക്ഷേ അവര്‍ക്ക് അവരുടെ വഴിയാണ്. വര്‍ക്ക് കഴിഞ്ഞാല്‍ തന്നെ അവര്‍ കാരവാനിലേക്ക് പോകും. അവര്‍ക്കൊക്കെ ചില ഗ്രൂപ്പുകളുണ്ട്. ആ ഗ്രൂപ്പില്‍ മാത്രമേ അവര്‍ പടം എടുക്കുകയുള്ളൂ. അതിന് അകത്ത് നിന്ന് മാത്രമേ സിനിമ പ്രൊഡ്യൂസ് ചെയ്യുകയുള്ളൂ. നമ്മളുടെ കാലത്ത് അങ്ങനെ ഉണ്ടായിരുന്നില്ല,’ മണിയന്‍പിള്ള രാജു പറഞ്ഞു.
Content Highlight: Maniyanpilla Raju Talks About New Movie Actors