മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വില്ലനായി സിനിമ ലോകത്തേക്ക് കടന്നുവന്ന അഭിനേതാവാണ് മോഹന്‍ലാല്‍. പിന്നീട് നായക നടനായി മാറിയപ്പോള്‍ പ്രേക്ഷകര്‍ അദ്ദേഹത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. ഏത് കഥാപാത്രത്തിലേക്കും നിമിഷനേരം കൊണ്ട് പരകായപ്രവേശം നടത്താന്‍ അദ്ദേഹത്തിന് കഴിയും.
മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു. മലയാള സിനിമയില്‍ താന്‍ കണ്ട ഏറ്റവും കഠിനാധ്വാനിയായ നടനാണ് മോഹന്‍ലാലെന്ന് മണിയന്‍പിള്ള രാജു പറയുന്നു. എത്ര രാത്രിയായാലും മോഹന്‍ലാല്‍ സിനിമക്ക് വേണ്ടതെല്ലാം ചെയ്യുമെന്നും ചോദിച്ചാല്‍ അതെല്ലാം ഒരു രസമല്ലേയെന്ന് മറുപടി പറയുമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
ഏത് അവസ്ഥയും മോഹന്‍ലാല്‍ അഡ്ജസ്റ്റ് ചെയ്യുമെന്നും ഒരു പരിചയവും ഇല്ലാത്ത ആള്‍ അഭിനയിക്കാന്‍ വന്നാലും രണ്ട് മിനിറ്റുകൊണ്ട് മോഹന്‍ലാല്‍ കമ്പനിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സംവിധായകന്‍ ഒരിക്കല്‍ മോഹന്‍ലാലിനോടൊപ്പം സിനിമ ചെയ്താല്‍ പിന്നെ വേറെ ഏത് അഭിനേതാക്കളുടെ കൂടെ സിനിമ ചെയ്താലും മോഹന്‍ലാലിനോടൊപ്പം ചെയ്ത സംതൃപ്തി ലഭിക്കില്ലെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ഹാപ്പി ഹവേര്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലയാള സിനിമയില്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും വലിയ കഠിനാധ്വാനി മോഹന്‍ലാല്‍ തന്നെയാണ്. എത്ര വൈകിയാലും എത്ര രാത്രിയായാലും എന്തൊക്കെ ആയാലും എന്ത് ചെയ്യാന്‍ പറഞ്ഞാലും അദ്ദേഹം അത് ചെയ്യും. അതിനിടക്ക് ജോലി സംബന്ധമായ യാത്രകളും മറ്റും ചെയ്യും. എല്ലാം വളരെ കഷ്ടപ്പെട്ടായാലും അദ്ദേഹം ചെയ്യും. പുള്ളി അതെല്ലാം എന്‍ജോയ് ചെയ്യും. ചോദിച്ചാല്‍ അതെല്ലാം ഒരു രസമല്ലേ എന്ന് പറയും.
ഏത് അവസ്ഥയും അഡ്ജസ്റ്റ് ചെയ്യുന്ന ഒരാളാണ്. ഒരു പരിചയവും ഇല്ലാത്ത ആള്‍ അഭിനയിക്കാന്‍ വന്നാലും രണ്ട് മിനിറ്റുകൊണ്ട് കമ്പനിയാകും. മോഹന്‍ലാല്‍ ഒരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ ചെന്നാല്‍ പിന്നെ ആ സംവിധായകന് ലോകത്ത് വേറെ ആരെ വെച്ച് സിനിമ ചെയ്താലും മോഹന്‍ലാലിനോടൊപ്പം ചെയ്തതിന്റെ സന്തോഷവും സംതൃപ്തിയും ഉണ്ടാകില്ല. സംവിധായകനുമായി അത്രക്ക് സഹകരണമാണ്,’ മണിയന്‍പിള്ള രാജു പറയുന്നു.
Content Highlight: Maniyanpilla Raju Talks About Mohanlal