| Wednesday, 18th December 2024, 10:08 am

മോഹന്‍ലാല്‍ ആ സിനിമയുടെ ഓരോ ഫൈറ്റ് സീനും കഴിഞ്ഞ് ഹോട്ടല്‍ റൂമില്‍ വന്നിരുന്ന് വേദനകൊണ്ട് കരയും: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജഗദീഷിന്റെ രചനയില്‍ കെ. മധു സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അധിപന്‍. മോഹന്‍ലാല്‍, ബാലന്‍ കെ. നായര്‍, ജനാര്‍ദ്ദനന്‍, മണിയന്‍പിള്ള രാജു, പാര്‍വ്വതി, മോനിഷ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അധിപന്‍ എന്ന ചിത്രത്തിന്റെ ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ വേദനകൊണ്ട് കരയുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് പറയുകയാണ് മണിയന്‍പിള്ള രാജു. തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ ആയ മോഹന്‍ലാലിനോട് ഡോക്ടര്‍ മൂന്ന് ദിവസത്തെ നിര്‍ബന്ധിത റെസ്റ്റ് പറഞ്ഞെന്നും എന്നാല്‍ ഫൈറ്റ് സീന്‍ എടുക്കാനുള്ളതുകൊണ്ട് അത് വകവെക്കാതെ അദ്ദേഹം അഭിനയിച്ചെന്നും മണിയന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

ഓരോ ഷോട്ട് കഴിയുമ്പോഴും ഉമിനീരുപോലും ഇറക്കാന്‍ കഴിയാത്ത വേദനകൊണ്ട് മോഹന്‍ലാല്‍ മുറിയില്‍ വന്നിരുന്ന് കരയുമെന്നും എന്നാല്‍ സംവിധായകന്‍ ഷോട്ട് വിളിക്കുമ്പോള്‍ റെഡി ആണെന്ന് പറഞ്ഞ് മോഹന്‍ലാല്‍ പോകുമായിരുന്നെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.

‘അധിപന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹോട്ടല്‍ ഹൊറൈസണിലാണ് നടക്കുന്നത്. രാവിലെയായപ്പോള്‍ മോഹന്‍ലാലിന് തൊണ്ട വയ്യ, ചെവി വേദനയൊക്കെ. അങ്ങനെ ഞാനും മോഹന്‍ലാലും പ്രൊഡ്യൂസറും കൂടി അടുത്തുള്ള ഹോസ്പിറ്റലില്‍ പോയി ഡോക്ടറെ കാണിച്ചു. ടെസ്റ്റ് ചെയ്തപ്പോള്‍ ബാഡ് ത്രോട്ട് ആണ്. മൂന്ന് ദിവസം എന്തൊക്കെയായാലും റെസ്റ്റ് എടുക്കണമെന്നും ശരീരം അനങ്ങാന്‍ പാടില്ലെന്നും ഡോക്ടര്‍ നിര്‍ബന്ധം പറഞ്ഞു.

ഞാന്‍ പ്രൊഡ്യൂസര്‍ ചന്തുവിനെ വിളിച്ച് പറയാന്‍ വേണ്ടി പോയപ്പോള്‍ മോഹന്‍ലാല്‍ തടഞ്ഞു. ‘ഏയ് ഇന്ന് ഫൈറ്റാണ്. ചുമ്മാ നിന്നാലും ഫൈറ്റ് മാസ്റ്ററുടെയും അദ്ദേഹത്തിന്റെ കൂടെ വന്നവരുടേയുമെല്ലാം പൈസ കൊടുക്കേണ്ടി വരും. അതൊന്നും വേണ്ട’ എന്ന് പറഞ്ഞ് അദ്ദേഹം ഉടുപ്പും ഇട്ട് ഞങ്ങളുടെ കൂടെ വന്നു.

തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലില്‍ വെച്ചായിരുന്നു ഫൈറ്റ്. അവിടെ നിന്ന് രാത്രി രണ്ട് മണിവരെ പുള്ളി ഫൈറ്റ് ചെയ്തു. ഓരോ ഷോട്ട് കഴിയുമ്പോഴും മോഹന്‍ലാല്‍ മുറിയില്‍ വന്നിരുന്നു വേദന സഹിക്കാന്‍ പറ്റാതെ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മുഖമെല്ലാം കഴുകി റെഡി സാറെന്ന് പറഞ്ഞ് അദ്ദേഹം അടുത്ത ഷോട്ടിന് പോകും. അപ്പോഴും ഉമിനീരുപോലും ഇറക്കാന്‍ കഴിയാത്ത വേദനയായിരുന്നു,’ മണിയന്‍പിള്ള രാജു പറഞ്ഞു.

Content Highlight: Maniyanpilla Raju Talks About Mohanlal

Latest Stories

We use cookies to give you the best possible experience. Learn more