മോഹന്‍ലാലിനെ നായകനാക്കാനിരുന്ന ചിത്രത്തില്‍ താന്‍ നായകനായതിനെ പറ്റി പറയുകയാണ് മണിയന്‍പിള്ള രാജു. മോഹന്‍ലാലിന് ഡേറ്റിന്റെ പ്രശ്‌നം വന്നപ്പോഴാണ് തന്നെ നായകനാക്കിയതെന്നും പിന്നീട് മോഹന്‍ലാലിന് ഒഴിവ് വന്നിട്ടും ചിത്രത്തില്‍ നായകനാവാന്‍ വിസമ്മതിച്ചു എന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു പറഞ്ഞു.
‘ഒരു സിനിമയില്‍ നായകനാവാന്‍ മോഹന്‍ലാലിനെയാണ് പ്രിയദര്‍ശന്‍ സമീപിച്ചത്. ആ സമയത്ത് വേറെ ഒരു പടമുണ്ട്, അഡ്വാന്‌സ് വാങ്ങി, എനിക്ക് വരാനാവില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു. അപ്പോള്‍ എന്നെ അതില്‍ നായികനാക്കി. അങ്ങനെ എന്നെ നായകനാക്കി പ്ലാന്‍ ചെയ്തു, ഷൂട്ടിങ് തുടങ്ങുന്നതിന് ഒരു 15 ദിവസം മുമ്പേ മോഹന്‍ലാലിന്റെ പടം ക്യാന്‍സലായി പോയി എന്ന് പറഞ്ഞ് വിളി വന്നു. മോഹന്‍ലാല്‍ ഫ്രീ ആണ്.
നീ ചെയ്യുന്നോ, നിനക്ക് ഒരു സബ്‌ജെക്ട് ഉണ്ടെന്ന് പ്രിയന്‍ മോഹന്‍ലാലിനോട് ചോദിച്ചു. അത് മോശമാണ്, രാജു ചെയ്യുന്ന റോളല്ലേ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. അവന് അതില്‍ നല്ല വേഷം കൊടുക്കാമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. അത്രയും ദിവസം ഞാന്‍ ഫ്രീ ആയിരിക്കും, പക്ഷേ ഞാന്‍ വന്ന് ചെയ്യില്ല, അത് രാജു ചെയ്യട്ടെ എന്ന് മോഹന്‍ലാല്‍ പറഞ്ഞു. അങ്ങനെ പറയാന്‍ വലിയ മനസാണ് അദ്ദേഹം കാണിച്ചത്. വേറെ ആരാണെങ്കിലും തരക്കേടില്ലാത്ത വേഷം കൊടുക്കൂ എന്ന് പറഞ്ഞ് അഭിനയിച്ചേനെ,’ മണിയന്‍പിള്ള രാജു പറഞ്ഞു.
അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫക്കൊപ്പമുള്ള ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു. ‘ഒരു ദിവസം എന്റെ കയ്യില്‍ അഞ്ച് പൈസ ഇല്ലാതായി. വിശപ്പും സഹിക്കാന്‍ വയ്യ. ഞാന്‍ ഹനീഫയുടെ അടുത്ത് പോയി എന്തെങ്കിലും പൈസ ഉണ്ടോ, ഭക്ഷണം കഴിക്കാനാണെന്ന് പറഞ്ഞു. ഹനീഫ കയ്യിലിരുന്ന ഖുറാനില്‍ നിന്നും പത്ത് രൂപ എടുത്തുതന്നു. ഞാന്‍ പോയി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. കുറച്ച് കഴിഞ്ഞ് ഉച്ചക്ക് പോയി ഊണും കഴിച്ചു. തിരിച്ചുവന്നപ്പോള്‍ ഹനീഫ അവിടെയുണ്ട്. കഴിക്കാന്‍ പോയില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഇന്ന് കഴിക്കാന്‍ അത്ര സുഖമില്ല എന്ന് പറഞ്ഞു.
വൈകുന്നേരവും കഴിച്ചുവന്നപ്പോള്‍ കയ്യിലുള്ള പത്ത് രൂപ തീര്‍ന്നു. നിങ്ങള്‍ കഴിക്കാന്‍ പോയില്ലേ എന്ന് ഞാന്‍ ഹനീഫയോട് ചോദിച്ചു, ഇല്ലെടോ എന്റെ കയ്യില്‍ അവസാനം ഉണ്ടായിരുന്ന പത്ത് രൂപയാണ് തനിക്ക് എടുത്തുതന്നതെന്ന് അദ്ദേഹം പറഞ്ഞു,’ മണിയന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
Content Highlight: Maniyanpilla Raju talks about his lead role in the film that was supposed to star Mohanlal