| Tuesday, 2nd July 2024, 1:32 pm

ഇന്ത്യന്‍ കോമഡി സീനുകളില്‍ ഏറ്റവും മികച്ച ഒന്നാണ് ആ മോഹന്‍ലാല്‍ ചിത്രത്തിലേതെന്ന് പ്രിയന്‍ പറഞ്ഞിട്ടുണ്ട്: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാള സിനിമയിലും ഇന്ത്യന്‍ സിനിമയിലും നിറഞ്ഞു നില്‍ക്കുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. കോമഡി സിനിമകളിലൂടെ മലയാളത്തില്‍ തന്റെ കരിയര്‍ ആരംഭിച്ച പ്രിയദര്‍ശന്‍ പിന്നീട് വ്യത്യസ്തങ്ങളായ ഒരുപാട് സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

പ്രിയദര്‍ശന്റെ കോമഡി ചിത്രങ്ങള്‍ക്ക് ഇന്നും വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയിലുള്ളത്. അത്തരത്തില്‍ ഒരു ചിത്രമായിരുന്നു മോഹന്‍ലാല്‍, ശോഭന തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയ മിന്നാരം എന്ന ചിത്രം.

ചിത്രത്തിലെ തന്റെ കോമഡി സീനിനെ കുറിച്ച പറയുകയാണ് നടന്‍ മണിയന്‍പിള്ള രാജു. ചിത്രത്തില്‍ താരം കുഞ്ഞിന്റെ പേര് തെറ്റിച്ചു പറയുന്ന ഭാഗം മലയാളികള്‍ ഇന്നും ഓര്‍ത്തു ചിരിക്കുന്ന സീനാണ്. ഇന്ത്യന്‍ കോമഡി സീനുകളില്‍ ഏറ്റവും നല്ല ഒന്നാണ് അതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിട്ടുണ്ടെന്നും ആ സീനില്‍ തനിക്ക് തിയേറ്ററില്‍ വലിയ കയ്യടി കിട്ടിയിട്ടുണ്ടെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘എന്റെ എല്ലാവരും പറയുന്ന ഒരു സീനുണ്ട്. മിന്നാരത്തില്‍ ഞാന്‍ പറയുന്ന , കുഞ്ഞിന്റെ പേര് മല മല എന്ന സീന്‍. ഇന്ത്യന്‍ കോമഡി സീനുകളില്‍ ഏറ്റവും നല്ല സീനാണെന്നാണ് പ്രിയന്‍ അതിനെക്കുറിച്ച് പറയാറുള്ളത്. ആ ഷോട്ടിന് വേണ്ടി ചെല്ലുമ്പോള്‍ പ്രിയന്‍ ഒരു പേപ്പറില്‍ പേനകൊണ്ട് തുരുതുരാ എഴുതുകയാണ്. സഹ സംവിധായകനായ മുരളി വന്നിട്ട് ഷോട്ട് എടുക്കണ്ടേയെന്ന് പറഞ്ഞപ്പോള്‍ പ്രിയന്‍ പറഞ്ഞു, അതെടുത്താല്‍ മതി എങ്ങനെ വേണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെന്ന്.

അത് എഴുതി കഴിഞ്ഞു പ്രിയന്‍ ആ കടലാസ് എന്റെ കയ്യില്‍ തന്നിട്ട് എന്നോട് പറഞ്ഞു, ഇത്രയും പൈസ തന്ന് നിന്നെ ബുക്ക് ചെയ്തിരിക്കുന്നത് ഈയൊരൊറ്റ സീനിന് വേണ്ടിയാണെന്ന്. കൃത്യം പത്തരയ്ക്ക് ഞാന്‍ ഷോട്ട് എടുക്കാന്‍ വന്നു. ഒറ്റ ടേക്കില്‍ ആ ഷോട്ട് ഞാന്‍ ഓക്കെയാക്കി. എല്ലാവരും വലിയ കയ്യടിയായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ തിലകന്‍ ചേട്ടന്‍, ശോഭന, മോഹന്‍ലാല്‍ എല്ലാവരുമുണ്ട് ആ സീനില്‍. ജഗതി ചേട്ടന്‍ ആ സീനില്‍ ഇല്ല.

അത് പിന്നീട് വേറെ എടുത്തതാണ്. ചില അഭിനേതാക്കള്‍ക്കൊക്കെ ഡയലോഗ് ഇല്ലാതെ ചുമ്മാ നില്‍ക്കുമ്പോള്‍ ദേഷ്യം വരും. പക്ഷെ തിലകന്‍ ചേട്ടനൊന്നും ആ പ്രശ്‌നമേയില്ലായിരുന്നു. എല്ലാവരും നന്നായി സഹകരിച്ചു.

ആ സീന്‍ കഴിഞ്ഞപ്പോഴേക്കും വലിയ കയ്യടിയായിരുന്നു. പിന്നീട് പ്രിയന്‍ എന്നോട് പറഞ്ഞു, ഈ സീന്‍ നോക്കിക്കോ തിയേറ്ററില്‍ ഗംഭീര കയ്യടി കിട്ടാന്‍ പോകുന്ന സീനായിരിക്കുമെന്ന്. അങ്ങനെ തന്നെ സംഭവിച്ചു, മണിയന്‍പിള്ള രാജു പറയുന്നു.

Content Highlight: Maniyanpilla raju Talk About Minnaram Movie Comedy Scenes

We use cookies to give you the best possible experience. Learn more