മാളികപ്പുറം എന്ന ഒരു സിനിമ മാത്രം മതിയാവും ദേവനന്ദ എന്ന ബാലതാരത്തെ മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍. നാലര വയസ്സ് മുതല്‍ അഭിനയ ലോകത്ത് സജീവമാണ് ഈ കൊച്ചു മിടുക്കി.
തൊട്ടപ്പന്‍ എന്ന ചിത്രത്തില്‍ തുടങ്ങിയ ദേവനന്ദയുടെ അഭിനയജീവിതം മിന്നല്‍ മുരളി, മൈ സാന്റാ, മാളികപ്പുറം, 2018, നെയ്മര്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ വരെ എത്തിക്കഴിഞ്ഞു. മനു രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ഗു’ ആണ് ദേവാനന്ദയുടെ പുതിയ ചിത്രം.
മാളികപ്പുറം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ സ്ഥാനം പിടിച്ച ദേവനന്ദയാണ് ചിത്രത്തിലെ മിന്ന എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബെംഗളൂരുവില്‍ നിന്നും മിന്ന എന്ന പെണ്‍കുട്ടി തന്റെ മാതാപിതാക്കള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുവാന്‍ അല്‍പ്പം അമാനുഷികതകള്‍ നിറഞ്ഞ തറവാട്ടിലെത്തുന്നതോടെ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ദേവാനന്ദയെ കുറിച്ച് ജാങ്കോ സ്‌പേസ് ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടെ സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.
‘മാളികപ്പുറം എന്ന സിനിമ ഞാന്‍ മനുവിനോടപ്പം കണ്ടിട്ടിറങ്ങിയപ്പോളാണ് എനിക്ക് അതിലെ കുട്ടിയെ ഹീറോയാക്കി ഒരു സിനിമ ചെയ്താല്‍ മലയാളികള്‍ എല്ലാം കാണും എന്ന് തോന്നിയത്. അത് ഞാന്‍ മനുവിനോട് പറയുകയും ചെയ്തിരുന്നു. ഞാന്‍ മഞ്ജു വാര്യറെ ചൂണ്ടികാണിച്ചിട്ടാണ് ഇതുപോലെ പറഞ്ഞിട്ടുള്ളത്.
ഞാന്‍ ആറാം തമ്പുരാന്‍ സിനിമയുടെ ഷൂട്ടിലാണ് മഞ്ജുവുമായി പരിചയപ്പെടുന്നതും എനിക്ക് ഭയങ്കര ഇഷ്ടപെടുന്നതും. അന്നെല്ലാം മഞ്ജുവിന്റെ അഭിനയവും അവരുടെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങള്‍ കാണാനും ക്യാമറയുടെ സൈഡില്‍ ചെന്നു നിക്കാറുണ്ട്. അങ്ങനെയാണ് ഞാന്‍ ഈ കുട്ടിയെ ഹീറോയിന്‍ അല്ല ഹീറോ ആയിത്തന്നെ ഒരു സിനിമയെടുക്കണം എന്ന് ടി. കെ. രാജീവ്കുമാറിനോട് പറയുന്നത്.
അപ്പോള്‍ രാജീവാണ് ഒരു കുട്ടനാടന്‍ റിവഞ്ച് സബ്‌ജെക്ട് ഉണ്ട്, നമുക്ക് അത് നന്നായി ഷൂട്ട് ചെയ്യാം എന്ന് പറയുന്നത്. അങ്ങനെയാണ് രാജീവ് ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എടുക്കുന്നത്. അതുപോലെയാണ് ഞാന്‍ ദേവാനന്ദയെ പറയുന്നത്,’ മണിയന്‍പിള്ള രാജു പറഞ്ഞു. ദേവാനന്ദ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഈ സിനിമ പ്ലാന്‍ ചെയ്യില്ലായിരുന്നു. അത് സിനിമ കണ്ടാല്‍ നിങ്ങളും പറയും എന്നും താരം കൂട്ടിച്ചേര്‍ത്തു.
Content Highlight: Maniyanpilla Raju Talk About Manju Warrior And Devanandha