| Friday, 17th May 2024, 1:12 pm

'ഛോട്ടാ ഛോട്ടാ മുംബൈ' എന്നായിരുന്നു ആ രണ്ടുവരി, അത് ലാലിന് അയച്ചുകൊടുത്തു: മണിയൻപിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനായും നിർമാതവായും തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിയാണ് അൻവർ റഷീദ്. ആദ്യം ചിത്രമായ രാജമാണിക്യം തന്നെ മലയാളത്തിലെ വലിയ സാമ്പത്തിക വിജയം നേടിയ ഒന്നായിരുന്നു. മമ്മൂട്ടി നായകനായ ചിത്രത്തിന് ഇന്നും വലിയ ആരാധകരുണ്ട്.

രണ്ടാമത്തെ സിനിമയായ ഛോട്ടാ മുംബൈയും മലയാളത്തിൽ ഏറെ റിപീറ്റ് വാല്യൂവുള്ള ഒരു മോഹൻലാൽ ചിത്രമാണ്. മോഹൻലാലിന്റെ തല എന്ന കഥാപാത്രം വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകർക്കിടയിൽ നേടിയത്.

ഛോട്ടാ മുംബൈ സിനിമ സംഭവിച്ചതിനെ കുറിച്ച് പറയുകയാണ് നടൻ മണിയൻ പിള്ള രാജു. മണിയൻ പിള്ള രാജുവായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. രാജമാണിക്യത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന് താനാണ് അൻവർ റഷീദിനോട് പറയുന്നതെന്നും മോഹൻലാലിന് കഥ ഇഷ്ടമായെന്നും മണിയൻ പിള്ള രാജു പറയുന്നു. പുതിയ ചിത്രം ഗു വിന്റെ പ്രൊമോഷന്റെ ഭാഗമായി മീഡിയ വണ്ണിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്‍വര്‍ റഷീദിന്റെ മിടുക്കും മാജിക്കുമാണ് ഛോട്ടാമുംബൈ. രാജമാണിക്യം കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അന്‍വര്‍ റഷീദിനോട് പറഞ്ഞിരുന്നു മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന്.


രാജമാണിക്യത്തില്‍ ഞാന്‍ അഭിനയിക്കുകയും ചെയ്തിരുന്നല്ലോ. രാജമാണിക്യം അത്ഭുത ഹിറ്റാണല്ലോ. എല്ലാതരക്കാര്‍ക്കും ഇഷ്ടമാകുന്ന സിനിമായണല്ലോ രാജമാണിക്യം.

അങ്ങനെയാണ് ബെന്നി പി. നായരമ്പലത്തെയും കൊണ്ട് മോഹന്‍ലാലിന്റെ അടുത്ത് കഥപറയാന്‍ പോകുന്നത്. അപ്പോഴേക്കും ഒരാള്‍ വന്ന് ഒരു സ്‌ക്രാച്ച് ഉണ്ടക്കി. ‘ഛോട്ടാ ഛോട്ടാ മുംബൈ’ എന്ന് തുടങ്ങുന്ന ഒരു രണ്ടുവരി. അത് ഞാന്‍ ലാലിന് അയച്ചുകൊടുത്തു. അദ്ദേഹമത് കോഴിക്കോട് ബേബി മറൈന്‍സില്‍ ഇരുന്ന് കേട്ടപ്പോള്‍ അവിടുത്തെ മക്കളെല്ലാം ഇത് രസമുണ്ടെന്ന് പറഞ്ഞു.

അങ്ങനെ ലാല്‍ നമുക്ക് ആ കഥയൊന്ന് കേള്‍ക്കാമെന്ന് പറഞ്ഞു. അങ്ങനെ കോഴിക്കോട് പോയി കഥപറഞ്ഞപ്പോള്‍ അദ്ദേഹം ഓക്കെ പറഞ്ഞു. നമുക്ക് തുടങ്ങാമെന്ന് പറഞ്ഞു. ബെന്നി പി. നായരമ്പലം മനോഹരമായി സ്‌ക്രിപ്റ്റ് ചെയ്യുകയും ചെയ്തു. പറഞ്ഞ സമയത്ത് തന്നെ ഷൂട്ട് തീര്‍ക്കുകയും ചെയ്തു,’ മണിയന്‍പിള്ള രാജു പറഞ്ഞു.

Content Highlight: Maniyanpilla Raju Talk About Making Of Chotta Mumbai Movie

We use cookies to give you the best possible experience. Learn more