പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രമാണ് ബോയിംഗ് ബോയിംഗ്. ലിസി, മാധുരി, അശ്വനി എന്നിവര്‍ നായികമാരായ ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നറായിരുന്നു. മുകേഷ്, ജഗതി ശ്രീകുമാർ, സുകുമാരി, മണിയൻപിള്ള രാജു തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന് ഇന്നും വലിയ റിപ്പീറ്റ് വാല്യൂ ഉണ്ട്.
നിരവധി കോമഡി സീനുകളുള്ള ചിത്രം ഷൂട്ട് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് മണിയൻപിള്ള രാജു. ചിത്രത്തിൽ മോഹൻലാലിന്റെ കാർ മറ്റൊരാളുടെതായിരുന്നു എന്നാൽ ചിത്രത്തിന്റെ അവസാനം അയാൾ നിർമാതാവുമായി തെറ്റുകയും കാർ കൊണ്ടുപോവുകയും ചെയ്തു.
സിനിമയുടെ കൺടിന്യുവിറ്റിക്ക് വേണ്ടി താനാണ് ആ സീനിൽ ഒരു ഡയലോഗ് പറഞ്ഞതെന്നും അതാണ് സിനിമയിൽ ഉള്ളതെന്നും മണിയൻപിള്ള രാജു പറയുന്നു. ഹാപ്പി ഫ്രെയിംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബോയിംഗ് ബോയിംഗിൽ ഞാൻ ഒരു വർക്ക് ഷോപ്പൊക്കെ ഉള്ള ഒരാളാണല്ലോ. അന്ന് ചിത്രത്തിൽ മോഹൻലാലിന് ഓടിക്കൻ വേണ്ടിയിട്ട് വില്യംസ് ക്യാമറമാന്റെ ഒരു ലെഫ്റ്റ് ഹാൻഡ് വണ്ടിയായിരുന്നു.
മോഹൻലാലിന്റെ കൂടെ ഞാനും അതിൽ കയറി പോവുന്നൊക്കെയുണ്ട്. പക്ഷെ അവസാനത്തേക്ക് അദ്ദേഹം ഇതിന്റെ നിർമാതാവുമായി തെറ്റി. ക്ലൈമാക്സ് എടുക്കുന്നതിന്റെ തൊട്ട് മുമ്പ് അദ്ദേഹം വണ്ടി കൊടുക്കാതെ ബാംഗ്ലൂരിലേക്ക് പോയി.
പ്രിയൻ ചോദിച്ചു, എങ്ങനെ ഷൂട്ട് ചെയ്യും, എന്ത് ചെയ്യുമെന്ന്. അയാൾ ഇനി വണ്ടി തരില്ല. അതാണെങ്കിൽ സിനിമയുടെ കൺടിന്യുവിറ്റിക്ക് ആവശ്യമാണ്. ഞാൻ പറഞ്ഞു അതൊക്കെ ഒരു ഡയലോഗിൽ സെറ്റ് ചെയ്യാമെന്ന്. വാ വണ്ടിയിൽ കയറ് എന്ന് പറഞ്ഞ് അവസാനം ഞാൻ ഒരു അംബാസിഡറാണ് കൊണ്ടുവരുന്നത്.
മറ്റേ വണ്ടിയെവിടെയെന്ന് മോഹൻലാലിനെ കൊണ്ട് ചോദിപ്പിക്കാമോയെന്ന് ഞാൻ ചോദിച്ചു. അങ്ങനെ ഞാൻ കാർ വന്ന് നിർത്തുമ്പോൾ ലാൽ ചോദിക്കും മറ്റേ ബെൻസ് കാർ എവിടെ പോയി, ഞാൻ പറയും അതിന്റെ ഉടമസ്ഥൻ വന്ന് തള്ളയ്ക്ക് വിളിച്ച് അത് കൊണ്ടുപോയെന്ന്. സംഭവം ക്ലീൻ ആയില്ലേ. അങ്ങനെയൊക്കെയാണ് ബോയിങ് ബോയിങ് ഷൂട്ട് ചെയ്തത്,’മണിയൻപിള്ള രാജു പറയുന്നു.
Content Highlight: Maniyanpilla Raju Talk About Boeing Boeing Movie