മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ് ആറാംതമ്പുരാൻ എന്ന മോഹൻലാൽ ചിത്രം. മോഹൻലാലിന്റെ താരപരിവേഷം വേണ്ട രീതിയിൽ ഉപയോഗിച്ച ചിത്രം ബോക്സ് ഓഫീസിൽ റെക്കോഡുകളും നേടിയിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രത്തിൽ മഞ്ജു വാര്യർ, സായി കുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയ വലിയ താരനിര ഒന്നിച്ചിരുന്നു.
ആറാംതമ്പുരാൻ എന്ന സിനിമയെ കുറിച്ച് മോഹൻലാൽ അറിയുന്നത് താൻ കാരണമാണെന്ന് പറയുകയാണ് നടൻ മണിയൻ പിള്ള രാജു. ഒരു യാത്രക്കിടെ നിർമാതാവ് സുരേഷ് കുമാറിനോടാണ് ഇങ്ങനെയൊരു കഥയുണ്ടെന്നും മോഹൻലാലിനെ വെച്ച് ചെയ്താൽ വലിയ വിജയമാവുമെന്നും പറഞ്ഞതെന്ന് മണിയൻപിള്ള രാജു പറയുന്നു.
അന്ന് കമലിന്റെ സംവിധാനത്തിൽ കന്നഡ നടൻ അർജുനും മോഹൻലാലും ഒന്നിക്കുന്ന ഒരു സിനിമയുടെ പ്ലാനിൽ ആയിരുന്നു സുരേഷ് കുമാറെന്നും എന്നാൽ അർജുന്റെ പ്രതിഫലം കേട്ട താൻ ആ സിനിമ മലയാളത്തിൽ നടക്കില്ലെന്ന് പറഞ്ഞെന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.
‘ഞാൻ ഒരിക്കൽ ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ നിർമാതാവ് സുരേഷ് കുമാറിനെ കണ്ടു. പുതിയ സിനിമയുടെ വിശേഷങ്ങളൊക്കെ എന്താണെന്ന് ഞാൻ ചോദിച്ചു. അടുത്ത പടമേതാണെന്ന് ഞാൻ ചോദിച്ചു.
അപ്പോൾ സുരേഷ് കുമാർ പറഞ്ഞു, കമൽ സംവിധാനം ചെയ്യുന്ന ഒരു സിനിമയാണ്. അർജുൻ എന്ന കന്നഡ ആക്ടറും മോഹൻലാലുമാണ് അതിലെ താരങ്ങൾ എന്ന് പറഞ്ഞു. അർജുന്റെ പ്രതിഫലം എത്രയാണെന്ന് സുരേഷ് പറഞ്ഞു.
അത് കേട്ടപ്പോൾ ഞാൻ ചോദിച്ചത്, മലയാളത്തിൽ അതെങ്ങനെ വർക്ക് ഔട്ട് ആവുമെന്നാണ്. ഇതൊരിക്കലും വർക്ക് ഔട്ട് ആവില്ലെന്ന് ഞാൻ പറഞ്ഞു. രഞ്ജിത്ത് എന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ടെന്നും സൂപ്പർ കഥയാണ്, അതൊക്കെ വെച്ച് മോഹൻലാലിനെ നായകനാക്കി ഒരു സിനിമയെടുത്താൽ ഇപ്പോൾ ഒരുപാട് പൈസ കിട്ടുമെന്നും ഞാൻ പറഞ്ഞു.
അന്ന് ഫ്ലൈറ്റ് ഇറങ്ങി കഴിഞ്ഞ ശേഷം എനിക്കൊരു കോൾ വന്നു. മോഹൻലാൽ ആയിരുന്നുവത്. എന്നോട് ചോദിച്ചു, ഒരു കഥ കേട്ടുവെന്നറിഞ്ഞു, അത് ഉഗ്രനാണോയെന്ന്. ഞാൻ പറഞ്ഞു, കഥ ഞാൻ മുഴുവൻ കേട്ടിട്ടില്ല, പക്ഷെ ഗംഭീരമാണെന്ന്. അതിന്റെ പേര് ആറാംതമ്പുരാൻ എന്നാണെന്ന് പറഞ്ഞു.
അപ്പോൾ തന്നെ സുരേഷ് കുമാറിനോട് ഷാജി കൈലാസിനും രഞ്ജിത്തിനും ചെന്ന് ഒരു അഡ്വാൻസ് കൊടുക്കാൻ ഞാൻ പറഞ്ഞു. അന്ന് തന്നെ അവർ ആ സിനിമ ഉറപ്പിച്ചു. അങ്ങനെയാണ് ആറാംതമ്പുരാൻ ഉണ്ടാവുന്നത്. സുരേഷ് കുമാറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റാണ് ആറാംതമ്പുരാൻ,’മണിയൻപിള്ള രാജു പറയുന്നു.
Content Highlight: Maniyanpilla Raju Talk About Aaramthamburan Movie