മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മണിയന്‍പിള്ള രാജു. നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് അദ്ദേഹം. കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കുകയും 13 സിനിമകള്‍ നിര്‍മിക്കുകയും ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1988ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വെള്ളാനകളുടെ നാട്. ചിത്രത്തിന്റെ ഷൂട്ടിങ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് മണിയന്‍പിള്ള രാജു. ചിത്രത്തിനായി ആദ്യം എഴുതിയ സ്‌ക്രിപ്റ്റില്‍ പ്രിയദര്‍ശന് തൃപ്തിയില്ലായിരുന്നെന്നും വേറെ സ്‌ക്രിപ്റ്റ് എഴുതിയിട്ടാണ് സിനിമ പൂര്‍ത്തിയാക്കിയതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
എന്നാല്‍ സ്‌ക്രിപ്റ്റ് എഴുതാന്‍ കൂടുതല്‍ സമയം എടുത്തെന്നും ശ്രീനിവാസന്‍ പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോകേണ്ടി വന്നെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. ആ സിനിമ ഒഴിവാക്കാന്‍ പറ്റില്ലെന്നും ഷൂട്ട് തുടങ്ങുമ്പോഴേക്ക് സ്‌ക്രിപ്റ്റ് എങ്ങനെയെങ്കിലും എത്തിക്കാമെന്ന് കത്ത് എഴുതിവെച്ചാണ് ശ്രീനിവാസന്‍ പോയതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
കോഴിക്കോടായിരുന്നു വെള്ളാനകളുടെ നാടിന്റെ ഷൂട്ടെന്നും ചെന്നൈയില്‍ നിന്ന് വരുന്ന ലോറി ഡ്രൈവര്‍മാരുടെ കൈയില്‍ ശ്രീനിവാസന്‍ നാലഞ്ച് സീന്‍ എഴുതിക്കൊടുത്ത് വിടുമായിരുന്നെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. സെറ്റിലെത്തിയ കെ.പി.എ.സി. ലളിതയുടെ കൈയിലും ശ്രീനിവാസന്‍ സ്‌ക്രിപ്റ്റ് കൊടുത്തുവിട്ടിരുന്നെന്നും 20ാം ദിവസം പാക്കപ്പിന്റെ അന്നാണ് ശ്രീനിവാസന്‍ തിരിച്ചെത്തിയതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
അഞ്ച് ദിവസത്തെ എഴുത്തും 20 ദിവസത്തെ ഷൂട്ടുമായിരുന്നു സിനിമക്ക് ഉണ്ടായിരുന്നതെന്നും വെള്ളാനകളുടെ നാട് എന്ന സിനിമ പൂര്‍ത്തിയായത് അങ്ങനെയായിരുന്നെന്ന് മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.
‘വെള്ളാനകളുടെ നാടിന് വേണ്ടി ആദ്യം എഴുതിയ സ്‌ക്രിപ്റ്റില്‍ പ്രിയന് തൃപ്തി പോരായിരുന്നു. വേറെ സ്‌ക്രിപ്റ്റ് എഴുതിയിട്ട് പടം തുടങ്ങാമെന്ന് പറഞ്ഞ് എല്ലാ ആര്‍ട്ടിസ്റ്റുകളെയും പ്രിയന്‍ പറഞ്ഞുവിട്ടു. ശ്രീനിയാണ് ആ പടത്തിന്റെ സ്‌ക്രിപ്റ്റ്. അയാള്‍ക്ക് അതേസമയം വേറൊരു പടം ചെയ്യാനുണ്ടായിരുന്നു. ഒരു ദിവസം രാവിലെ ഞാന്‍ ശ്രീനിയുടെ റൂമിലെത്തിയപ്പോള്‍ ഒരു കത്ത് മാത്രം അവിടെയുണ്ടായിരുന്നു. ശ്രീനി സ്ഥലം വിട്ടിരുന്നു.
കത്തില്‍ എഴുതിയത് ഇങ്ങനെയായിരുന്നു. ‘സത്യന്റെ പൊന്മുട്ടയിടുന്ന തട്ടാന്റെ ഷൂട്ട് നടക്കുകയാണ്. ഞാന്‍ അങ്ങോട്ട് പോകുന്നു. ഷൂട്ട് തുടങ്ങുമ്പോള്‍ സ്‌ക്രിപ്റ്റ് എങ്ങനെയെങ്കിലും എത്തിക്കാം’ എന്ന് ശ്രീനി പറഞ്ഞു. ഇത് പ്രിയന്‍ അറിഞ്ഞപ്പോള്‍ ‘നമ്മുടെ കൈയിലും പേനയുണ്ടല്ലോ, സ്‌ക്രിപ്റ്റ് നമുക്ക് എഴുതാം’ എന്ന് പറഞ്ഞു. കോഴിക്കോട് മഹാറാണിയിലായിരുന്നു റൂമെടുത്തത്.
രാത്രിയായപ്പോള്‍ ഒരു ലോറി വന്ന് നിന്നു. ലോറിക്കാരന്‍ ഒരു കെട്ട് കടലാസ് തന്നിട്ട് ‘ശ്രീനിവാസന്‍ സാര്‍ തന്നുവിട്ടതാണ്’ എന്ന് പറഞ്ഞു. പിന്നീട് ലളിത ചേച്ചി സെറ്റിലെത്തിയപ്പോള്‍ അവരുടെ കൈയിലും ബാക്കി സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നു. അങ്ങനെ ഓരോരുത്തരുടെ കൈയിലും കൊടുത്തുവിടുന്ന സീനുകള്‍ പ്രിയന്‍ ഷൂട്ട് ചെയ്തു. ഇരുപതാമത്തെ ദിവസം ശ്രീനി സെറ്റിലെത്തി. അന്നാണ് പാക്കപ്പ്. അന്ന് അയാളുടെ സീനും എടുത്ത് തീര്‍ത്ത് പടം പാക്കപ്പ് ആയി. അങ്ങനെയാണ് വെള്ളാനകളുടെ നാട് എന്ന സിനിമ കംപ്ലീറ്റായത്,’ മണിയന്‍പിള്ള രാജു പറയുന്നു.
Content Highlight: Maniyanpilla Raju shares the writing and shooting process of Vellanakalude Naadu movie