| Friday, 3rd January 2025, 3:15 pm

കഥ ശരിയല്ല, സിനിമ നടക്കില്ലെന്ന് പറഞ്ഞ് ഷൂട്ടിന്റെ തലേന്ന് എല്ലാ ആര്‍ട്ടിസ്റ്റുകളെയും പറഞ്ഞുവിടാന്‍ പ്രിയദര്‍ശന്‍ എന്നോട് ആവശ്യപ്പെട്ടു: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ ഏറ്റവുമടുത്ത സുഹൃത്തുക്കളാണ് മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, മണിയന്‍പിള്ള രാജു എന്നിവര്‍. സിനിമയിലെത്തുന്നതിന് മുമ്പ് ഇവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. മലയാളത്തില്‍ ഒട്ടനവധി ഹിറ്റുകള്‍ ഈ കൂട്ടുകെട്ട് സമ്മാനിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വെള്ളാനകളുടെ നാട് എന്ന ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മണിയന്‍പിള്ള രാജു.

ചിത്രത്തിന്റെ ഷൂട്ട് കോഴിക്കോടായിരുന്നെന്നും മഹാറാണി ഹോട്ടലില്‍ എല്ലാ ആര്‍ട്ടിസ്റ്റുകളും ഷൂട്ടിന്റെ തലേദിവസം എത്തിയിരുന്നെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. രാത്രി പ്രിയദര്‍ശന്‍ തന്നെ റൂമിലേക്ക് വിളിപ്പിച്ചെന്നും അയാളുടെ മുഖത്ത് ചെറിയ നിരാശയുണ്ടായിരുന്നെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. ഈ സിനിമ നടക്കില്ലെന്നാണ് റൂമിലെത്തിയ ഉടനെ പ്രിയദര്‍ശന്‍ തന്നോട് പറഞ്ഞതെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു.

എന്താണ് കാരണമെന്ന് താന്‍ ചോദിച്ചെന്നും കഥ ശരിയല്ലെന്നും സിനിമ ഓടില്ലെന്നും പ്രിയദര്‍ശന്‍ തന്നോട് പറഞ്ഞെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. ബാലന്‍ കെ. നായര്‍ അടക്കമുള്ള ആര്‍ട്ടിസ്റ്റുകള്‍ വന്നെന്നും തലേദിവസം ഇത് പറഞ്ഞാല്‍ ശരിയാവില്ലെന്നും താന്‍ പ്രിയദര്‍ശനോട് പറഞ്ഞെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

അഞ്ച് ദിവസം സമയം തരാന്‍ പ്രിയദര്‍ശന്‍ തന്നോട് ആവശ്യപ്പെട്ടെന്നും അതിനുള്ളില്‍ ശ്രീനിവാസനും പ്രിയദര്‍ശനും സ്‌ക്രിപ്റ്റ് ശരിയാക്കാമെന്ന് ഉറപ്പ് തന്നെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. പിന്നീട് താന്‍ എല്ലാ ആര്‍ട്ടിസ്റ്റുകളെയും അഞ്ച് ദിവസം കഴിഞ്ഞ് വരാന്‍ ആവശ്യപ്പെട്ട് പറഞ്ഞുവിട്ടെന്നും അഞ്ച് ദിവസത്തിനുള്ളില്‍ പ്രിയദര്‍ശനും ശ്രീനിവസാനും സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.

‘വെള്ളാനകളുടെ നാടിന്റെ ഷൂട്ട് കോഴിക്കോടായിരുന്നു. 28ാം തിയതി ഷൂട്ട് തുടങ്ങും, എല്ലാ ആര്‍ട്ടിസ്റ്റുകളും തലേദിവസം ഹോട്ടലിലെത്തി. രാത്രിയായപ്പോള്‍ പ്രിയന്‍ എന്നെ റൂമിലേക്ക് വിളിപ്പിച്ചു. ഞാന്‍ റൂമിലെത്തിയപ്പോള്‍ പ്രിയന്റെ മുഖത്ത് ചെറിയ നിരാശയുണ്ടായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ‘ഈ സിനിമ നടക്കില്ല രാജു’ എന്നാണ് പറഞ്ഞത്.

‘ഞാന്‍ പെട്ടെന്ന് ഞെട്ടി. ബാലന്‍ കെ. നായര്‍ അടക്കമുള്ള ആര്‍ട്ടിസ്റ്റുകള്‍ എത്തി, അവരുടെ കോസ്റ്റ്യൂം അടക്കം കൈയിലെത്തി. ഈ സിനിമ ഇനി നടക്കില്ലെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും’ എന്ന് ചോദിച്ചു. ‘ഈ കഥ എടുത്താല്‍ പടം ഓടില്ല. അതിലും നല്ലത് ചെയ്യാതിരിക്കുന്നതാണ്’ എന്ന് പ്രിയന്‍ പറഞ്ഞു. ‘എല്ലാവരോടും പോയിട്ട് അഞ്ച് ദിവസം കഴിഞ്ഞ് വരാന്‍ പറ. അതിനുള്ളില്‍ ഞാനും ശ്രീനിയും പുതിയ സ്‌ക്രിപ്റ്റ് റെഡിയാക്കാം. നീ അതുവരെ ഇങ്ങോട്ട് വരാതിരുന്നാല്‍ മതി’ എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

ഞാന്‍ പിന്നെ എല്ലാവരെയും കണ്‍വിന്‍സ് ചെയ്യിച്ച് പറഞ്ഞുവിട്ടു. ഒന്നാം തിയതി ഉറപ്പായും ഷൂട്ട് തുടങ്ങുമെന്ന് വാക്ക് കൊടുത്തു. എല്ലാവരും തിരിച്ചുപോയി. പറഞ്ഞതുപോലെ അഞ്ച് ദിവസം കൊണ്ട് പ്രിയനും ശ്രീനിയും സ്‌ക്രിപ്റ്റ് കംപ്ലീറ്റ് ചെയ്തു. പടം ഹിറ്റായി,’ മണിയന്‍പിള്ള രാജു പറഞ്ഞു.

Content Highlight: Maniyanpilla Raju shares the shooting experience of Vellanakalude Naadu movie

We use cookies to give you the best possible experience. Learn more