| Friday, 17th May 2024, 3:54 pm

ഫൈറ്റ് സീനിന്റെ ബ്രേക്കില്‍ വേദന സഹിക്കാനാകാതെ കരയുന്ന മോഹന്‍ലാലിനെ ഞാന്‍ കണ്ടിട്ടുണ്ട്: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലുമൊത്തുള്ള പഴയകാല ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു. അധിപന്‍ എന്ന സിനിമയുടെ ഷൂട്ടിന്റെ സമയത്ത് ലാലിന് തൊണ്ടവേദന വന്ന് മൂന്ന് ദിവസം കംപ്ലീറ്റ് റെസ്റ്റെടുക്കാന്‍ ഡോക്ടര്‍ പറഞ്ഞെന്നും പ്രൊഡ്യൂസറിനെ വിളിക്കാന്‍ തുടങ്ങിയ തന്നെ ലാല്‍ തടഞ്ഞുവെന്നും രാജു പറഞ്ഞു.

വേദന സഹിച്ച് ഷൂട്ടിന് ചെന്ന മോഹന്‍ലാല്‍ വേദന സഹിച്ച് ഫൈറ്റ് സീന്‍ ചെയ്‌തെന്നും ബ്രേക്കിന്റെ സമയത്ത് വേദന സഹിക്കാന്‍ പറ്റാതെ കരയുന്ന ലാലിനെ കണ്ടുവെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ഗു എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘അധിപന്‍ എന്ന സിനിമയുടെ ഷൂട്ട് നടക്കുന്ന സമയം. ചന്ദ്രു എന്നയാളായിരുന്നു അതിന്റെ പ്രൊഡ്യൂസര്‍. കെ. മധുവാണ് ആ സിനിമ സംവിധാനം ചെയ്തത്. അതിലെ ഒരു ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്ന ദിവസം ഞാന്‍ ലാലുവിന്റെ വീട്ടില്‍ പോയി. ലാലിന് തീരെ വയ്യായിരുന്നു. പനിയും തൊണ്ടവേദനയുമൊക്കെയായി തീരെ അവശനായിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഹോസ്പിറ്റലില്‍ പോയി.

ലാലിനെ പരിശോധിച്ചിട്ട് ഡോക്ടര്‍ പറഞ്ഞത്, ബാഡ് ത്രോട്ടാണെന്നാണ്. മൂന്ന് ദിവസം കംപ്ലീറ്റ് ബെഡ് റെസ്റ്റെടുക്കാന്‍ ഡോക്ടര്‍ പറഞ്ഞു. ഇടയക്കിടക്ക് ചൂടുവെള്ളം ഗാര്‍ഗിള്‍ ചെയ്യാനും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഹോസ്പിറ്റലില്‍ നിന്നിറങ്ങി ഞാന്‍ ചന്ദ്രുവിനെ വിളിക്കാന്‍ പോയി. ലാല്‍ എന്നെ തടഞ്ഞിട്ട് ഈ വിഷയം വേറെ ആരും തത്കാലം അറിയണ്ട എന്ന് പറഞ്ഞു .

എന്താ കാര്യമെന്ന് ചോദിച്ചപ്പോള്‍ സ്റ്റണ്ട് ആര്‍ട്ടിസിറ്റുകള്‍ വന്നു നില്‍ക്കുന്നുണ്ട്. അപ്പോള്‍ ഞാന്‍ പോയില്ലെങ്കില്‍ ഈ മൂന്ന് ദിവസം അവര്‍ക്ക് വെറുതെ ശമ്പളം കൊടുക്കേണ്ടി വരും. അത് വേണ്ട എന്ന് പറഞ്ഞ് ലാല്‍ ലൊക്കേഷനിലേക്ക് പോയി. തിരുവനന്തപുരത്തെ ഹൊറൈസണ്‍ ഹോട്ടലില്‍ വെച്ചായിരുന്നു ഷൂട്ട്.

വൈകുന്നേരമാണ് ഷൂട്ട് തുടങ്ങിയത്. പുലര്‍ച്ചെ രണ്ട് മണി ഷൂട്ടുണ്ടായിരുന്നു. സീനിന്റെ ഇടയില്‍ ബ്രേക്ക് കിട്ടുമ്പോള്‍ റൂമിലിരുന്ന് മോഹന്‍ലാല്‍ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വേദന സഹിക്കാന്‍ പറ്റാതെ കരയും അത് കഴിഞ്ഞ് ചൂടുവെള്ളം കൊണ്ട് ഗാര്‍ഗിള്‍ ചെയ്യും, ഷോട്ടിന് റെഡിയാകുമ്പോള്‍ റെഡി സാര്‍ എന്നു പറഞ്ഞ് ഓടി ചെല്ലും. അതായിരുന്നു ആ സിനിമയിലെ അനുഭവം,’ മണിയന്‍പിള്ള രാജു പറഞ്ഞു.

Content Highlight: Maniyanpilla Raju shares the shooting experience of Adhipan movie

We use cookies to give you the best possible experience. Learn more