| Tuesday, 23rd January 2024, 5:05 pm

വാതിലില്‍ മുട്ടാതെ മമ്മൂട്ടിയുടെ മുറിയില്‍ കയറാന്‍ അനുവാദമുള്ള രണ്ടേ രണ്ട് പേരേയുള്ളൂ: മണിയന്‍ പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹാസ്യനടനായും സ്വഭാവ നടനായും മലയാള സിനിമയില്‍ നിരവധി മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് മണിയന്‍പിള്ള രാജു.

1981ല്‍ പുറത്തിറങ്ങിയ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രത്തില്‍ നിന്നാണ് സുധീര്‍ കുമാര്‍ പിന്നീട് മണിയന്‍പിള്ള രാജു ആയി മാറിയത്.

വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, കണ്ണെഴുതി പൊട്ടും തൊട്ട്, അനന്ദഭദ്രം, ഛോട്ടാ മുംബൈ ഉള്‍പ്പെടെയുള്ള നിരവധി മികച്ച ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയാണ് മണിയന്‍പിള്ള രാജു.

മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ബിഗ് ബി, രാജമാണിക്യം, അണ്ണന്‍ തമ്പി, കോബ്ര ഉള്‍പ്പെടെയുള്ള ധാരാളം സിനിമകളില്‍ മമ്മൂട്ടിക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു.

‘ഷൂട്ടിങ് കഴിഞ്ഞാല്‍ എല്ലാ സ്റ്റാറുകളുടെ മുറിയിലും ആ സ്ഥലത്തെ ദിവ്യന്‍മാരും പണക്കാരുമൊക്കെയാവും. എന്നാല്‍ മമ്മൂട്ടി എന്ന ആളുടെ മുറിയില്‍ അന്നും ഇന്നും ഷൂട്ടിങ് കഴിഞ്ഞാല്‍ മമ്മൂട്ടി മാത്രമേ ഉണ്ടാകുകയുള്ളൂ.

അദ്ദേഹം പടങ്ങള്‍ ഇട്ടിട്ട് കാണുകയാകും. ആ മുറിയില്‍ തട്ടാതെ കയറാന്‍ പറ്റുന്ന രണ്ടുപേര്‍ മാത്രമേയുള്ളൂ. ഒന്ന് ഞാന്‍ ആണെങ്കില്‍ മറ്റൊന്ന് കുഞ്ചനാണ്,’ മണിയന്‍പിള്ള രാജു പറഞ്ഞു.

മമ്മൂട്ടിയെ പോലെ അത്രയും ശുദ്ധനായ ഒരു മനുഷ്യന്‍ വേറെയില്ലെന്ന് പറയുന്ന താരം മമ്മൂട്ടിയുടെ ചിന്ത അദ്ദേഹം മലയാളത്തിന്റെ വല്യേട്ടനാണെന്നും മറ്റുള്ളവരെയെല്ലാം അദ്ദേഹത്തിന്റെ അനിയന്മാരായാണ് കാണുന്നതെന്നും പറയുന്നുണ്ട്.

ആ സ്വാതന്ത്ര്യവും സ്നേഹവും മമ്മൂട്ടിക്ക് എല്ലാരോടുമുണ്ടെന്നും താന്‍ വലിയ സൂപ്പര്‍ സ്റ്റാറാണെന്ന ചിന്തയൊന്നും അദ്ദേഹത്തിനില്ലെന്നും താരം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘ഇത്രയും ശുദ്ധനായ നല്ല ഒരു മനുഷ്യന്‍ വേറെയില്ല. അദ്ദേഹത്തിന്റെ വിചാരം അദ്ദേഹമാണ് മലയാളത്തിന്റെ വല്യേട്ടന്‍ എന്നാണ്. നമ്മളെല്ലാം അദ്ദേഹത്തിന്റെ അനിയന്മാരാണ് എന്നാണ്.

ആ ഒരു സ്വാതന്ത്ര്യവും സ്നേഹവും അദ്ദേഹത്തിന് എല്ലാരോടുമുണ്ട്. അല്ലാതെ ഒന്നും അഭിനയിക്കില്ല. അതായത് ഞാന്‍ വലിയ സൂപ്പര്‍ സ്റ്റാര്‍ ആണെന്ന ചിന്തയൊന്നും തന്നെ അദ്ദേഹത്തിന് ഇല്ല,’ മണിയന്‍പിള്ള രാജു പറയുന്നു.


Content Highlight: Maniyanpilla Raju Says Only two people allowed to enter Mammootty’s room without knocking

We use cookies to give you the best possible experience. Learn more