| Tuesday, 23rd November 2021, 11:56 am

വേണു മരിച്ചപ്പോള്‍ വരേണ്ട പലരും വന്നില്ല, യുവതലമുറ അഭിനേതാക്കള്‍ കുറവായിരുന്നു; ഇപ്പോള്‍ അവനവന്റെ ഷോട്ട് കഴിഞ്ഞ് എല്ലാവരും കാരവനിലേയ്ക്ക് ഓടുകയാണ്; നെടുമുടി വേണുവിന്റെ ഓര്‍മകളില്‍ മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ ഇതിഹാസതാരം നെടുമുടി വേണു കഴിഞ്ഞ മാസം നമ്മെ വിട്ടുപിരിഞ്ഞിരുന്നു. പകരം വയ്ക്കാനില്ലാത്ത ആ അഭിനയപ്രതിഭയുടെ ഓര്‍മകളിലാണ് ഇപ്പോഴും മലയാള സിനിമാ ലോകം.

അദ്ദേഹവുമായുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചും നെടുമുടി വേണുവിന് ലഭിക്കാതെ പോയ ആദരത്തെക്കുറിച്ചും ഇപ്പോള്‍ മനസ് തുറക്കുകയാണ് പ്രിയനടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു.

കാന്‍ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടുമുടി വേണുവിന് വേണ്ട ആദരം ലഭിച്ചില്ലെന്നും പുതുതലമുറ അദ്ദേഹത്തെ മറന്നു എന്നും തോന്നുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാജു.

യുവതലമുറ അഭിനേതാക്കള്‍ വേണു മരിച്ച സമയത്ത് വേണ്ട വിധത്തില്‍ ആദരം നല്‍കിയില്ലെന്ന് പറഞ്ഞ രാജു സമ്പൂര്‍ണ കലാകാരനായ അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കാത്തതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്.

”അദ്ദേഹം മരിച്ച സമയത്തെ യുവതലമുറയുടെ ഇടപെടല്‍ വളരെ കുറവായിരുന്നു. പ്രേംനസീര്‍ മരിച്ച സമയത്തൊക്കെ മലയാളസിനിമ മൊത്തം ഉണ്ടായിരുന്നു.

ഇവിടെ ആരും വന്നില്ല. വളരെ കുറച്ചു പേരെ വന്നുള്ളൂ. എങ്കിലും വേണുവിന് എല്ലാവരുമായും സൗഹൃദമുണ്ടായിരുന്നു.

അദ്ദേഹം മരിച്ച സമയത്ത് മമ്മൂട്ടി രാത്രി പത്തരയ്ക്ക് വന്നു. അത് കഴിഞ്ഞ് ഷൂട്ടിന് വേണ്ടി എറണാകുളത്തേക്ക് പോയി. മോഹന്‍ലാല്‍ എത്തിയപ്പൊപുലര്‍ച്ചെ രണ്ടരയായിരുന്നു.

അവര് പോലും വന്നു. അവര് വന്നപ്പൊ തന്നെ മുഴുവന്‍ ഇന്‍ഡസ്ട്രിയും വന്ന പോലെയാണ്. പക്ഷേ വരേണ്ട പലരും വന്നില്ല.

100 ശതമാനവും നാഷനല്‍ അവാര്‍ഡ് കിട്ടാന്‍ അര്‍ഹനായ നടന്‍ നെടുമുടി വേണുവാണ്. അദ്ദേഹത്തിന് ഇതുവരെ മികച്ച നടനുള്ള നാഷനല്‍ അവാര്‍ഡ് കിട്ടിയിട്ടില്ല. വേണു ഒരു സമ്പൂര്‍ണ കലാകാരനാണ്,” രാജു പറഞ്ഞു.

ഒക്ടോബര്‍ 11നായിരുന്നു നെടുമുടി വേണു അന്തരിച്ചത്.

സിനിമാസെറ്റുകളിലൊന്നും ഇപ്പോള്‍ പണ്ടത്തെ പോലത്തെ ആത്മബന്ധങ്ങളില്ലെന്നും എല്ലാവരും കാരവാന്‍ സംസ്‌കാരത്തിലേയ്ക്ക് ഒതുങ്ങിപ്പോയെന്നും മണിയന്‍പിള്ള രാജു അഭിമുഖത്തില്‍ പറയുന്നു.

”ഇപ്പോള്‍ പണ്ടത്തെ പോലെ ബന്ധങ്ങളൊന്നുമില്ല. മുമ്പ് ഒരു ഷോട്ട് കഴിഞ്ഞ് വന്നാല്‍ സെറ്റില്‍ മുഴുവന്‍ ചിരിയും ബഹളവും കോമഡിയുമാണ്. ഇപ്പോള്‍ അവനവന്റെ ഷോട്ട് കഴിഞ്ഞ് എല്ലാവരും കാരവനിലേയ്ക്ക് ഓടുകയാണ്. അതിനകത്താണ് അവരുടെ സ്വപ്‌നലോകവും സ്വര്‍ഗവുമൊക്കെ.

അതുകൊണ്ട് താഴേക്കിടയിലുള്ള സിനിമാപ്രവര്‍ത്തകരുമായോ മറ്റ് നടീനടന്മാരുമായോ അവര്‍ക്ക് ബന്ധമുണ്ടാകില്ല. നമുക്കൊക്കെ നല്ല ബന്ധമായിരുന്നു,” മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content highlight: ManiyanPilla Raju says Nedumudi Venu didn’t get enough respect from young generation actors

We use cookies to give you the best possible experience. Learn more