| Monday, 6th January 2025, 8:29 pm

അതുവരെയുണ്ടായിരുന്ന രീതികളില്‍ നിന്ന് വ്യത്യസ്തമായാണ് ആ നടന്‍ ഡബ്ബ് ചെയ്തത്, എനിക്ക് അതൊരു അത്ഭുതമായിരുന്നു: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് മണിയന്‍പിള്ള രാജു. നിര്‍മാതാവായും അഭിനേതാവായും അദ്ദേഹം ഇന്നും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള എന്ന ചിത്രത്തിന് ശേഷമാണ് സുധീര്‍ കുമാര്‍ എന്ന തന്റെ യഥാര്‍ത്ഥ നാമം മാറ്റി മണിയന്‍പിള്ള രാജു എന്ന പേര് അദ്ദേഹം സ്വീകരിക്കുന്നത്.

മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ കുതിരവട്ടം പപ്പുവിനെക്കുറിച്ച് സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു. നടനാകുന്നതിന് മുമ്പ് താന്‍ ഐ.വി. ശശിയുടെ സെറ്റിലെല്ലാം സ്ഥിരമായി പോകുമായിരുന്നെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. സിനിമയെപ്പറ്റി കൂടുതലായി അറിഞ്ഞത് ആ സമയത്തായിരുന്നെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.

ഡബ്ബിങ് സ്റ്റുഡിയോകളിലും താന്‍ പോകുമായിരുന്നെന്നും പല നടന്മാരുടെയും ഡബ്ബിങ് നോക്കി മനസിലാക്കുമായിരുന്നെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. എല്ലാ നടന്മാരും സ്‌ക്രിപ്റ്റിലെ ഡയലോഗ് അതുപോലെ പറഞ്ഞുപോകുന്നതായിരുന്നു പലപ്പോഴും പതിവെന്നും അതെല്ലാം താന്‍ ശ്രദ്ധിച്ചിരുന്നെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. ആ സമയത്താണ് കുതിരവട്ടം പപ്പുവിന്റെ ഡബ്ബിങ് കാണാനിടയായതെന്നും അന്നുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ ഡബ്ബിങ് രീതിയെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

ഒരു ആര്‍ട്ടിസ്റ്റിന്റെ ഡയലോഗുകള്‍ക്കിടയില്‍ ചെറിയൊരു ഗ്യാപ്പ് വന്നാല്‍ അവിടെ അദ്ദേഹം എന്തെങ്കിലും പ്രത്യേക ശബ്ദമുണ്ടാക്കുമായിരുന്നെന്നും സീനിനെ ലാഗില്ലാതെ നിര്‍ത്താന്‍ അത് സഹായിച്ചിരുന്നെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. താന്‍ വളരെയധികം അത്ഭുതത്തോടെയാണ് അത് കണ്ടതെന്നും അദ്ദേഹത്തിന്റെ രീതി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.

‘1970കളിലാണ് ഞാന്‍ മദ്രാസിലെത്തുന്നത്. നടനാകുന്നതിന് മുമ്പ് ഒരുപാട് അലഞ്ഞിട്ടുണ്ട്. ഐ.വി. ശശി സാറിന്റെ അസിസ്റ്റന്റായി ഇടക്ക് നിന്നിട്ടുണ്ടായിരുന്നു. സിനിമയെ കൂടുതല്‍ സീരിയസായി കണ്ടത് ആ സമയത്തായിരുന്നു. സെറ്റുകളിലും ഡബ്ബിങ് സ്റ്റുഡിയോകളിലുമൊക്കെ പോയി സിനിമയുടെ പ്രോസസ്സിനെപ്പറ്റി കൂടുതലായി മനസിലാക്കിയത് അപ്പോഴാണ്.

അന്നൊക്കെ ഡബ്ബിങ് പല നടന്മാരും കാര്യമാക്കി എടുത്തിട്ടുണ്ടായിരുന്നില്ല. വരും, ഡയലോഗ് പറയും, പോവും അതായിരുന്നു അവരുടെ ലൈന്‍. അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു പപ്പുച്ചേട്ടന്റെ ഡബ്ബിങ്. രണ്ട് പേര്‍ തമ്മിലുള്ള ഡയലോഗിനിടയില്‍ എന്തെങ്കിലും ഗ്യാപ്പ് വന്നാല്‍ പുള്ളി അവിടെ എന്തെങ്കിലും ശബ്ദമിടും. ഇല്ലെങ്കില്‍ ചിലപ്പോള്‍ ഓഡിയന്‍സിന് ലാഗ് ഫീല്‍ ചെയ്യാന്‍ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ ഇത്തരം കാര്യങ്ങള്‍ എനിക്ക് അത്ഭുതമായിരുന്നു. എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട് അതൊക്കെ,’ മണിയന്‍പിള്ള രാജു പറഞ്ഞു.

Content Highlight: Maniyanpilla Raju says Kuthiravattom Pappu’s dubbing influenced him

We use cookies to give you the best possible experience. Learn more