പ്രിയദര്‍ശന്‍ സിനിമകള്‍ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടവയാണ്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ നമ്മെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ഒരുപാട് സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതിലൊന്നാണ് മിന്നാരം.
ചിത്രത്തില്‍ നടന്‍ മണിയന്‍പിള്ള രാജു അതിഥി വേഷത്തിലെത്തുന്നുണ്ട്. മോഹന്‍ലാലിന്റെ സുഹൃത്തായ രാജുവിന്റെ കഥാപാത്രം സിനിമയില്‍ കുഞ്ഞിന്റെ പിതാവെന്ന വ്യാജേന എത്തുന്ന ‘കുഞ്ഞിന്റെ പേര് മല’ സീന്‍ മലയാളികള്‍ ഓര്‍ത്ത് ചിരിക്കുന്ന ഒന്നാണ്.
ആ സീനിന് പിന്നിലെ വിശേഷങ്ങള്‍ പറയുകയാണ് ഇപ്പോള്‍ മണിയന്‍പിള്ള രാജു. കാന്‍മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”എല്ലാവരും പറയുന്ന ഒരു സീനാണ് മിന്നാരത്തിലെ ‘കുഞ്ഞിന്റെ പേര് മല’ എന്ന് പറയുന്ന സീന്‍. ഇന്ത്യന്‍ കോമഡിയിലെ ഏറ്റവും നല്ല സീനാണ് അതെന്ന് പ്രിയന്‍ പറയും.
മിന്നാരത്തിന്റെ സെറ്റില്‍ ഒരു ദിവസം ചെല്ലുമ്പൊ, പ്രിയന്‍ അസിസ്റ്റന്റ് ഡയറക്ടറുടെ കൈയില്‍ നിന്നും പാഡും പേനയും വാങ്ങി, ഫേണ്‍ഹില്‍ പാലസിന്റെ തൂണില്‍ ചാരി നിന്ന് എഴുതുകയാണ്.
അസിസ്റ്റന്റ് ഡയറക്ടര്‍ മുരളി വന്നിട്ട്, ഷോട്ട് എടുക്കാനായി എന്ന് പറഞ്ഞു. ആ ട്രോളി ഷോട്ട് എടുത്താ മതി, ഞാന്‍ ദാ വരുന്നു എന്ന് പ്രിയന്‍ പറഞ്ഞു. അത് എഴുതിത്തീര്‍ത്തിട്ട് പുള്ളി എന്റെയടുത്ത് വന്ന് പറഞ്ഞു.
”എഡാ, നിന്നെ ഇത്രയും രൂപ തന്ന് ഞാന്‍ ബുക്ക് ചെയ്തിരിക്കുന്നത് ഈ ഒരൊറ്റ സീനിന് വേണ്ടിയാ. ഉച്ച കഴിഞ്ഞേ ഇത് എടുക്കൂ,” എന്ന്. അത് കഴിഞ്ഞ് മുരളിയോട് പറഞ്ഞു, ഒരു കോപ്പി എടുത്ത് അവന് കൊടുത്തേരെ, പഠിക്കട്ടെ ഡയലോഗ്. പ്രോംപ്റ്റിംഗ് ഒന്നും നടക്കൂല ഇവിടെ, എന്ന്.
ഞാന്‍ അത് എടുത്ത് വായിച്ചു, ദൈവമേ. വൈകുന്നേരം വരെയായിട്ടും എന്റെ സീന്‍ എടുത്തില്ല. മറ്റ് സീനുകള്‍ എടുത്തപ്പോഴേക്കും നേരം വൈകി. എന്റെ മനസില്‍ ലഡു പൊട്ടി.
രാത്രി റൂമില്‍ പോയി. രാത്രി മുഴുവന്‍ ഇത് ഇരുന്ന് പഠിക്കുകയായിരുന്നു. ഓരോ പ്രാവശ്യം ടോയ്‌ലറ്റില്‍ പോകുമ്പോഴും എണീറ്റ് ഇത് പഠിച്ചോണ്ടിരിക്കും.
പിറ്റേന്ന് രാവിലെ സെറ്റില്‍ ചെന്നു. എന്റെ കോമഡിയും ആള്‍ക്കാരുമായുണ്ടായിരുന്ന ജോളി മൂഡും ഒക്കെ നിന്നു. ഒരു മൂലയില്‍ ഒളിച്ചിരുന്ന് ഞാന്‍ ഈ സീന്‍ പഠിക്കുകയായിരുന്നു. ഉച്ചയായി, അന്നും ആ സീന്‍ എടുത്തില്ല.
3, 4 ദിവസം ഞാന്‍ റൂമില്‍ ഇരുന്ന് ഇത് പഠിച്ചു. അഞ്ചാമത്തെ ദിവസം പ്രിയനോട് ഞാന്‍ പോവുകയാണെന്ന് പറഞ്ഞു. എന്നെക്കൊണ്ട് ഉറങ്ങാനും പറ്റുന്നില്ല. ഇത് എടുത്ത് കഴിഞ്ഞാലേ സമാധാനം കിട്ടൂ, എന്ന് ഞാന്‍ പറഞ്ഞു.
ഈ രണ്ട് ഷോട്ട് കഴിഞ്ഞാല്‍ അടുത്തത് നിന്റെ സീന്‍ ആണെന്ന് പ്രിയന്‍ പറഞ്ഞു. ഒരു പത്തര ഒക്കെ ആയപ്പോ ആ സീന്‍ എടുത്തു. ആരുടേയും പ്രോംപ്റ്റിംഗ് ഇല്ലാതെ ഒറ്റ ടേക്കില്‍ ഓകെയായി. എല്ലാവരും ഭയങ്കര കൈയടി.
ഞാന്‍ നോക്കുമ്പൊ തിലകന്‍ ചേട്ടന്‍, ശോഭന, മോഹന്‍ലാല്‍ ഇത്രയും പേരുടെ മുന്നില്‍ എന്റെ ഫസ്റ്റ് ടേക്ക് ഓകെയായി. എല്ലാവരും സഹകരിച്ചു.
അത് കഴിഞ്ഞ് പ്രിയന്‍ പറഞ്ഞു. നീ നോക്കിക്കോ, തിയേറ്ററില്‍ ഹിലേറിയസ് സീനായിരിക്കും ഇത്. ഈ പടത്തിലെ ഏറ്റവും ഗംഭീര സീനാണിത്. അങ്ങനെ സംഭവിച്ചതാണ് ആ സീന്‍. എന്റെതായി ഒരു വാക്ക് പോലുമില്ല. എല്ലാം പ്രിയന്‍ എഴുതിയതാണ്,” മണിയന്‍പിള്ള രാജു പറഞ്ഞു.
1994ല്‍ പുറത്തിറങ്ങിയ മിന്നാരത്തില്‍ മോഹന്‍ലാല്‍, ശോഭന, തിലകന്‍, ജഗതി ശ്രീകുമാര്‍, വേണു നാഗവള്ളി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രം, താളവട്ടം, വന്ദനം, വെള്ളാനകളുടെ നാട് തുടങ്ങി നിരവധി പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ മണിയന്‍പിള്ള രാജു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Maniyanpilla Raju remembers the shooting of Minnaram movie with Priyadarshan