| Monday, 22nd November 2021, 4:47 pm

ഇല്ലെടാ എന്റേല്‍ അവസാനം ഉണ്ടായിരുന്ന 10 രൂപയാണ് ഞാന്‍ നിനക്ക് തന്നത്; അങ്ങനെയൊരാള്‍ മരിക്കുമ്പോള്‍ കരയാതിരിക്കാനാവുമോ; കൊച്ചിന്‍ ഹനീഫയുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെച്ച് മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കോമഡി താരങ്ങളാണ് കൊച്ചിന്‍ ഹനീഫയും മണിയന്‍പിള്ള രാജുവും.

കൊച്ചിന്‍ ഹനീഫയുമായുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചും, മുമ്പ് സിനിമയില്‍ ചാന്‍സ് തേടി നടന്നിരുന്ന സമയത്തെ അനുഭവങ്ങളും പങ്കുവെയ്ക്കുകയാണ് മണിയന്‍പിള്ള രാജു.

കാന്‍ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. കൊച്ചിന്‍ ഹനീഫ മരിച്ച സമയത്ത് മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് മണിയന്‍പിള്ള രാജു കരഞ്ഞ സംഭവത്തെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴാണ് താരം ഹനീഫയുമൊത്തുള്ള ഓര്‍മകള്‍ പറഞ്ഞത്.

”ചാന്‍സ് അന്വേഷിച്ച് ലോഡ്ജില്‍ താമസിക്കുന്ന സമയത്ത് അപ്പുറത്തെ മുറിയില്‍ ഹനീഫയുണ്ട്. ഞാന്‍ അന്നും കൃത്യമായി ഭക്ഷണം കഴിക്കും. പൈസ ഇല്ലാത്ത് കൊണ്ട് ചന്ദ്രമോഹന്‍ ഹോട്ടലില്‍ തമ്പി കണ്ണന്താനം അക്കൗണ്ടുണ്ടാക്കി തന്നിരുന്നു.

ഞാന്‍ രാവിലെ പോയി നാല് ഇഡ്ഡലി കഴിക്കും. 40, 50 പൈസ ഒക്കെയേ ആവൂ. നല്ല ഊണിന് ഒന്നര രൂപയാകും. ഞാന്‍ ഒരു രൂപയുടെ ജനത മീല്‍സാണ് കഴിച്ചിരുന്നത്, ഒരു കൂറ അലൂമിനിയം പാത്രത്തില്‍.

അത് നാണക്കേടായി തോന്നിയപ്പോള്‍ ഞാന്‍ ഊണ് നിര്‍ത്തി ഉച്ചയ്ക്കും ഇഡ്ഡലിയാക്കി.

ഹനീഫയുടെ ഭക്ഷണം പൊറോട്ടയായിരുന്നു. ഉച്ചയ്ക്ക് അഞ്ച് പൊറോട്ട വാങ്ങിക്കും. ഒരു ഡബിള്‍ ബുള്‍സൈയും. പുള്ളി ബ്രേക്ക്ഫാസ്റ്റും ലഞ്ചും ചേര്‍ത്ത് ബ്രഞ്ചാണ് കഴിച്ചിരുന്നത്. അന്നാണ് ഞാന്‍ ആ വാക്ക് കേള്‍ക്കുന്നത്.

ഒരിക്കല്‍ എനിക്ക് അക്കൗണ്ടുണ്ടായിരുന്ന ചന്ദ്രമോഹന്‍ ഹോട്ടല്‍ അടച്ചിട്ട സമയം വന്നു. എന്റെ കൈയില്‍ അഞ്ച് പൈസയില്ല. വിശപ്പും സഹിക്കാന്‍ വയ്യ. ഞാന്‍ ഹനീഫയുടെ അടുത്ത് ചെന്ന് ചോദിച്ചു, ഹനീഫാ എന്തെങ്കിലും പൈസയുണ്ടോ എനിക്ക് ഭക്ഷണം കഴിക്കാനാണ്, എന്ന്.

ഫനീഫ ഒരു ഖുര്‍ആന്റെ അകത്ത് നിന്ന് 10 രൂപ എടുത്ത് തന്നു. ഞാന്‍ പോയി ഭക്ഷണം കഴിച്ച് വന്നു. ഉച്ചഭക്ഷണം കഴിച്ച് തിരിച്ച് വന്നപ്പൊ ഹനീഫ അവിടെ ഉണ്ട്.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നില്ലേ എന്ന് ഞാന്‍ ഹനീഫയോട് ചോദിച്ചു. ഇന്നെന്തോ സുഖമില്ല, കഴിക്കുന്നില്ല എന്ന് പറഞ്ഞു. വൈകുന്നേരം കണ്ടപ്പോഴും ഞാന്‍ ചോദിച്ചു, ഒന്നും കഴിച്ചില്ലേ എന്ന്.

ഇല്ലെടാ, എന്റേല്‍ അവസാനം ഉണ്ടായിരുന്ന 10 രൂപയാണ് ഞാന്‍ തനിക്ക് എടുത്ത് തന്നത്, എന്ന് ഹനീഫ പറഞ്ഞു. അങ്ങനെയൊരാള്‍ മരിക്കുമ്പോള്‍ കരയാതിരിക്കാനാവുമോ,” മണിയന്‍പിള്ള രാജു പറയുന്നു.

തന്റെ 59ാം വയസില്‍, 2010 ഫെബ്രുവരി രണ്ടിനാണ് കൊച്ചിന്‍ ഹനീഫ മരിക്കുന്നത്. നടന് പുറമെ തിരക്കഥാകൃത്തായും സംവിധായകനായും അദ്ദേഹം സിനിമയില്‍ പ്രതിഭ തെളിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: ManiyanPilla Raju Remembers Kochin Haneefa

We use cookies to give you the best possible experience. Learn more