‘കൂടെവിടെ’ എന്ന ചിത്രം മലയാളികൾ ഒരിക്കലും മറക്കാത്ത പത്മരാജൻ ചിത്രങ്ങളിൽ ഒന്നാണ്. ഈ സിനിമ വൈകാരിക രംഗങ്ങൾകൊണ്ട് പ്രേക്ഷകരെ കീഴടക്കുകയും ഒപ്പം മലയാളത്തിന് റഹ്‌മാൻ എന്ന നടനെയും സമ്മാനിച്ചു. കൂടെവിടെ എന്ന ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് നടൻ മണിയൻ പിള്ള രാജു. ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ റഹ്‌മാൻ തന്റെ ഹൈസ്കൂൾ കാലഘട്ടത്തിൽ ആയിരുന്നെന്ന് മണിയൻപിള്ള രാജു പറഞ്ഞു. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാനും പത്മരാജൻ സാറും ഒരു ചെറിയ ആൺകുട്ടിയും കൂടി ‘കൂടെവിടെ’ എന്ന ചിത്രത്തിന് വേണ്ടി കോയമ്പത്തൂർക്ക് യാത്ര ചെയ്യുകയായിരുന്നു. ട്രെയിനിൽ ഇരുന്നപ്പോൾ പത്മരാജൻ സർ എനിക്ക് ചിത്രത്തിന്റെ സ്ക്രിപ്റ്റ് തന്നു. ഞാൻ അത് മുഴുവൻ വായിച്ചു. വളരെ മനോഹരമായ സ്ക്രിപ്റ്റ് ആയിരുന്നു അത്. കഥാപാത്രങ്ങൾ ചെയ്യുന്നത് മമ്മൂട്ടിയും, സുഹാസിനിയും, മറ്റൊന്ന് ഞങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന കുട്ടിയുമാണെന്ന് അദ്ദേഹം പറഞ്ഞു.
എനിക്ക് തുറന്ന് സംസാരിക്കുന്ന സ്വഭാവം ഉണ്ട്. ഈ കുട്ടി മിസ് കാസ്റ്റിങ് ആണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അതിന് കാരണം തിരക്കി. സുഹാസിനി ഈ കുട്ടിയുടെ കൂടെ നടന്നാൽ മമ്മൂട്ടിക്ക് ഒരു തെറ്റിദ്ധാരണ ഉണ്ടാകില്ല. പക്ഷെ അല്പം പൊടിമീശയൊക്കെയുള്ള ചെറുപ്പക്കാരൻ വന്നാലാണ് ഒരു അസൂയയൊക്കെ ഉണ്ടാകൂ എന്ന് ഞാൻ പറഞ്ഞു. ഒരു രണ്ട് മണിക്കൂർ കഴിഞ്ഞ അദ്ദേഹം കുറച്ച് ഫോട്ടോസ് ആയിട്ട് വന്നു. ഇന്ന് ഈ പയ്യന്റെ സ്കൂൾ അടച്ചതേയുള്ളൂ, നാളെ അവൻ പോകാനായിരിക്കുകയാണ്. രാജു അവനെ പോയി കാണണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.
ഞാൻ ചെന്നപ്പോൾ ജീൻസൊക്കെ ഇട്ട് ഒരു പയ്യൻ, അത്യാവശ്യം പൊടി മീശയൊക്കെ ഉണ്ട്. അത് റഹ്‌മാൻ ആയിരുന്നു. അവനെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു എങ്ങനെയുണ്ടെന്ന്, ഞാൻ പറഞ്ഞു ഇവന്റെ കൂടെ സുഹാസിനി നടന്നാൽ മമ്മൂട്ടി എന്തായാലും സംശയിക്കുമെന്ന്. അന്ന് അയാളെ ഫിക്സ് ചെയ്തു,’ അദ്ദേഹം പറഞ്ഞു.
റഹ്‌മാനുമൊത്തുള്ള ഷൂട്ടിങ് സെറ്റിൽ സഹപ്രവർത്തകരോട് തന്റെ പേരാണ് റഹ്‌മാൻ എന്ന് പറഞ്ഞിട്ടുണ്ടെന്നും മണിയൻ പിള്ള രാജു പറഞ്ഞു.
‘ ഒരു സിനിമയുടെ സെറ്റിൽ വെച്ച്, അന്യഭാഷാ നടിമാരോട് ഞാൻ ആണ് റഹ്‌മാൻ എന്ന് പറഞ്ഞിട്ടുണ്ട്. കാരണം ആ നടിമാർ അന്ന് റഹ്മാനെ കണ്ടിട്ട് ഹാൻഡ്‌സം എന്ന് വിളിച്ചു, കൂടാതെ അയാളുടെ പേര് എന്താണെന്ന് എന്നോട് ചോദിച്ചു. ഞാൻ റഹ്മാനെ ചൂണ്ടി കാണിച്ച് അയാളാണ് മണിയൻ പിള്ള രാജു എന്ന് പറഞ്ഞു. റഹ്‌മാൻ വന്ന് എന്നോട് ചോദിച്ചു എന്തിനാ അങ്ങനെ പറഞ്ഞതെന്ന്. അയാൾ അന്നും ഇന്നും കാണാൻ സുന്ദരനാണ്,’ രാജു പറഞ്ഞു.