| Thursday, 16th March 2023, 6:09 pm

പഴകിയ കിണ്ടിയും മൊന്തയുമൊക്കെ കൊണ്ടുകൊടുത്താല്‍ പൊന്നുംവിലക്ക് മോഹന്‍ലാല്‍ വാങ്ങും; ഇതയാള്‍ അറിയാഞ്ഞത് നന്നായി: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു വെള്ളാനകളുടെ നാട്. റിലീസ് ചെയ്ത് ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ചിത്രത്തിലെ പല സീനുകളും ഇപ്പോഴും ആഘോഷിക്കപ്പെടുന്നുണ്ട്. അങ്ങനെയൊരു സിനിമ സംഭവിക്കാനുണ്ടായ കാരണത്തെ കുറിച്ചും ഷൂട്ടിങ് ലൊക്കേഷനിലെ സംഭവങ്ങളെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ മണിയന്‍പിള്ള രാജു.

കൃത്യമായ ഒരു തിരക്കഥയില്ലാതെയാണ് സിനിമ ഷൂട്ട് ചെയ്യാന്‍ ഒരുങ്ങിയതെന്നും മറ്റൊരു സിനിമയുടെ തിരക്കിലായിരുന്ന ശ്രീനിവാസന്‍ ഫോണിലൂടെയാണ് പല സീനുകളും പറഞ്ഞ് കൊടുത്തതെന്നും ചിലപ്പോള്‍ തിരക്കഥയെഴുതി ലോറിയില്‍ അയക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇരുപത് ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ബാലന്‍.കെ. നായരടക്കമുള്ള താരനിരയുമായി മറ്റൊരു കഥയില്‍ ഷൂട്ടിങ് തുടങ്ങാന്‍ നാലു ദിവസം മാത്രമുള്ളപ്പോഴാണ് കഥ അത്ര പോരെന്ന് പ്രിയദര്‍ശന് തോന്നുന്നത്. അങ്ങനെയാണ് വെള്ളാനകളുടെ നാട് എന്ന സിനിമയുടെ കഥ മാറ്റിയെഴുതേണ്ടിവന്നത്. പുതിയ കഥ വേണമെന്ന് പ്രിയന്‍ ശ്രീനിവാസനോട് പറഞ്ഞു. ആ ദിവസം എല്ലാ താരങ്ങളും കോഴിക്കോട് മഹാറാണി ഹോട്ടലില്‍ എത്തിയിരുന്നു.

തുടര്‍ന്ന് ‘മാല്‍ഗുഡി ഡേയ്സ്’ എന്ന നോവലില്‍ ജപ്തി ചെയ്ത റോഡ് റോളര്‍ ആന വലിച്ചുകൊണ്ടുപോവുന്ന രംഗത്തെ അടിസ്ഥാനമാക്കി ഒരു കഥ വികസിപ്പിക്കാമോ എന്ന് ചോദിക്കുകയായിരുന്നു. എന്നാല്‍ അന്ന് ശ്രീനിവാസന്‍ മാത്രം ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. പൊന്‍മുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ തിരക്കുമായി ഗുരുവായൂരിലായിരുന്നു.

തുടര്‍ന്ന് ഓരോ ദിവസവും ചിത്രീകരിക്കേണ്ട സീനുകള്‍ തലേന്ന് രാത്രി മഹാറാണിയിലേക്ക് വിളിച്ച് ഫോണ്‍വഴി പറഞ്ഞ് കൊടുക്കുകായിരുന്നു. ഗുരുവായൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരുന്ന ലോറികളില്‍ ചില ദിവസം സീനുകളെഴുതിയ കടലാസ് കൊടുത്തയച്ചിട്ടുണ്ട്. എഴുതിപ്പൂര്‍ത്തിയാക്കിയ തിരക്കഥ പോലുമില്ലാതിരുന്നിട്ടും വെറും 20 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി.

കുതിരവട്ടം പപ്പുവും റോഡ് റോളറുമായുള്ള സീനുകള്‍ ചിത്രീകരിക്കാനായി ആയിരം രൂപ ദിവസവാടകക്കാണ് പി.ഡബ്ല്യു.ഡിയില്‍നിന്ന് റോഡ് റോളര്‍ എടുത്തത്. കോഴിക്കോട്ടുകാര്‍ നല്ലയാള്‍ക്കാരായതുകൊണ്ട് ചെന്ന് ചോദിച്ചപ്പോള്‍ തന്നെ ഈസ്റ്റ്ഹില്ലിലെ വീട് വിട്ടുനല്‍കി. മതിലിടിച്ച് പൊളിക്കാന്‍ അനുവദിച്ചത്. ഒറ്റ ടേക്കില്‍ ഈ രംഗം ചിത്രീകരിക്കാന്‍ രണ്ട് ക്യാമറ വെച്ച് ഷൂട്ട് ചെയ്യുകയായിരുന്നു.

റോഡ് റോളറിന്റെ ലേലത്തെക്കുറിച്ച് മോഹന്‍ലാല്‍ അറിയാഞ്ഞത് നന്നായെന്നും അദ്ദേഹം തമാശയായി പറഞ്ഞു. ” ആ റോഡ് റോളര്‍ ലേലം ചെയ്യുന്നത് മോഹന്‍ലാലറിയാത്തത് നന്നായി. പഴയ കിണ്ടിയും മൊന്തയുമൊക്കെ കൊണ്ടുക്കൊടുത്താല്‍ പൊന്നുംവിലയ്ക്ക് വാങ്ങുന്നയാളാണ്. ലാല്‍ അറിഞ്ഞെങ്കില്‍ ഓടിവന്ന് വാങ്ങിച്ചേനെ,’ മണിയന്‍പിള്ള രാജു പറഞ്ഞു.

content highlight: maniyanpilla raju about vellanakalude naadu movie

We use cookies to give you the best possible experience. Learn more