| Saturday, 18th May 2024, 8:34 am

ആ സിനിമയില്‍ ഫഹദ് വെറും രണ്ട് സീനിലേ ഉള്ളൂ, പക്ഷേ എന്ത് ഗംഭീരമായാണ് അയാള്‍ പെര്‍ഫോം ചെയ്തതെന്ന് ഞാന്‍ ഫാസിലിനെ വിളിച്ച് പറഞ്ഞു: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു ആക്ടറിന് അയാളുടെ ടാലന്റ് എന്താണെന്ന് കാണിക്കാന്‍ അധികം സീനുകളൊന്നും വേണ്ടെന്ന് മണിയന്‍പിള്ള രാജു. 100 സീനുകളുള്ള സിനിമയില്‍ ഒരു നടന്റെ ടാലന്റ് കാണിക്കാന്‍ അയാള്‍ 80 സീനുകളിലും വേണ്ടെന്നും ഒരൊറ്റ സീനില്‍ ഗംഭീര പ്രകടനം ചെയ്താല്‍ ആളുകള്‍ ഓര്‍ക്കുമെന്നും താരം പറഞ്ഞു. കോക്ടെയില്‍ എന്ന സിനിമയിലെ ഫഹദിന്റെ വേഷത്തെ ഉദാഹരണമാക്കിക്കൊണ്ടാണ് രാജു ഇക്കാര്യം പറഞ്ഞത്.

ആ സിനിമയില്‍ വെറും രണ്ട് സീനില്‍ മാത്രമേ ഫഹദ് ഉള്ളൂവെന്നും ആ സീനുകളില്‍ ഗംഭീര പെര്‍ഫോമന്‍സായിരുന്നു ഫഹദിന്റേതെന്നും രാജു പറഞ്ഞു. ആ പെര്‍ഫോമന്‍സ് കണ്ട് താന്‍ ഫാസിലിനെ വിളിച്ച് ഇക്കാര്യം പറഞ്ഞുവെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ഗു എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് മണിയന്‍പിള്ള രാജു ഇക്കാര്യം പറഞ്ഞത്. ചിത്രത്തിന്റെ നിര്‍മാതാവാണ് മണിയന്‍പിള്ള രാജു.

‘ഒരു ആര്‍ട്ടിസ്റ്റിന് ഗംഭീര പെര്‍ഫോമന്‍സ് ചെയ്യാന്‍ അധികം സീനുകള്‍ വേണമെന്നില്ല. 100 സീനുകളുള്ള സിനിമയില്‍ 80 സീനിലും ആ നടന്‍ ഉണ്ടെങ്കില്‍ പോലും അയാള്‍ക്ക് ഗംഭീരമായി പെര്‍ഫോം ചെയ്യാന്‍ കഴിയണമെന്നില്ല. ഒന്നോ രണ്ടോ സീനുകളില്‍ മാത്രം വന്ന് നല്ല പെര്‍ഫോമന്‍സ് ചെയ്ത നടന്മാരുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഫഹദ് ഫാസില്‍. കോക്ടെയില്‍ എന്ന സിനിമയില്‍ വെറും രണ്ട് സീനില്‍ മാത്രമേ ഷാനു വരുന്നുള്ളൂ. ആ രണ്ട് സീനില്‍ അയാള്‍ എന്ത് മനോഹരമായാണ് പെര്‍ഫോം ചെയ്തിട്ടുള്ളത്.

ആ സിനിമയിലെ ഫഹദിന്റെ പ്രകടനം കണ്ട് ഞാന്‍ ഫാസിലിനെ വിളിച്ച് ഈ കാര്യം പറഞ്ഞിട്ടുണ്ട്. അതുപോലെ ഇവിടം സ്വര്‍ഗമാണ് എന്ന സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച വക്കീല്‍ കഥാപാത്രം വളരെ കുറച്ച് സീനില്‍ മാത്രമേയുള്ളൂ. ക്ലൈമാക്‌സിലെ അമിക്കസ് ക്യൂറി എന്ന ഡയലോഗ് കാരണമാണ് ഇന്നും ആ കഥാപാത്രത്തെ ആളുകള്‍ ഓര്‍ക്കുന്നത്. അതുപോലെ മിന്നാരത്തിലെ ലാസറും ഒരു സീനില്‍ മാത്രമേ ഉള്ളൂ. ആളുകള്‍ ഇന്നും അത് രസിക്കുന്നുണ്ടല്ലോ,’ മണിയന്‍പിള്ള രാജു പറഞ്ഞു.

Content Highlight: Maniyanpilla Raju about the performance of Fahadh Faasil in Cocktail movie

We use cookies to give you the best possible experience. Learn more