മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മണിയന്‍പിള്ള രാജു. നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് അദ്ദേഹം. കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കുകയും 13 സിനിമകള്‍ നിര്‍മിക്കുകയും ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ എന്നിവരുടെ കൂടെ ചേര്‍ന്നാണ് ആദ്യചിത്രമായ ഹലോ മൈഡിയര്‍ റോങ് നമ്പര്‍ എന്ന ചിത്രം നിര്‍മിച്ചതെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. ചിത്രത്തിനായി മോഹന്‍ലാലും പ്രിയദര്‍ശനും പ്രതിഫലം വാങ്ങിയില്ലെന്നും ആ ചിത്രം സാമ്പത്തികമായി വലിയ വിജയം സ്വന്തമാക്കിയെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.
പിന്നീട് താന്‍ ഒറ്റയ്ക്ക് നിര്‍മിച്ച ചിത്രങ്ങളായിരുന്നു ഏയ് ഓട്ടോയും വെള്ളാനകളുടെ നാടുമെന്നും രണ്ട് ചിത്രങ്ങളും തനിക്ക് ലാഭം സമ്മാനിച്ചെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ഏയ് ഓട്ടോയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അനശ്വരം എന്ന ചിത്രം നിര്‍മിച്ചെന്നും എന്നാല്‍ ആ ചിത്രം സാമ്പത്തികമായി നഷ്ടമുണ്ടാക്കിയെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.
പിന്നീട് നിര്‍മാണത്തില്‍ നിന്ന് കുറച്ചുകാലം ഗ്യാപ്പെടുത്തെന്നും അതിന് ശേഷമാണ് കണ്ണെഴുതി പൊട്ടും തൊട്ട്, ചോട്ടാ മുംബൈ, അനന്തഭദ്രം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചതെന്നും മണിയന്‍പിള്ള രാജു പറയുന്നു. രണ്ടരക്കോടി രൂപക്കാണ് ചോട്ടാ മുംബൈ നിര്‍മിച്ചതെന്നും ആ സിനിമയും വലിയ വിജയമായി മാറിയെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.
‘ലാലും ഞാനും പ്രിയനും ചേര്‍ന്നാണ് ഹലോ മൈഡിയര്‍ റോങ് നമ്പര്‍ നിര്‍മിച്ചത്. 20 ദിവസം കൊണ്ടാണ് ആ പടം ഷൂട്ട് ചെയ്ത് തീര്‍ത്തത്. വലിയ വിജയം ആ പടം സ്വന്തമാക്കി. പിന്നീട് ഞാന്‍ ഒറ്റയ്ക്ക് പ്രൊഡ്യൂസ് ചെയ്ത പടങ്ങളാണ് വെള്ളാനകളുടെ നാടും ഏയ് ഓട്ടോയും. ആ രണ്ട് പടങ്ങളും ഹിറ്റായിരുന്നു. ഏയ് ഓട്ടോയ്ക്ക് ശേഷം മമ്മൂട്ടിയെ വെച്ച് ചെയ്ത പടമായിരുന്നു അനശ്വരം. പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ആദ്യത്തെ നഷ്ടമായിരുന്നു ആ പടം.
അതിന് ശേഷം നിര്‍മാണത്തില്‍ നിന്ന് കുറച്ച് വലിയൊരു ഗ്യാപ്പെടുത്തു. അതിന് ശേഷമാണ് കണ്ണെഴുതി പൊട്ടും തൊട്ട്, ചോട്ടാ മുംബൈ ഒക്കെ പ്രൊഡ്യൂസ് ചെയ്തത്. രണ്ടരക്കോടിക്കാണ് ചോട്ടാ മുംബൈ എടുത്തത്. അത് വളരെ വലിയൊരു വിജയമായി മാറി. അനന്തഭദ്രവും അതുപോലെ സാമ്പത്തിക വിജയം തന്ന സിനിമയായിരുന്നു,’ മണിയന്‍പിള്ള രാജു പറയുന്നു.
Content Highlight: Maniyanpilla Raju about the movies he produced