മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് സച്ചി. സച്ചി തന്റെ തുടക്കകാലത്ത് മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ മോഹന്‍ലാല്‍ തന്നെയാണ് അത് വേണ്ടെന്ന് പറഞ്ഞതെന്നും നടന്‍ മണിയന്‍പിള്ള രാജു പറഞ്ഞു.
മോഹന്‍ലാല്‍ ഗുസ്തി മാസ്റ്ററായും പൃഥ്വിരാജ് അദ്ദേഹത്തിന്റെ ശിഷ്യനായും വരുന്നതായിരുന്നു സച്ചിയും സംവിധായകന്‍ സേതുവും പറഞ്ഞ കഥ. എന്നാല്‍ അത് ക്ലീഷേയാണെന്നും വേറെ സിനിമ നോക്കാമെന്നുമാണ് ലാല്‍ പറഞ്ഞതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. മഹേഷും മാരുതിയും എന്ന പുതിയ സിനിമയുടെ റിലീസിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചോക്ലേറ്റ് സിനിമയുടെ കഥാതന്തു കേട്ടപ്പോള്‍ എനിക്ക് കുറച്ച് വ്യത്യസ്തത തോന്നി. വുമണ്‍സ് കോളേജില്‍ ഒരു ആണ്‍കുട്ടി മാത്രം പഠിക്കുന്നു. ആ കഥ കേട്ടപ്പോള്‍ ആ പയ്യന്‍ ഞാനായിരുന്നെങ്കില്‍ എന്നാണ് എനിക്ക് തോന്നിയത്. ആ ചിന്ത കൊള്ളാലോ നല്ലതാണല്ലോ എന്നും എനിക്ക് തോന്നി.
ഛോട്ടാ മുംബൈ സിനിമയുടെ ക്യാമറ മാനായിരുന്ന അഴകപ്പന്‍ സിനിമ കണ്ടിട്ട് എന്നോട് പറഞ്ഞു ഉഗ്രന്‍ സിനിമയാണെന്ന്. സിനിമയുടെ ഒരു ഫ്രെയിം പോലും ഞാന്‍ കണ്ടിട്ടില്ലായിരുന്നു. ഈ സിനിമകഴിഞ്ഞിട്ട് സച്ചിയോടും സേതുവിനോടും എന്നെയൊന്ന് വന്ന് കാണാന്‍ പറയണമെന്ന് ഞാന്‍ അഴകപ്പനോട് പറഞ്ഞു.
അടുത്തതായി ഒരു സിനിമ ചെയ്യുമ്പോള്‍ അത് എനിക്ക് വേണ്ടി ചെയ്യണമെന്ന് ഞാന്‍ അവരോട് പറഞ്ഞു. ചെയ്യാമെന്ന് മാത്രമാണ് അവര്‍ അന്ന് പറഞ്ഞത്. ആ സമയത്ത് ഛോട്ടാ മുംബൈയൊക്കെ ഇറങ്ങി നല്ലരീതിയില്‍ ഓടുന്നുണ്ടായിരുന്നു. അന്‍വര്‍ റഷീദാണ് എന്നോട് പറയുന്നത് സച്ചിയുടേയും സേതുവിന്റെയും കയ്യില്‍ നല്ലൊരു കഥയുണ്ട് അവരെകൊണ്ട് നമുക്ക് സിനിമ ചെയ്യിക്കാമെന്ന്.
അങ്ങനെ ഞാനും അന്‍വര്‍ റഷീദുമിരുന്ന് കഥ കേള്‍ക്കാന്‍ തുടങ്ങി. എത്ര കഥ കൊണ്ടുവന്നിട്ടും അന്‍വര്‍ റഷീദ് അതിനോട് അടുക്കുന്നില്ലായിരുന്നു. ഇവര്‍ രണ്ടുപേരും മോഹന്‍ലാലിനെ വെച്ച് ഒരു കഥയുണ്ടാക്കി. മോഹന്‍ലാല്‍ വലിയൊരു ഗുസ്തിക്കാരനും, പൃഥ്വിരാജ് അദ്ദേഹത്തിന്റെ അടുത്ത് ഗുസ്തി പഠിക്കാന്‍ ചെല്ലുന്നയാള്‍ എന്നൊക്കെയായിരുന്നു കഥ.
പിന്നെ ഹെലികോപ്റ്റര്‍ സംഘട്ടനം. ക്യാമറ ഒരെണ്ണം മുകളില്‍ വെക്കണം രണ്ടെണ്ണം താഴെ വെക്കണമെന്നൊക്കെയായിരുന്നു പറഞ്ഞത്. അത് കേട്ടപ്പോള്‍ തന്നെ ഞാന്‍ മോഹന്‍ലാലിനെയൊന്ന് നോക്കി. ഇതൊക്കെ ക്ലീഷെയാണ് നമുക്ക് വേറെയൊരു കഥ നോക്കാമെന്ന് മോഹന്‍ലാല്‍ അപ്പോള്‍ തന്നെ പറഞ്ഞു. അപ്പോഴാണ് എനിക്ക് ശ്വാസം നേരേ വീണത്,’ മണിയന്‍പിള്ള രാജു പറഞ്ഞു.
content highlight: maniyanpilla raju about sachy mohanlal movie