| Friday, 3rd February 2023, 9:15 am

എന്റെ വാക്ക് കേട്ട് പത്മരാജന്‍ ആ പയ്യനെ പറഞ്ഞുവിട്ട് റഹ്‌മാനെ കാസ്റ്റ് ചെയ്തു, പറഞ്ഞയച്ച ആളെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടു: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൂടെവിടെ എന്ന ചിത്രത്തില്‍ റഹ്‌മാന് മുമ്പ് മറ്റൊരാളെ കാസ്റ്റ് ചെയ്തിരുന്നു എന്ന് പറയുകയാണ് മണിയന്‍ പിള്ള രാജു. എന്നാല്‍ അദ്ദേഹത്തിന് അനുയോജ്യനായി തോന്നിയില്ലെന്ന് താന്‍ പത്മരാജനോട് പറഞ്ഞുവെന്നും പകരം പത്മരാജന്‍ റഹ്‌മാനെ കാസ്റ്റ് ചെയ്തുവെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. പറഞ്ഞയച്ച പയ്യനെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ട അനുഭവവും നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ മണിയന്‍ പിള്ള രാജു പറഞ്ഞു.

‘ഞാന്‍ സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചു നോക്കി. അതിഗംഭീര സ്‌ക്രിപ്റ്റ്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ചേട്ടാ സ്‌ക്രിപ്റ്റ് വായിച്ചു, ഗംഭീരമായിരുന്നു. ഇതില്‍ ഒരു പയ്യന്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞില്ലേ, ആ പയ്യനും സുഹാസിനിയും കൂടി നടന്നുവന്നാല്‍ മമ്മൂട്ടിക്ക് ഒരു സംശയവും തോന്നില്ല. കാരണം ഇവന്‍ പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന പയ്യനെപ്പോലെ ഇരിക്കുന്നു. അത്യാവശ്യം കുഴപ്പമുണ്ട്, സുഹാസിനിയുമായി ശാരീരികമായി ബന്ധമുണ്ട് എന്ന് തോന്നുന്ന ഒരു പയ്യന്‍ വന്നാലേ ആ റോളില്‍ നില്‍ക്കൂ. ഓ അങ്ങനെയാണോ അത് ശരിയെന്ന് പത്മരാജന്‍ പറഞ്ഞു.

പിറ്റേന്ന് രാവിലെ അദ്ദേഹം എന്നെ മറ്റൊരു പയ്യന്റെ ഫോട്ടോ കാണിച്ചു. ഫോട്ടോ കണ്ടാല്‍ മനസിലാകില്ലെന്ന് ഞാന്‍ പറഞ്ഞു. ആളിപ്പോ വരുമെന്ന് പത്മരാജന്‍ പറഞ്ഞു. അപ്പോള്‍ റെക്‌സ് സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് ഒരു പയ്യന്‍ ചെറിയ താടി ഒക്കെ വച്ച് നടന്നു വരുന്നു. ഇവന്‍ എങ്ങനെ ഉണ്ടെന്ന് പത്മരാജന്‍ ചേട്ടന്‍ ചോദിച്ചു. ഇവന്‍ സുഹാസിനിയോടൊപ്പം നടന്നാല്‍ തീര്‍ച്ചയായിട്ടും മമ്മൂട്ടി സംശയിക്കും, ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. പക്ഷേ മറ്റേ പയ്യനെ അങ്ങനെ തോന്നില്ലെന്ന് ഞാന്‍ പറഞ്ഞു.

മറ്റേ പയ്യന്‍ കോവളത്ത് ഉള്ള ഒരു ഹോട്ടല്‍ മുതലാളിയുടെ മകന്‍ ആയിരുന്നു. അവനെ അന്ന് പറഞ്ഞുവിട്ടു. അന്ന് വന്ന പയ്യനെ അഭിനയിപ്പിച്ചു. അതാണ് റഹ്‌മാന്‍. റഹ്‌മാന്‍ അതിന് വളരെ കറക്ട് കാസ്റ്റിങ് ആയിരുന്നു. മണിയന്‍ പിള്ള രാജു ഓര്‍ത്തെടുത്തു.

പത്തിരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഒരു തുണിക്കടയില്‍ ഡ്രസ്സ് എടുത്തുകൊണ്ടു നിന്നപ്പോള്‍ ഒരാള്‍ വന്നു പരിചയപ്പെട്ട് ഞാന്‍ ഇന്നയാളിന്റെ മകനാണ് എന്നു പറഞ്ഞു. അന്ന് അഭിനയിക്കാന്‍ വന്നതല്ലേ? ഞാനാണ് അന്നു പറഞ്ഞു മാറ്റി റഹ്‌മാനെ ആക്കിയത്, ഇയാള്‍ ആ റോളിന് ശരിയല്ലായിരുന്നുവെന്ന് ഞാന്‍ പറഞ്ഞു. ചേട്ടാ നല്ല കാര്യം. എന്റെ അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധം കൊണ്ടാണ് ഞാന്‍ അന്ന് അഭിനയിക്കാന്‍ വന്നത്, ചേട്ടന്‍ എന്നെ കട്ട് ചെയ്തത് വലിയ കാര്യമായി. ഞാനിപ്പോ ബിസിനസ് നോക്കി നടത്തുകയാണ്, എന്നാണ് അപ്പോള്‍ അയാള്‍ പറഞ്ഞത്,’ മണിയന്‍പിള്ള രാജു പറഞ്ഞു.

Content Highlight: maniyanpilla raju about rahman and koodevide movie

Latest Stories

We use cookies to give you the best possible experience. Learn more